ശശികലക്ക് ആത്മവിശ്വാസം നല്‍കുന്നത് സര്‍ക്കാര്‍ നിലപാട് : കെപിഎ മജീദ്

ശശികലക്ക് ആത്മവിശ്വാസം നല്‍കുന്നത് സര്‍ക്കാര്‍ നിലപാട് : കെപിഎ മജീദ്

കോഴിക്കോട്: എഴുത്തുകാരെ വകവരുത്തുമെന്ന തരത്തിലുള്ള പ്രസംഗം നടത്താന്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത് സര്‍ക്കാരിന്റെ പോലീസ് നയമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് ശശികല സമാനമായ പ്രകോപന പ്രസ്താവനകള്‍ നടത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച് രേഖാമൂലം നല്‍കിയ പരാതികളില്‍പോലും നടപടിയെടുക്കാന്‍ പൊലീസ് മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്കും ശശികലമാര്‍ക്കും ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന ആരോപണം ശക്തമായിട്ടും വാചകക്കസര്‍ത്തുകള്‍ക്ക് അപ്പുറം ആഭ്യന്തര വകുപ്പ് കൈകാര്യം കൈയാളുന്ന മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ ഇനിയും മടിക്കരുതെന്നും മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പറവൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് എഴുത്തുകാര്‍ക്കെതിരെ കെപി ശശികല ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത്. ഇതിനെതിരെ വിഡി സതീഷന്‍ എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ശശികലക്കെതിരെ നേരത്തെയും പരാതി നിലവിലുണ്ടെന്നും പോലീസ് നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

 

 

Sharing is caring!