കനോലി കനാല്‍ ശുചീകരണം; വി അബ്ദുറഹ്മാന്റെ പദ്ധതിയെ തിരുത്തി രണ്ടത്താണി
താനൂര്‍: കനോലി കനാലില്‍ മാലിന്യം നിറയുന്നുവെന്ന് വാര്‍ത്തകള്‍ക്കിടെ പരിഹാര നിര്‍ദേശവുമായി താനൂര്‍ മുന്‍ എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായി അബ്ദുറഹ്മാന് രണ്ടത്താണി. കനോലി കനാലില്‍ രൂക്ഷമായ മാലിന്യ പ്രശ്നമുണ്ടെന്നും, മാരകമായ രോഗങ്ങള്‍ തീരവാസികള്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടി അടുത്തയിടെ ‘ക്ലീന്‍ കനോലി’ എന്ന പേരില്‍ വി അബ്ദുറഹ്മാന് എം എല്‍ എയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതിനിടെയാണ് യു ഡി എഫ് സര്‍ക്കാര്‍ ആദ്യഘട്ടം പൂര്‍ത്തീകരിച്ച പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കിയാല്‍ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമെന്ന നിര്‍ദേശവുമായി അബ്ദുറഹ്മാന് രണ്ടാത്താണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കനോലി കനാലിലെ മണ്ണെടുത്ത് ആഴം കൂട്ടി ഇരുവശവും കെട്ടി മാലിന്യം നീക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എട്ടു കോടി രൂപ ചെലവില്‍ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയതുമാണ്. ഇതിനടുത്ത ഘട്ടമായി ഒട്ടുംപുറം വരെ പ്രവര്‍ത്തി നീട്ടുന്നത് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമാണ്. തുടര്‍ നടപടികളും ആരംഭിച്ചിരുന്നു. ഇതു പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചാല്‍ ഇപ്പോഴത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാമെന്നും കനാല്‍ ജല ഗതാഗതത്തിന് അടക്കം ഉപയോഗിക്കാമെന്നും അബ്ദുറഹ്മാന് രണ്ടത്താണി പറയുന്നു. ഇതോടൊപ്പം തന്നെ ഇരു കരകളിലും നടപ്പാതയും നിര്‍മിച്ച് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനും ആലോചിച്ചിരുന്നു. യു ഡി എഫ് തുടങ്ങിവെച്ച പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടികളുണ്ടാകണമെന്നും രണ്ടത്താണി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
റോബോര്‍ട്ടിനെ ഉപയോഗിച്ച് കനോലി കനാലിനെ ശുചീകരിക്കുന്ന പദ്ധതിക്ക് വി അബ്ദുറഹ്മാന് എം എല്‍ എയുടെ നേതൃത്വത്തില്‍ തുടക്കമിട്ടിട്ടുണ്ട്. റോബോട്ടുകളെ ഉപയോഗിച്ച് ഉപരിതല മാലിന്യവും ഇരുകരകളിലുമുള്ള കുളവാഴകളടക്കമുള്ള പാഴ്ച്ചെടികളും നീക്കം ചെയ്യും. ഇതോടൊപ്പം കണ്ടല്‍ക്കാടുകളും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി. തുടര്‍ന്ന് അടിത്തട്ടിലുള്ള മാലിന്യങ്ങളും നീക്കം ചെയ്യും. കൂടുതല്‍ മാലിന്യങ്ങള്‍ കനാലില്‍ എത്തുന്നത് തടയാനും എം എല്‍ എ വിഭാവനം ചെയ്ത പദ്ധതിയില്‍ സംവിധാനമുണ്ട്.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]