നാലുമാസത്തിനിടെ ജില്ലയില്‍ 155 ഭര്‍തൃപീഡന കേസുകള്‍

നാലുമാസത്തിനിടെ ജില്ലയില്‍ 155 ഭര്‍തൃപീഡന കേസുകള്‍

മലപ്പുറം ജില്ലയില്‍ ഭര്‍തൃപീഡന കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഏപ്രില്‍വരെയുള്ള നാലു മാസത്തിനിടെ ജില്ലയില്‍ 155 കേസുകളാണ് ഭര്‍തൃപീഡന കേസുകളായി പൊലിസ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തു ഭര്‍തൃപീഡന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതു മലപ്പുറത്തും കോഴിക്കോട്ടുമാണ്.

ഭര്‍ത്താവിനാലും ഭര്‍തൃ കുടുംബങ്ങളാലുമുള്ള പീഡനങ്ങളാണ് പൊലിസ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1,187 കേസുകളാണ് ദാമ്പത്യ കലഹങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

ജില്ലയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരേയുള്ള കേസുകളില്‍ മലപ്പുറം നാലാം സ്ഥാനത്താണുള്ളത്.

എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സ്ത്രീകള്‍ക്കെതിരേ കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്.
മലപ്പുറത്ത് 524 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 155 കേസുകളും ഭാര്യഭര്‍തൃപീഡനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
58 ബാലാത്സംഗ കേസുകളാണ് ജില്ലയില്‍ നാലു മാസത്തിനിടെയുണ്ടായത്.
സ്ത്രീകളെ ഉപദ്രവിച്ച സംഭവങ്ങളില്‍ 145 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Sharing is caring!