കണ്ണന്താനത്തെ പരിഹസിച്ച് എം സ്വരാജ് എംഎല്‍എ

കണ്ണന്താനത്തെ പരിഹസിച്ച് എം സ്വരാജ് എംഎല്‍എ

മലപ്പുറം: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഹസിച്ച് എം സ്വരാജ് എംഎല്‍എ. യേശുകൃസ്തുവിനെയും മോദിയെയും താരതമ്യപ്പെടുത്തിയ നടപടിയെയും ബീഫ് വിഷയത്തിലുള്ള നിലപാടിനെയും പരിഹസിച്ചാണ് എം സ്വരാജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്

കണ്ണന്താനത്തെ തെരഞ്ഞെടുത്തതില്‍ ആര്‍.എസ്.എസിന് തെറ്റിയിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചതായി എംഎല്‍എ പോസ്റ്റില്‍ പറയുന്നു. ആര്‍എസ്എസിന് പറ്റിയ ആളെ പ്രധാനമന്ത്രി തിരഞ്ഞ് പിടിച്ച് മന്ത്രിസഭയില്‍ എടുത്തതാണെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കണ്ണന്താനം കലക്കി ….!

ബീഫു കഴിക്കുന്നവർ അവരവരുടെ രാജ്യങ്ങളിൽ നിന്നും കഴിച്ചതിന് ശേഷം ഇന്ത്യയിലേക്ക് വന്നാൽ മതിയെന്ന് പുത്തൻ മന്ത്രി കണ്ണന്താനം.

ഇന്ത്യക്കാരായ ബീഫു കഴിക്കുന്നവരുടെ കാര്യത്തിൽ മന്ത്രി പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല .ഭാഗ്യം.

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്. ഭരണ നിയന്ത്രണം ആർ എസ് എസിനാണ് .
ആരും ഒന്നും വില കുറച്ചു കാണേണ്ടതില്ല. ആർ എസ് എസിന് പറ്റിയ ആളെത്തന്നെയാണ് പ്രധാന മന്ത്രി തിരഞ്ഞ് പിടിച്ച് മന്ത്രിസഭയിലെടുത്തത്. വഴിതെറ്റിയിട്ടില്ല, എത്തേണ്ടിടത്തു തന്നെയാണ് അൽഫോൻസ് കണ്ണന്താനം എത്തിച്ചേർന്നത്. ആർ എസ് എസിന്റ കണക്കുകൂട്ടൽ തെറ്റിയിട്ടില്ലെന്ന് തുടക്കത്തിലേ തന്നെ കണ്ണന്താനം തെളിയിച്ചു.

“മോദിക്കും യേശു ക്രിസ്തുവിനും ഒരേ സ്വപ്നമായിരുന്നു ” എന്നതാണ് ലഭ്യമായ ഒടുവിലത്തെ മന്ത്രി വചനം .  കണ്ണന്താനത്തിന് ഭയപ്പെടാനില്ല. യേശു ക്രിസ്തു ജീവിച്ചിരിപ്പില്ല.

 

 

Sharing is caring!