കുളിരായി മലപ്പുറം ‘മിനി ഊട്ടി’

കുളിരായി മലപ്പുറം ‘മിനി ഊട്ടി’

മലപ്പുറം: സന്ദര്‍ശകര്‍ക്ക് കുളിരായി മലപ്പുറം ‘മിനി ഊട്ടി’ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഓണം, പെരുന്നാള്‍ അവധിയോടനുബന്ധിച്ചു മലപ്പുറം മിനി ഊട്ടിയുടെ പ്രകൃതി മനോഹാര്യത ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. മേഖലയിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. പൂക്കോട്ടൂര്‍, ഊരകം, നെടിയിരുപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്ന് പോകുന്ന മിനി ഊട്ടി, ചെരുപ്പടി മല എന്നിവിടങ്ങളിലേക്കാണ് പെരുന്നാളും ഓണവും ഒന്നിച്ച് വന്നതോടെ ധാരാളം സന്ദര്‍ശകരെത്തിയത്.

പാറക്കൂട്ടങ്ങളും,കാട്ടരുവികളും, പാതയോരത്തും കുന്നിന്‍ ചെരുവുകളിലുമുള്ള ഹരിതാഭവുമാണ് വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. ഇടക്കിടെയുള്ള മഴയും മഞ്ഞുരുണ്ട കാലാവസ്ഥയും ഇവിടം മനോഹരമാക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെരാത്രിയിലെ ദൃശ്യവും ഇവിടത്തെ പ്രധാന കാഴ്ചയാണ്. പ്രദേശത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും കേട്ടറിഞ്ഞെത്തുന്നവരും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒഴിവ് ദിവസങ്ങളില്‍ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഇതര സംസ്ഥാനക്കാരും ഇവിടെ സ്ഥിരം സന്ദര്‍ശകരാണ്.

കരിങ്കല്‍ ക്വാറികളും ഉയര്‍ന്ന മലനിരകളും ഉള്‍ക്കൊള്ളുന്ന പ്രദേശത്തേക്കുള്ള റോഡുകളില്‍ വാഹനങ്ങളുമായി വരുന്ന സന്ദര്‍ശകരുടെ തിരക്ക് പലപ്പോഴും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. പൊതുജനങ്ങള്‍ രാത്രി സമയങ്ങളിലും പതിവായി വിശ്രമിക്കാന്‍ ഇവിടം എത്താറുണ്ട്. മുന്‍ വര്‍ഷത്തെതിനേക്കാള്‍ സന്ദര്‍ശകര്‍ ഇത്തവണ കൂടുതല്‍ എത്തിയിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാവുന്ന ഇവിടെ റോപ്പ് വേ സഞ്ചാരത്തിനും ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് തന്നെ ടൗണിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഏക പ്രകൃതി കേന്ദ്രമാണിത്.

പ്രദേശത്തേക്ക് കുടുംബ സമേതം സന്ദര്‍ശനത്തിന് എത്തുന്നവരുടെ തിരക്ക് കാരണം സുരക്ഷയൊരുക്കാന്‍ നിയമപാലകരും ജാഗ്രതപാലിക്കുന്നുണ്ട്.എന്നാല്‍ ഈ ഭാഗത്തേക്ക് വരുന്ന ചിലറോഡരികില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ട്.

വിജനമായ പ്രദേശമായതിനാല്‍ സാമൂഹ്യ ദ്രോഹികള്‍ വിലസുന്നത് തടയാന്‍ നൈറ്റ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്.
കൊണ്ടോട്ടി, വേങ്ങര പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രകൃതി സൗന്ദര്യ കേന്ദ്രം നിലകൊള്ളുന്നത്. ദേശീയപാതയില്‍നിന്ന് അരിമ്പ്ര, നെടിയിരിപ്പ്, പൂക്കോട്ടൂര്‍, ഊരകം, കുന്നുംപുറം ഭാഗത്തുനിന്ന് റോഡ് വഴിയാണ് സഞ്ചാരികളെത്തുന്നത്.

 

Sharing is caring!