വേങ്ങര തെരഞ്ഞെടുപ്പ്: വിജ്ഞാപനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കും

വേങ്ങര തെരഞ്ഞെടുപ്പ്: വിജ്ഞാപനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കും

വേങ്ങര: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഒരാഴ്ചയ്ക്കകം ഉണ്ടാവും. വിജ്ഞാപനം ഇറക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിങ് മെഷിനുകള്‍ എല്ലാം കഴിഞ്ഞ മാസം പരിശോധിച്ച് പ്രവര്‍ത്തന ക്ഷമത ഉറപ്പ് വരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നതിനായി മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ വിവരവും കഴിഞ്ഞ ദിവസം സ്വീകിരച്ചിരുന്നു.

മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും രാജിവെച്ചത്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഏപ്രില്‍ 25നാണ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവെച്ചത്. ഉപതെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ സീറ്റ് ഒഴിവ് വന്ന ആറ് മാസത്തിനകം നടത്തണമെന്നാണ് നിയമം. ഇതനുസരിച്ച് വേങ്ങരയിലേക്കുള്ള ഉപതരെഞ്ഞെടുപ്പ് ഒക്ടോബര്‍ 25നകം നടത്തണം. ഒക്ടോബര്‍ 25 വരെ സമയമുണ്ടെങ്കിലും ഈ മാസം അവസാനത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് കമ്മീഷന്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ അഡ്വ. പി.പി. ബഷീറിനെ തോല്‍പ്പിച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും വിജയിച്ചത്. മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും 40529 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗ് നേടിയത്.

 

Sharing is caring!