മലപ്പുറത്ത് നിന്ന് മാലപൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍

മലപ്പുറത്ത് നിന്ന് മാലപൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍

മലപ്പുറം: ബൈക്കിലെത്തി സ്ത്രീയുടെ മൂന്നുപവന്‍ മാല പൊട്ടിച്ചു രക്ഷപ്പെട്ട യുവാവിനെ മലപ്പുറം പോലീസിലെ സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കോട്ടയം പൊന്‍മല പാറത്തോട് ചാവരുപാറ സ്വദേശിയും മലപ്പുറം മൈലപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷിനുമോന്‍ (39) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം മലപ്പുറം കോട്ടക്കുന്നിലേക്കു വന്ന ഷിനുമോന്‍ രണ്ടു ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. തുടര്‍ന്നു ഭാര്യയെയും കുട്ടികളെയും കോട്ടക്കുന്നില്‍ ഇറക്കിയ ശേഷം ഇയാള്‍ വാറങ്കോട് എത്തി ബൈക്ക് നിര്‍ത്തി സമീപത്തെ പാടത്തേക്കിറങ്ങി ഒളിച്ചു നില്‍ക്കുകയായിരുന്നു.

ഇതിനിടെ ഇതുവഴിയെത്തിയ സ്ത്രീയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചു ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെപ്രാളത്തില്‍ താക്കോല്‍ എടുക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ ഓടിക്കൂടുമെന്നു ഭയന്ന പ്രതി ബൈക്ക് അവിടെ ഉപേക്ഷിച്ച് വയലിലൂടെ ഇറങ്ങിയോടുകയായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ മുകളില്‍ ധരിച്ചിരുന്ന ഷര്‍ട്ടഴിച്ചുമാറ്റി തോട്ടിലേക്കെറിഞ്ഞു മച്ചിങ്ങല്‍ ബൈപ്പാസിലെത്തി. ഇവിടെ നിന്നു ഓട്ടോ വിളിച്ചു വീണ്ടും കോട്ടക്കുന്നിലെത്തി.

തിരിച്ചു താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ ബൈക്ക് കാണാനില്ലെന്നു പറഞ്ഞു ഭാര്യയോടൊപ്പം മലപ്പുറം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തന്നെ സംശയിക്കാതിരിക്കാനും പോലീസിന്റെ അന്വേഷണം വഴി തിരിച്ചുവിടുകയുമായിരുന്നു ലക്ഷ്യം. ബൈക്ക് കോട്ടക്കുന്നില്‍ വച്ചാണ് മോഷണം പോയതെന്നാണ് പരാതി നല്‍കിയത്.

തുടര്‍ന്നു മലപ്പുറം സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ കള്ളക്കളി പൊളിയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിക്കും. മലപ്പുറം എസ്‌ഐ വി. കുഞ്ഞിമുഹമ്മദ്, എഎസ്‌ഐ സുനീഷ്‌കുമാര്‍, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍.എം അബ്ദുള്ള ബാബു, ശ്യാമ എന്നിവരാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.

 

Sharing is caring!