ഉരുള്‍പൊട്ടല്‍; തുടര്‍ നടപടികള്‍ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും

എടവണ്ണ: ഏറനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്ന് പി കെ ബഷീര്‍ എം എല്‍ എ. നാശനഷ്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന് മാത്രമായി ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മന്ത്രിയെ ബന്ധപ്പെടുകയായിരുന്നുവെന്ന് എം എല്‍ എ പറഞ്ഞു. ഇതുപ്രകാരം രണ്ടാഴ്ച്ചയ്ക്കകം മന്ത്രിയുടെ നേതൃത്വത്തില്‍ റവന്യൂ, പട്ടികവര്‍ഗ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് എം എല്‍ എ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ സ്ഥലത്തില്ലായിരുന്ന എം എല്‍ എ ഇന്നാണ് സ്ഥലം സന്ദര്‍ശിച്ചത്. പെരിന്തല്‍മണ്ണ ആര് ഡി ഒ ഡോ ജെ ആര് അരുണ്‍, ഏറനാട് തഹസില്‍ദാര്‍ കെ ദേവകി, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എ അഹമ്മദ്കുട്ടി, എടവണ്ണ വില്ലേജ് ഓഫിസര്‍, കൃഷി-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ് എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചത്. വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച രണ്ടു കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് വഴി സഹായം ലഭ്യമാക്കുമെന്ന് എം എല്‍ എ പറഞ്ഞു. രണ്ടു കുടുംബങ്ങള്‍ക്കുമായി 25,000 രൂപയുടെ സഹായം പി സീതിഹാജി ട്രസ്റ്റ് വഴിയും ലഭ്യമാക്കും. കിണറിടിഞ്ഞും മറ്റും നഷ്ടമുണ്ടായവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നാശനഷ്ടം ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കൃഷിനാശം സംഭവിച്ചവര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുണ്ടായ നാശനഷ്ടം ബോധ്യപ്പെടുത്തണം. നഷ്ടപരിഹാരം നല്കാന് ഇത് ആവശ്യമാണെന്ന് എം എല്‍ എ പറഞ്ഞു.
ജില്ലാ കലക്ടര്‍ അടുത്തയാഴ്ച സ്ഥലതെത്തുമ്പോള് ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് എം എല്‍ എ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ ചോലാര്‍ കോളനിയിലേക്കുളള റോഡ് പുനര്‍ നിര്‍മിക്കാന്‍ 5 കോടി രൂപയ്ക്ക് മുകളില്‍ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ 8.50 ലക്ഷം രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളതെന്ന് എം എല്‍ എ അറിയിച്ചു. ഇവര്‍ക്കുള്ള നഷ്ടപരിഹാരവും, റോഡ് നിര്‍മാണവും ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്