ഇന്ത്യക്കായി ബൂട്ട് കെട്ടാന്‍ മലപ്പുറത്തിന്റെ കൗമാര പ്രതിഭകള്‍

ഇന്ത്യക്കായി ബൂട്ട് കെട്ടാന്‍ മലപ്പുറത്തിന്റെ കൗമാര പ്രതിഭകള്‍

മലപ്പുറം: ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ സ്‌കൂള്‍ ഗെയിംസില്‍ രാജ്യത്തിനായി ബൂട്ട് കെട്ടാന്‍ മലപ്പുറത്തിന്റെ രണ്ട് പ്രതിഭകള്‍. ചേലേമ്പ്ര എന്‍എംഎച്ച്എസ്എസ് വിദ്യാര്‍ഥികളായ കെ സുധീഷും, ജുനൈനുമാണ് അണ്ടര്‍ 19 ടീമിനായി ഇറങ്ങുന്നത്. മത്സരത്തിനായി ഇരുവരും കഴിഞ്ഞ ദിവസം ഇറാനിലേക്ക് തിരിച്ചു. കേരളത്തില്‍ നിന്നും അഞ്ച് പേരാണ് ഇത്തവണ ഇന്ത്യന്‍ ടീമിലുള്ളത്.

കഴിഞ്ഞവര്‍ഷം അന്തമാനില്‍ നടന്ന നാഷനല്‍ സ്‌കൂള്‍ ഗെയിംസില്‍ രണ്ടാംസ്ഥാനം നേടിയ കേരള ടീമിലും ഇരുവരുമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ ഗോള്‍ നേട്ടവും മൊറയൂര്‍ അരിമ്പ്ര സ്വദേശി ജുനൈന്‍ സ്വന്തമാക്കിയിരുന്നു. എടരിക്കോട് സ്വദേശിയായ സുധീഷ് വൈഎസ്‌സി ക്ലബ്ബിന് കീഴിലാണ് കളി തുടങ്ങിയത്.

കായികാധ്യാപകന്‍ കെ മന്‍സൂറലിയാണ് ഇരുവരുടെയും പരിശീലകന്‍. ജില്ലയില്‍ മുമ്പും നിരവധി കളിക്കാരെ സംഭാവന ചെയ്ത സ്‌കൂള്‍ കൂടിയാണ് ചേലേമ്പ്ര എന്‍എംഎച്ച്എസ്എസ്. സ്‌കൂളിലെ ഷഹബാസ് അഹമ്മദ് അണ്ടര്‍ 16 ടീമിലിടം നേടിയിരുന്നു.

 

 

Sharing is caring!