തിരൂര്‍ ബിബിന്‍ വധം; ട്രാവല്‍ ഏജന്റ് അറസ്റ്റില്‍

തിരൂര്‍ ബിബിന്‍ വധം;  ട്രാവല്‍ ഏജന്റ് അറസ്റ്റില്‍

തിരൂര്‍: തിരൂര്‍ ബിബിന്‍ വധക്കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ട്രാവല്‍ ഏജന്റുമായ യുവാവ് അറസ്റ്റില്‍. കേസിലെ പത്താം പ്രതിയായ ചങ്ങരംകുളം കോക്കൂരിലെ കോഴിക്കര വളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഹസ്സന്‍ (26) ആണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതക സംഘത്തിലെ കുറ്റ കൃത്യം ചെയ്ത മൂന്നാം പ്രതി റഫീഖിന് സിം കാര്‍ഡ് എടുത്തു കൊടുത്തതിനാണ് അറസ്റ്റ്.ചങ്ങരംകുളത്ത് ഇയാള്‍ നടത്തിവന്നിരുന്ന ഷാ ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് സിം കാര്‍ഡ് എടുത്തു കൊടുത്തത്. കുറ്റകൃത്യം നടത്തിയവര്‍ക്ക് ട്രാവല്‍ ഓഫീസ് ഗൂഢാലോചനക്ക് സൗകര്യം ചെയ്തു കൊടുത്തു വെന്നും പോലീസ് കണ്ടെത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ടുപ്രതികളെ വീതം രണ്ടുതവണകളിലായാണു നാലുപേരെ നേരത്തെ അറസ്റ്റ്‌ചെയ്തത്.

വിബിന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരൂര്‍ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസാണു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
വിബിനെ വെട്ടി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ രാഷ്ട്രീയ താല്‍പര്യം കണക്കിലെടുത്ത് പോലീസും ആഭ്യന്തര വകുപ്പും ശ്രമിക്കുകയാണെന്നു കൃഷ്ണദാസ് ആരോപിച്ചു. ജിഹാദി ഭീകരതയുടേയും ചുകപ്പ് ഭീകരതയുടേയും സമ്മേളനത്തിന്റെ അനന്തരഫലമാണ് വിബിന്‍ വധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

എസ്.ഡി.പി.ഐയുടെ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്കും സി.പി.എമ്മിനും കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ട്. വിബിന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ഡി.വൈ.എഫ്.ഐയുടെ യോഗത്തില്‍ അതിന്റെ അഖിലേന്ത്യാ നേതാവ് വിബിന്‍ ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതിനു തെളിവുണ്ട്. ഗൂഢാലോചനയില്‍ ഈ നേതാവിനുള്ള പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിച്ചിട്ടില്ല. കേസന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടു പോയാല്‍ സി.പി.എമ്മും എസ്.ഡി.പി.ഐയും സംയുക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നു വ്യക്തമാവും. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി എന്ന നിലയിലാണ് പോലീസ് ഈ കൊലപാതകത്തെ ഉയര്‍ത്തിക്കാട്ടുന്നത്. വിബിനെ രണ്ടാം പ്രതിയാക്കിയതു തന്നെ ഫൈസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടതുകൊണ്ടല്ല. ഹിന്ദു സംഘടനാ പ്രവര്‍ത്തകനായതുകൊണ്ടാണ്. നിരപരാധിയായ വിബിനെ രണ്ടാം പ്രതിയാക്കിയതിലൂടെ ഈ കേസില്‍ പോലീസും പ്രതിസ്ഥാനത്താണ്.

ഫൈസല്‍ വധക്കേസിന്റെ അന്വേഷണത്തിന്റെ ഓരോ ഘട്ടവും പോലീസ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു കൊണ്ടിരുന്നിരുന്നു. ആര്‍.എസ്.എസ് കാര്യാല യം പല തവണ റെയിഡു ചെയ്തു. എന്നാല്‍ മതപരിവര്‍ത്തന കേന്ദ്രങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല. വിബിന്‍ വധം കേവലം ഒരു വൈരാഗ്യ ബുദ്ധ്യാ ഉണ്ടായതല്ല. കശ്മീര്‍ മോഡല്‍ കലാപത്തിന് മലപ്പുറം ജില്ലയിലെ ഹിന്ദുക്കള്‍ രയായിക്കൊണ്ടിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരൂരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ തടിയന്റെ വിട നസീറിന് അറിയുമായിരുന്നെന്ന് താനൂര്‍ ലക്ഷമണന്‍ വധക്കേസിലെ ഒരു പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതിനെ പിന്തുടര്‍ന്ന് അന്വേഷിച്ചിരുന്നെങ്കില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമായിരുന്നു. സമാന സംഭവമാണ് വിബിന്‍ വധവും, ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വാസു അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്.വിജയന്‍ ആര്‍.എസ്.എസ് നേതാവ് കെ.വി.രാമന്‍കുട്ടി, ബി.ജെ.പി.നേതാക്കളായ കെ.ജന ചന്ദ്രന്‍, രവി തേലത്ത്, കെ.നാരായണന്‍ പ്രസംഗിച്ചു. സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നിന്നാരംഭിച്ച പ്രകടനത്തിന് എം.കെ.ദേവീദാസന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബ, കെ.പ്രദീപ്, പി.പി.ഗണേശന്‍ മനോജ് പാറശ്ശേരി, നന്ദകുമാര്‍, എന്‍.അനില്‍കുമാര്‍, കറുകയില്‍ ശശി നേതൃത്വം നല്‍കി.

 

 

Sharing is caring!