മലപ്പുറം പാസ്സ്പോര്‍ട്ട് ഓഫീസ് പൂട്ടാന്‍ അനുവദിക്കില്ലെന്ന് യൂത്ത്‌ലീഗ്

മലപ്പുറം പാസ്സ്പോര്‍ട്ട് ഓഫീസ് പൂട്ടാന്‍ അനുവദിക്കില്ലെന്ന് യൂത്ത്‌ലീഗ്

മലപ്പുറം: മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പാസ്സ്പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടാനുള്ളഗൂഢ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകസമിതി യോഗം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളതും സജീവമായതുമായ പാസ്സ്പോര്‍ട്ട് ഓഫീസാണു മലപ്പുറത്തേത്.

യു.പി.എ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ ഇ. അഹമ്മദ് എം. പി. യുടെ ശ്രമഫലമായി ജില്ലക്കു ലഭിച്ച പാസ്സ്പോര്‍ട്ട് ഓഫീസ് തകര്‍ക്കാന്‍ പുതിയ സര്‍ക്കാരിന്റെ തുടക്കം മുതല്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇഫ്‌ലു യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്സ്, എയര്‍ ഇന്ത്യ റീജിയണല്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇല്ലായ്മ ചെയ്ത രീതിയില്‍ പാസ്സ്പോര്‍ട്ട് ഓഫീസ് തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ബഹുജന പങ്കാളിത്തത്തോടെ പ്രക്ഷോഭ പരിപാടികള്‍ക്ക് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും.

അസിസ്റ്റന്റ് പാസ്സ്പോര്‍ട്ട് ഓഫീസറുടെ തസ്തികയിലുള്ള സീനിയര്‍ സൂപ്രണ്ട് അടക്കം വിരമിച്ച ഒഴിവിലേക്ക് ഉടന്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പാസ്സ് പോര്‍ട്ട് ഓഫീസ് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് ഇന്‍ ചാര്‍ജ്ജ് ഷരീഫ് കുറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മായില്‍ പി. വയനാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് വി.കെ.എം. ഷാഫി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സുബൈര്‍ തങ്ങള്‍, എന്‍. കെ. അഫ്സല്‍ റഹ്മാന്‍, അമീര്‍ പാതാരി, ബാവ വിസപ്പടി പ്രസംഗിച്ചു.

 

Sharing is caring!