മതസൗഹാര്‍ദ സന്ദേശവുമായി മുസ്‌ലിം യുവ നേതാക്കളുടെ ക്ഷേത്ര സന്ദര്‍ശനം

മതസൗഹാര്‍ദ സന്ദേശവുമായി മുസ്‌ലിം യുവ  നേതാക്കളുടെ ക്ഷേത്ര സന്ദര്‍ശനം

തിരൂരങ്ങാടി: മതസൗഹാര്‍ദത്തിന്റെ മലപ്പുറം മാതൃക ഉയര്‍ത്തി മുസ്‌ലിം യുവജന സംഘടനാ നേതാക്കള്‍ ക്ഷേത്രങ്ങള്‍. കൊടിഞ്ഞി ഫൈസല്‍ വധക്കേസിന് ശേഷം നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ത്രൈമാസ മതസൗഹാര്‍ദ്ദ കാമ്പയിന്റെ ഭാഗമായായിരുന്നു ക്ഷേത്ര സന്ദര്‍ശനം. കഴിഞ്ഞ മാസം ക്ഷേത്രം, പള്ളി കമ്മിറ്റി ഭാരവഹാകളെ പങ്കെടുപ്പിച്ച് കാമ്പയിന്റെ ഭാഗമായി ഓണം, പെരുന്നാള്‍ സ്‌നേഹ വിരുന്ന് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നേതാക്കള്‍ കണ്ണന്തളി ശിവക്ഷേത്രവും നന്നമ്പ്ര വിഷ്ണു ക്ഷേത്രവും സന്ദര്‍ശിച്ചത്.

പടിഞ്ഞിറാട് ക്ഷേത്ര കമ്മിറ്റി ഭാരവാഹി ഗോപി പടിഞ്ഞിറാടിന്റെ വീട്ടില്‍ നിന്നും സദ്യ കഴിച്ചാണ് നേതാക്കള്‍ ക്ഷേത്രത്തിലെത്തിയത്. പിന്നീട് 1921ലെ സ്വാതന്ത്ര സമര ചരിത്രത്തിലും മറ്റും ഇടം നേടിയ പൂഴിക്കല്‍ തറവാടും നേതാക്കള്‍ സന്ദര്‍ശിച്ചു. ക്ഷേത്രത്തിലെത്തിയ നേതാക്കള്‍ക്ക് ഊഷ്മള സ്വീകരിണമാണ് ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും ചേര്‍ന്ന്  നല്‍കിയത്.

സന്ദര്‍ശനത്തിന് ശേഷം നന്നമ്പ്ര വിഷ്ണു ക്ഷേത്ര പരിസരത്ത് നടത്തിയ സൗഹൃദ സംഗമം മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാഫര്‍ പനയത്തില്‍ അധ്യക്ഷത വഹിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീന്‍ അഹ്‌സനി തങ്ങള്‍ കണ്ണന്തള്ളി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ.എ.ഐ അബ്ദുല്‍ മജീദ് സലാഹി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. വി.എം സാഫിര്‍, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ എന്നിവര്‍ മുഖ്യാതിഥികളായി.

വിഷ്ണു ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ചിറ്റയില്‍ ബാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി പള്ളേരി സുജിത്ത്, കോണ്‍ഗ്രസ് നേതാവ് കാച്ചിരി ഉണ്ണികൃഷ്ണന്‍, പൂഴിക്കല്‍ രാധാകൃഷ്ണന്‍, ക്ഷേത്ര പൂജാരി വിശ്വംഭരന്‍ ബട്ട്, കണ്ണന്തള്ളി ശിവ ക്ഷേത്ര പൂജാരി ആട്ടേരി മൂത്തേടത്ത് പരമേശ്വരന്‍ നമ്പൂതിരി, സെക്രട്ടറി കൃഷ്ണന്‍ നമ്പൂതിരി, ബാബു നമ്പൂതിരി, നാരായണന്‍ നമ്പീശന്‍, നാരായണന്‍ നായര്‍, തോട്ടത്തില്‍ രാജന്‍, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍, തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, എം മുഹമ്മദ് കുട്ടി മുന്‍ഷി, സി.കെ.എ റസാഖ്, കെ.കെ റസാഖ് ഹാജി, പച്ചായി ബാവ, പനയത്തില്‍ മുസ്തഫ, ഷമീര്‍ പൊറ്റാണിക്കല്‍ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് സ്വാഗതവും ജനറല്‍ സെക്രട്ടറി യു ഷാഫി നന്ദിയും പറഞ്ഞു.

സി ബാപ്പുട്ടി, ഹക്കീം മൂച്ചിക്കല്‍, മതാരി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, ഒടിയില്‍ പീച്ചു, കെ റഹീം മാസ്റ്റര്‍, കെ.കെ റഹീം, കെ അനസ്, അലി കല്ലത്താണി, കെ സൈതലവി, ഹുസൈന്‍ പനയത്തില്‍ നേതൃത്വം നല്‍കി

 

Sharing is caring!