മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ച്പൂട്ടാന്‍ നീക്കം

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ച്പൂട്ടാന്‍ നീക്കം

മലപ്പുറം: റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടാന്‍ വീണ്ടും നീക്കം. ഇതുസംബന്ധിച്ച് പത്ത് ദിവസത്തിനകം ഉത്തരവിറങ്ങുമെന്നാണ് വിവരം. മലപ്പുറം ഓഫീസിനെ കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ എണ്ണം കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് മലപ്പുറം ഓഫീസും പൂട്ടുന്നത്. ഒരു വര്‍ഷം മുമ്പ് 49 പേര്‍ ജോലി ചെയ്തിരുന്ന ഓഫീസിലിപ്പോള്‍ 24 പേരാണുള്ളത്. 19 പേരെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ള തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

 

ഓഫീസ് മാറ്റുന്നതിനായി ഒരു വര്‍ഷം മുമ്പ് നീക്കമുണ്ടായിരുന്നെങ്കിലും ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം കാരണം തീരുമാനം ഒഴിവാക്കുകയായിരുന്നു. മലപ്പുറം – കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ തമ്മില്‍ ദൂരം കുറവാണെന്നതും പൂട്ടാന്‍ കാരണമായി പറയുന്നുണ്ട്. രണ്ട് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ തമ്മില്‍ 100 കിലോമീറ്റര്‍ വ്യത്യസം വേണമെന്നാണ് നിയമം. മലപ്പുറം-കോഴിക്കോട് ഓഫീസുകള്‍ തമ്മില്‍ 60 കിലോമീറ്റര്‍ വ്യത്യാസമൊള്ളു. ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടകകെട്ടിടത്തിലാണെന്നതും മഞ്ചേരിയിലും തിരൂരും പോസ്റ്റ് വഴി അപേക്ഷ നല്‍കാന്‍ സൗകര്യമൊരുക്കുമെന്നതും ഓഫീസ് മാറ്റാന്‍ കാരണമായി പറയുന്നുണ്ട്. അപേക്ഷകര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് എത്തേണ്ട ആവശ്യം കുറവാണെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഓഫീസ് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജി. ശിവകുമാര്‍ പറഞ്ഞു.

രാജ്യത്തുതന്നെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്പോര്‍ട്ട് ഓഫിസാണ് മലപ്പുറത്തേതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2006 ഒഗസ്റ്റ് 28നാണ് മലപ്പുറത്ത് പാസ്പോര്‍്ട്ട് ഓഫിസ് സ്ഥാപിച്ചത്. ദിനംപ്രതി 1200 ഓളം അപേക്ഷകളാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസില്‍ ലഭിക്കുന്നത്. പ്രതിമാസം 22,000 പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. നേരത്തേ പാലക്കാട് ജില്ല കൂടി മലപ്പുറത്തിന്റെ പരിധിയിലായിരുന്നു. ഇത് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം വരുത്തിയതോടെ പാലക്കാട് ജില്ല എറണാകുളം പാസ്പോര്‍ട്ട് ഓഫിസിന് കീഴിലാക്കി വിഭജിക്കുകയായിരുന്നു. ഇതോടെ മലപ്പുറത്തെയും പാലക്കാട്ടെയും അപേക്ഷകര്‍ക്ക് അപേക്ഷ നല്‍കി 25 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതാണ് നിലയ്ക്കാന്‍ പോകുന്നത്. പാസ്പോര്‍ട്ട് അപേക്ഷക്കുപുറമെ പി.സി.സി, പാസ്പോര്‍ട്ട് പുതുക്കല്‍, ഇ.സി.എന്‍.ആര്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഏറെ അപേക്ഷകരെത്തുന്നത് മലപ്പുറത്താണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മികച്ച രണ്ടാമത്തെ ബി ഗ്രേഡ് പാസ്‌പോര്‍ട് ഓഫീസും മലപ്പുറത്തേതാണ്.

 

 

Sharing is caring!