പ്ലസ് റ്റു വിന് സിപ്ലസ് ; ഇന്ന് എംബിബിഎസ് ഡോക്ടര്‍

പ്ലസ് റ്റു വിന് സിപ്ലസ് ; ഇന്ന് എംബിബിഎസ് ഡോക്ടര്‍

നിലമ്പൂര്‍: പത്താംക്ലാസിലും പ്ലസ്റ്റുവിലും തിളക്കമില്ലാതെ വിജയിച്ച് എംബിബിഎസ് ഡോക്റ്ററായ കാളികാവ് സ്വദേശിനിയാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം. കാളികാവ് സ്വദേശിനി സീനത്ത് പാലപ്രയുടെ വിജയമാണ് സാമൂഹിക മാധ്യമം ആഘോഷിക്കുന്നത്. സഹോദരന്‍ റിയാസ് പാലപ്രയുടെ പോസ്റ്റിലൂടെയാണ് സീനത്തിന്റെ വിജയകഥ നാട്ടുകാരറിഞ്ഞത്.

ആത്മവിശ്വാസത്തിന്റെയും അര്‍പണബോധത്തിന്റെയും വിജയമാണ് സീനത്തിന്റേത്. പത്താംക്ലാസില്‍ രണ്ട് എ പ്ലസ് മാത്രമാണ് സീനത്തിന് ലഭിച്ചത് അതും അറബിക്കും മലയാളം സെക്കന്‍ഡിനും. അപേക്ഷിച്ച സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാത്തതിനാല്‍ അണ്‍എയ്ഡഡ് ആയാണ് പ്ലസ്റ്റു പഠിച്ചത്. പ്ലസ്റ്റുവിനും ശരാശരി മാര്‍ക്കില്‍ വിജയം. ആദ്യ വര്‍ഷം എന്‍ട്രന്‍സ് എഴുതിയെങ്കിലും മൈനസ് മാര്‍ക്ക് നേടി റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്തായി.

ടിടിസിക്ക് അഡ്മിഷന്‍ നേടാനായി ശ്രമിച്ചെങ്കിലും മാര്‍ക്കില്ലാത്തത് അവിടെയും പാരയായി. അങ്ങിനെയാണ് ബിഎസ് സി അഗ്രികള്‍ചര്‍ പഠിക്കുന്നതിനായി എന്‍ട്രന്‍സ് കോച്ചിങിന് പോകുന്നത്. മാര്‍ക്കില്ലാത്ത കുട്ടിയെന്ന സഹപാഠികളുടെയും അവരുടെ രക്ഷിതാക്കളുടെയും കളിയാക്കലാണ് മെഡിക്കല്‍ എന്‍ട്രന്‍സ് എന്ന കടമ്പ കടക്കാനായതെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്‍റെ അനിയത്തി MBBS പഠനം പൂര്‍ത്തിയാക്കി ഹൌസ് സര്‍ജന്‍സി കഴിഞ്ഞ് പുറത്തിറങ്ങി….. പ്രാര്ത്ഥിച്ചവര്‍ക്കും പ്രോത്സാഹനം നല്‍കിയവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി…..

SSLC, Plus Two പരീക്ഷകള്‍ക്ക് Full A+ നേടിയാലേ MBBS ന് അഡ്മിഷന്‍ ലഭിക്കൂ എന്ന ധാരണ തെറ്റിച്ചാണ് അവള്‍ MBBS ന് അഡ്മിഷന്‍ നേടിയത്…. SSLC ക്ക് 2 A+ ( അറബി, മലയാളം സെക്കന്‍റ്) മാത്രം നേടിയ അവള്‍ക്ക് 2 A യും, 2 B യും, 4 B+ മാണ് ലഭിച്ചത്…. അത് കൊണ്ട് തന്നെ സ്കൂളുകളിലൊന്നും Plus 2 ന് അഡ്മിഷന്‍ ലഭിച്ചിരുന്നില്ല….

പാരലല്‍ കോളേജില്‍ ഹ്യുമാനിറ്റീസിന് ചേരുവാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് അണ്‍ എയ്ഡഡ്‌ സ്കൂളില്‍ മാനേജ്സീമെന്‍റ് സീറ്റില് സയന്‍സിന് അഡ്മിഷന്‍ ലഭിച്ചത്…. ഒരുമാസക്കാലം സയന്‍സ് ഗ്രൂപ്പില് പഠനം നടത്തിയ അവള്‍ പഠന ഭാരം കാരണം ഹ്യുമാനിറ്റീസിലേക്ക് മാറുന്നതിന് ശ്രമം നടത്തുകയും എന്നാല്‍ അത് നടക്കാതെ വരികയും ചെയ്തതിനാല്‍ മാത്രം സയന്‍സ് ഗ്രൂപ്പില് പഠനം തുടരുകയായിരുന്നു.

പ്ലസ്ടുവിന് 1A+ ( Arabic) , 2 B+, 2B, 1 C+ എന്നിവ നേടി കഷ്ടിച്ച് വിജയം നേടിയെടുക്കുകയാണ് ചെയ്തത്. അതിന് ശേഷം TTC ക്ക് പല കോളേജുകളിലും അപേക്ഷ നല്‍കിയിരുന്നെങ്കിലും മാര്‍ക്ക് കുറവായതിനാല്‍ എവിടെയും സീറ്റ് ലഭിച്ചില്ല….

അങ്ങനെയിരിക്കുമ്പോള്‍ BSC അഗ്രികള്‍ച്ചറിന് സീറ്റ് ലഭിക്കുമോ എന്ന് പരീക്ഷണം നടത്തുന്നതിനായി മഞ്ചേരിയില്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസിന് ചേരുകയും ചെയ്തു. ഇത് കണ്ട് പലരും അവളെ നിരുത്സാഹപ്പെടുത്തുകയും കളിയാക്കുകയും ചെയ്തു … പ്ലസ് ടു വിന് കഷ്ടിച്ച് ജയിച്ച തനിക്ക് എങ്ങനെ എന്‍ട്രന്‍സിന് ഉയര്‍ന്ന റാങ്ക് നേടാനാകുമെന്നും വെറുതെ ഒരു കൊല്ലവും പണവും കളയാതെ ഡഗ്രിക്ക് ചേരുന്നതാണ് നല്ലെതെന്നും പലരും ഉപദേശിച്ചു. എന്നാല്‍ മറ്റുളളവരുടെ കളിയാക്കലുകളെ പോസിറ്റീവായി എടുത്ത് ഞാനൊരു മൃഗ ഡോക്ടെറെങ്കിലും ആകുമെന്ന് പ്രതിജ്ഞയെടുത്ത അവള്‍ അതിനായി കഠിന പരിശ്രമെ നടത്തുകയും എന്‍ട്രന്‍സിന് 1810 ആം റാങ്ക് നേടുകയും സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ MBBS ന് അഡ്മിഷന്‍ നേടുകയും ചെയ്തു.

ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ MBBS പാസ്സായി …അങ്ങനെ ടാപ്പിംഗ് തൊഴിലാളിയുടെ, Full A+ നേടാത്ത, ട്യൂഷന് പോകാത്ത, മലയാളം മീഡിയം ഗവ. സ്കൂളില്‍ പഠിച്ച, മകള്‍ ഡോക്ടറായി… ഇത് ഇവിടെ കുറിക്കുന്നത് മക്കള്‍ ഫുള്‍ A+ നേടണമെന്നും അങ്ങനെ അവരെ ഡോക്ടര്‍മാരാക്കണമെന്നും സ്വപ്നം കാണുകയും അത് നേടിയില്ലെങ്കില്‍ കുട്ടികളെ ചീത്ത പറയുകയും ചെയ്യുന്ന രക്ഷിതാക്കള്‍ക്കും , Full A+ ലഭിക്കാത്തത് കാരണം മെഡിക്കല്‍ മോഹം വഴിയിലുപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രജോദനമാകുമെന്ന പ്രതീക്ഷയോടെ ആണ്….

Plus 2 വിന് 50% മാര്‍ക്കും കഠിന പരിശ്രമം നടത്താനുളള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും എത്തി പിടിക്കാവുന്ന മേഖലയാണ് MBBS…

 

Sharing is caring!