തിരൂര്‍ വിബിന്‍ വധം; കൂടുതല്‍ പേര്‍ അറസ്റ്റിലാകും

തിരൂര്‍ വിബിന്‍ വധം;  കൂടുതല്‍ പേര്‍ അറസ്റ്റിലാകും

 

തിരൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിബിന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ പൊന്നാനി മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് പോലീസിന്റെ അപേക്ഷ പ്രകാരം ഇവരെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പെരിന്തല്ലൂര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍, പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍ എന്നിവരേയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കും മുമ്പ് പ്രതികളെ എടപ്പാളിലെത്തിച്ച് തെളിവെടുപ്പു നടത്തി. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട വിബിന്‍. ഈ കേസില്‍ അറസ്റ്റിലായവരെ വധിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി ഗൂഢാലോചന നടന്ന സ്ഥലങ്ങളിലൊന്ന് എടപ്പാളാണ്.

വിബിനെതിരെ നേരത്തേയും വധശ്രമമുണ്ടായിരുന്നു. ഫൈസല്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മറ്റു രണ്ടു പ്രതികള്‍ക്കെതിരേയും വധശ്രമമുണ്ടായി. വിബിന്‍ വധത്തിനു പിറ്റേ ദിവസം ഫൈസല്‍ വധക്കേസിലെ മറ്റൊരു പ്രതിയുടെ പേരെടുത്തു പറഞ്ഞ് ഇയാളേയും വധിക്കുമെന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

വിബിന്‍ വധക്കേസില്‍ ഇതിനകം 70 ഓളം പേരെ ചോദ്യം ചെയ്തു. മൂന്ന് ബൈക്കുകളിലായി ആറ് പേരാണ് കൃത്യം നടത്തിയത്. അറസ്റ്റിലായവരുടെ മൊഴി പ്രകാരം ഇവരെ തിരിച്ചറിഞ്ഞു. മുഴുവന്‍ പ്രതികളേയും ഉടനെ അറസ്റ്റ് ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രതികള്‍ പോലീസിന്റെ വലയിലായിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.

 

Sharing is caring!