മലപ്പുറത്തിന്റെ ഫെര്ഗൂസന്
ഫുട്ബാള്‍ പരിശീലകന് എന്നു കേട്ടാല്‍ തലമുടി നരച്ച, മുഖത്ത് ചുളിവ് വീണ ആള്‍രൂപമാകും മനസ്സില്‍ തെളിയുക. എന്നാല്‍, ഷാജിറുദ്ദീന്‍ കോപ്പിലാനെ കണ്ടാല്‍ മുന്‍ ധാരണയെല്ലാം തിരുത്തപ്പെടും. പ്രായാധിക്യംമൂലം കളിയോട് സലാം പറഞ്ഞ് കോച്ചിന്റെ കുപ്പായമിട്ടവരെ മാത്രം കണ്ടു ശീലിച്ചവര്‍ക്കിടയില്‍ യുവത്വം തുളുമ്പുന്ന ആ കാല്പന്തുകളി പരിശീലകന് ശ്രദ്ധേയനാണ്.ദേശീയതലം വരെ വളര്‍ന്ന മിടുക്കരായ ഒട്ടനവധി കളിക്കാരെ കാല്പന്തുകളിക്ക് സമ്മാനിച്ച ഷാജിറുദ്ദീന്‍ എന്ന പരിശീലകന് മലപ്പുറത്തെ, ഭാവി വാഗ്ദാനങ്ങളായ കുരുന്നുകളുടെ അനുഗ്രഹമാണ്.
മലപ്പുറം സോക്കര്‍ ക്ലബ്ബ് കോട്ടപ്പടി മൈതാനിയില്‍ സംഘടിപ്പിച്ച കോച്ചിംഗ് ക്യാമ്പിലൂടെയാണ് ഷാജിറുദ്ദീന്റെ ഫുട്ബാള്‍ പ്രവേശം.അന്ന് ഷാജിറുദ്ദീന്‍ പ്രായം പന്ത്രണ്ട് വയസ്സ്. ഇന്റര്‍നാഷനല്‍ മലപ്പുറം മൊയ്തീന് കുട്ടിയായിരുന്നു ക്യാമ്പിന്റെ പരിശീലകന്. ക്യാമ്പില്‍ മികവ് പുലര്‍ത്തിയ ഷാജിറുദ്ദീനെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു മാസത്തെ പരിശീലക ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. മലപ്പുറം ,തിരുവനന്തപുരം ക്യാമ്പുകളില്‍ നിന്നും നേടിയെടുത്ത കളി അടവുകളുമായി കുന്നുമ്മല്‍ ഫ്രെയ്സര്‍ ഹാള്‍ ടീമിനു വേണ്ടിയാണ് ഷാജിറുദ്ദീന്‍ ആദ്യം ജഴ്സിയണിഞ്ഞത്. ഫ്രെയ്സര്‍ ഹാള്‍ ജഴ്സിയില്‍ തിളങ്ങിയ ഷാജിറുദ്ദീനെ പിന്നിട് കണ്ടത് സോക്കര്‍ ക്ലബ്ബിന്റെ കുപ്പായത്തിലാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അസമില്‍ നടന്ന ദേശീയ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കളിച്ചിരുന്നു. ഒരിക്കല്‍ സംസ്ഥാന സീനിയര്‍ ഫുട്ബാളില്‍ മലപ്പുറം ജില്ലക്കും കളിച്ചു.
ചങ്ങനാശ്ശേരി എസ്.എം കോളേജില്‍ പഠിക്കുമ്പോള്‍ എം.ജി യൂനിവേഴ്സിറ്റിക്കു വേണ്ടി മൂന്നു വര്‍ഷം പന്ത് തട്ടി. മൂന്നാമത്തെ വര്‍ഷം യൂനിവേഴ്സിറ്റി ടീമിന്റെ നായകന് ഷാജിറുദ്ദീനായിരുന്നു. യൂനിവേഴ്സിറ്റി താരമായിരിക്കേ രണ്ട് വര്‍ഷം തിരുവനന്തപുരം ടൈറ്റാനിയത്തില്‍ അതിഥി വേഷത്തില്‍ കളിച്ചു.അതിനിടെ ബംഗ്ലുരു എം.ഇ.ജി (മിലിട്ടറി എന്‍ഞ്ചിനീയറിംഗ് ഗ്രൂപ്പ്) യില്‍ നിന്നും ക്ഷണമുണ്ടായി.എന്നാല്‍, ബംഗ്ലൂരുവിലേക്ക് പോകാന്‍ താല്പര്യം കാണിക്കാതിരുന്ന ഷാജിറുദ്ദീന്‍, ആ കാലത്തെ മികച്ച സംസ്ഥാന ടീമായിരുന്ന തിരുവനന്തപുരം കെ.എസ്.ഇ.ബി യില്‍ കളിക്കാന്‍ ധാരണയായി.അങ്ങിനെ തുടര്‍ച്ചയായി ആറു വര്‍ഷം കെ.എസ്.ഇ .ബി യുടെ കുപ്പായമിട്ടു.
ഷാജറുദീന് കളിച്ച കാലയളവിലാണ് കെ.എസ്. ഇ .ബി ചരിത്രത്തിലാദ്യമായി സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്മാരായത്. കെ.എസ്.ഇ.ബി.യില്‍ കളിച്ചു കൊണ്ടിരിക്കെ സന്തോഷ് ട്രോഫി കേരള കോച്ചിംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മങ്കട സുരേന്ദ്രനു ശേഷം കെ.എസ്.ഇ.ബി യില്‍ ശ്രദ്ധേയമായ കളി കാഴ്ചവെച്ച മറ്റൊരു മലപ്പുറത്തുകാരനാണ് ഷാജിറുദ്ദീന്‍.ആദ്യം ആക്രമണ നിരയില്‍ തിളങ്ങിയ താരം, പിന്നീട് പ്രതിരോധത്തിലേക്ക് പിന്‍വാങ്ങി. എന്നാല്‍, ഇരു നിരയിലും ആ യുവ ഫുട്ബാളര്‍ ഒരു പോലെ ശോഭിച്ചു .കളിക്കളത്തില്‍ വീറും വാശിയും വേണ്ടുവോളമുണ്ടായിരുന്ന കളിക്കാരനായിരുന്നു ഷാജിറുദീന്‍. അതു കൊണ്ടു തന്നെ തന്റെ ടീമിന് എത്രയോ മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ ആ കളിക്കാരനായി.കേരള താരങ്ങളായിരുന്ന എന്‍.വി. നെല്‍സണ്‍, ജസീര്‍ കരണത്ത്, പേട്ട രാജേഷ്, കെ.പി.നിസാര്‍, ടൈറ്റാനിയം ഹമീദ്, മാത്യൂ വര്‍ഗീസ് തുടങ്ങിയവരോടൊപ്പമെല്ലാം ഷാജിറുദ്ദീന്‍ കളിച്ചിട്ടുണ്ട്.
മുപ്പതാം വയസ്സിലാണ് സാജിറുദ്ദീന്‍ കളി നിറുത്തി കോച്ചാകുന്നത്. മലപ്പുറം ജില്ലാ ജൂനിയര്‍ ടീമിനും വിഷന്‍ ഇന്ത്യ ജില്ലാ ടീമിനുമായിരുന്നു ആദ്യ കാല പരിശീലനം. മഞ്ചേരി എന്‍.എസ്.എസ് കോളേജ് ടീമിന്റെ പരിശീലനം ഏറ്റെടുത്തതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന പരിശീലകന് എന്ന ഖ്യാതി നേടി ഷാജിറുദ്ദീന്‍ ശ്രദ്ധേയനായി.എന്‍.എസ്.എസ് കോളേജിനെ ഇന്റര്‍സോണിലും ‘ ഗോള്‍’ ടൂര്‍ണമെന്റിലും ജില്ലാ ‘ബി’ ഡിവിഷന് ലീഗിലും ചാമ്പ്യന്മാരാക്കി. മലപ്പുറത്ത് നടന്ന മലബാര്‍ പ്രീമിയര്‍ ലീഗില്‍ മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്സിനെ റണ്ണേഴ്സ് അപ്പാക്കുന്നതിലും ഷാജിറുദ്ദീന്‍ സഹകോച്ച് എന്ന നിലയില്‍ പങ്കുവഹിച്ചു. പ്രഥമ ജേണലിസ്റ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം പ്രസ്ക്ലബ്ബിനെ ചാംപ്യന്മാരാക്കിയതും ഷാറുദ്ദീന്റെ മിടുക്കാണ്. എന്നാല്‍, വിവിധ ചാമ്പ്യന്‍ഷിപ്പുകളിലെ നേട്ടങ്ങളേക്കാള്‍ ഇന്ത്യക്ക് പുറത്ത് പന്ത് തട്ടാനവസരം ലഭിച്ച ഒരു കൂട്ടം കളിക്കാരിലൂടെയാണ് ഷാജിറുദ്ദീന്‍ എന്ന കോച്ച് കാല്പന്തുകളി പ്രേമികളുടെ കണ്ണിലുണ്ണിയായത്. ആഷിക്ക് കുരുണിയന് (സ്പെയിന്) ,സുഫൈദലി (സ്കോട്ട്ലാന്റ്), ജിഷ്ണു ബാലകൃഷ്ണന് (അര്‍ജന്റീന), ഷെമീല്‍ വലിയങ്ങാടി (ഇംഗ്ലണ്ട് ), മഷ്ഹൂര്‍ ഷെരീഫ് (ചെന്നൈ സിറ്റി എഫ്.സി), ഷാനിദ് വാളന്‍ (ഒ.എന്‍.ജി.സി മുംബൈ) സഫ് വാന്‍ പള്ളിപ്പുറം (വിവ കേരള) തുടങ്ങിയവരെല്ലാം ഷാജിറുദ്ദീന്റെ മിടുക്കരായ ശിഷ്യരാണ്.
ഫുട്ബാളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെകളിക്കാരെ ചൂണ്ടിക്കാണിക്കാനുണ്ടാകും.എന്നാല്‍, വര്‍ത്തമാനകാലത്ത് ഈ നാടിന്റെ സന്തതിയായ ഫുട്ബാള്‍ പരിശീലകരെ പരതുകയാണെങ്കില്‍ ഒരേയൊരു സാജിറുദ്ദീനെ മാത്രമേ കണ്ടെത്താനാകൂ .അതും ഒരു യുവ പരിശീലകന്. കഠിനാധ്വനവും അര്‍പ്പണ മനോഭാവവുമാണ് ഷാജിറുദ്ദീന്‍ എന്ന പരിശീലകന്റെ വിജയരഹസ്യം.ഏതു പ്രതികൂല കാലാവസ്ഥയിലും കൂട്ടുമണ്ണ പോലീസ് മൈതാനിയില്‍ ഒരു കൂട്ടം കുട്ടികളോടത്ത് ഷാജിറുദ്ദീനെ കാണാനാകും. മുന്‍ സന്തോഷ് ട്രോഫി കോച്ച് ടി.എ.ജാഫര്‍, ഗീവര്‍ഗീസ് (ടൈറ്റാനിയം ), മലപ്പുറം മൊയ്തീന് കുട്ടി, കുഞ്ചിക്ക തുടങ്ങിയ പ്രഗത്ഭ കോച്ചുമാരില്‍ നിന്നും ലഭിച്ച പരിശീലനം ഒരുകളിക്കാരനിലുപരി ഒരു കോച്ചെന്ന നിലയിലാണ് ഷാജിറുദ്ദീനെ സ്വാധീനിച്ചിരിക്കുന്നത്. ശിഷ്യരുടെ കളി അഴക് കണ്ടാലറിയാം പരിശീലകന്റെ കോച്ചിംഗ് മിടുക്ക്.കെ.എസ്.ഇ.ബി മലപ്പുറം ഡിവിഷനില്‍ കാഷ്യറായ ഷാജറുദ്ദീനിപ്പോള് ഗോകുലം എഫ്.സിയുടെ അസിസ്റ്റന്റ് കോച്ചാണ്. കോപ്പിലാന്‍ കുടുംബാംഗമായ ഷാജിറുദ്ദീന്റെ പിതാവ് പരേതനായ മുഹമ്മദ് എന്ന കുഞ്ഞാനും സഹോദരന് ഷംസുദ്ദീനും (കെ.എസ്.ആര്.ടി.സി) സോക്കര്‍ ക്ലബ്ബിന്റെ ഗോള്‍കീപ്പര്‍മാരായിരുന്നു. സിറാജുദ്ദീന് (ജിദ്ദ) മറ്റൊരു സഹോദരനാണ്. മാതാവ്: ആമിന.ഭാര്യ: ഷൈമ. മക്കള്‍: ഷംന,ഷന്‍ഹ, ഷഹന്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]