ഈ മലപ്പുറം വേറെ ലെവലാണമ്മേ….മലപ്പുറത്തെ പുകഴ്ത്തിയൊരു കുറിപ്പ്

ഈ മലപ്പുറം വേറെ ലെവലാണമ്മേ….മലപ്പുറത്തെ പുകഴ്ത്തിയൊരു കുറിപ്പ്

മലപ്പുറം: ജില്ലയിലെ മതേതരത്വത്തെക്കുറിച്ചുള്ളൊരു കുറിപ്പാണ് മലപ്പുറത്തെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലാകുന്നത്. മലപ്പുറം ജില്ലയില്‍ ജോലി കിട്ടിയെത്തിയ ഒരധ്യാപകന്‍ അമ്മയ്ക്ക് അയക്കുന്ന കത്തിന്റെ രൂപത്തിലാണ് ലേഖനം. ഈ മലപ്പുറം ശരിയല്ലമ്മേ, എന്തൊരു വര്‍ഗീയതയാണിവിടെ എന്ന തലക്കെട്ടിലാണ് സലീം പടിഞ്ഞാറ്റുംമുറി കത്ത് തയ്യാറാക്കിയിരിക്കുന്നത്.

മലപ്പുറത്തിന്റെ മതസൗഹാര്‍ദവും, സ്‌നേഹവും പങ്കുവെക്കുന്നതാണ് കത്തിലെ സന്ദര്‍ഭങ്ങള്‍.

കത്തിന്റെ പൂര്‍ണരൂപം

‘പ്രിയപ്പെട്ട അമ്മയ്ക്ക്…,
കുറച്ചു ദിവസായി അമ്മയ്‌ക്കെഴുതണംന്ന് വിചാരിച്ചിട്ട്…
ഓണവും പെരുന്നാളുമൊക്കെയല്ലേ… അമ്മയ്‌ക്കൊരു കത്താവട്ടെ എന്നു കരുതി …
ഇക്കാലത്തും കത്തോ എന്ന് ചോദിച്ച് ദേവന്‍ മാഷ് കളിയാക്കുന്നുണ്ട് ..
മൂപ്പര്‍ക്കറിയില്ലല്ലോ അമ്മയ്ക്ക് ചെവി കേക്കില്ലാന്ന്..
എന്റമ്മേ.. ഈ മലപ്പുറം ഒട്ടും ശരിയല്ല….
എന്തൊരു വര്‍ഗ്ഗീയതയാണിവിടെ….
മലപ്പുറത്തേക്ക് സ്ഥലംമാറ്റം കിട്ടീന്നറിഞ്ഞപ്പം തൊട്ട് പേടിക്കണതല്ലേ അമ്മയും അമ്മാമയും സുരേഷുമൊക്കെ ….? സത്യം തന്നെയാ…
കേള്‍ക്കണോ ഓരോന്നും….? പറഞ്ഞു തരാം ….
മലപ്പുറം കുന്നുമ്മല്‍ ടൗണില്‍ വന്ന് ബസിറങ്ങിയതും ഡോറിന്റെ വക്കില്‍ തട്ടി കാല്‍ മുറിഞ്ഞു ചോര വരാന്‍ തുടങ്ങി.
‘എവടെ നോക്ക്യാടാ കയ്‌തേ ആളെ എറക്കണത്…? ‘
ഒരു പരുക്കന്‍ ശബ്ദം കേട്ട് തലയുയര്‍ത്തിയപ്പോള്‍ കണ്ടത് ശബ്ദത്തെക്കാള്‍ പരുക്കനായൊരു പോര്‍ട്ടറെ…!
‘മൂപ്പര് തട്ടി വീണതാ നാസര്‍ക്കാ … ‘
ചെക്കര്‍ പരുങ്ങുന്നത് കണ്ടു.
കാലില്‍ നിന്നും
രക്തം വരുന്നത് വകവെക്കാതെ പെട്ടി ഇറക്കാനൊരുങ്ങിയപ്പോള്‍ ‘മാറിനിക്കെ’ എന്ന് പറഞ്ഞയാള്‍ തള്ളി മാറ്റി..
‘ഈശ്വരാ… പോര്‍ട്ടര്‍മാരുടെ പിടിച്ചുപറിയോടെത്തന്നെ മലപ്പുറത്തിന്റെ മഹിമ തുടങ്ങിയല്ലോന്ന് മനസ്സിലോര്‍ത്തു.
‘എന്തത്ത് കുന്താണ് ഇതിലൊക്കെ…? ‘
പരുക്കന്‍ ചോദ്യം വീണ്ടും .
‘എന്റെ സാധനങ്ങള്‍ തന്നെയാ… ഇവിടെ സ്ഥലം മാറി വന്ന മാഷാ…’
‘ഓ …പസ്റ്റ് ……. സലിയേ… ‘
‘സലിയല്ല… എന്റെ പേര് ശ്രീകുമാര്‍ന്നാ…’
‘ഇങ്ങളെയല്ല. .. ‘
രൂക്ഷമായൊന്ന് നോക്കി .
‘ന്തേ …? ‘
ചുവന്ന തോര്‍ത്ത് തോളിലിട്ട മറ്റൊരു പോര്‍ട്ടര്‍ ഹാജരായി.
ഈശരാ..ഇറക്കുകൂലി ഇരട്ടിയായല്ലോയെന്ന് ഓര്‍ത്ത് രണ്ടെണ്ണത്തിനേയും മനസ്സില്‍ പ്രാക്രി.
‘ ഇന്ന് ഡോട്ടറ്‌ണ്ടോ…. ‘
‘ണ്ട്…ന്തേ ……?.’
‘ഇത് പുതിയ മാസ്റ്റാ… ചങ്ങായിന്റെ കാല് പഞ്ചറായി…
സലിം കാലിലേക്കൊന്ന് നോക്കി.
‘ ഏയ്… ഇത് ചെറ്ത് … ബാ മാസ്റ്റേ… നോക്കാം.. ‘
ഒന്നും മനസ്സിലാകാതെ അയാളെ നോക്കുമ്പോള്‍ സാധനങ്ങളൊക്കെ
കംഫര്‍ട്ട് സ്റ്റേഷനിലുള്ളവനെ സുരക്ഷിതമായി ഏല്‍പ്പിക്കുന്ന നാസറലിയോട് ഒരല്‍പ്പം ഭയത്തോടെ ചോദിച്ചു:
‘എത്രയാ …? ‘
‘എത്ത്…?’
‘ഇറക്കു കൂലി …? ‘
‘പോര്‍ട്ടര്‍മാരെ കജ്ജിന്റെ തയമ്പ് കണ്ടക്ക്‌ണോ ങ്ങള്… അടി കിട്ടണ്ടെങ്കി വേഗം വിട്ടോളിന്‍ ഓന്റൊപ്പം…’
അമ്പരപ്പ് മാറും മുമ്പെ സലിം കയ്യും പിടിച്ച് നടന്നു തുടങ്ങിയിരുന്നു.
ഡോക്ടറുടെ റൂമില്‍ അടുത്ത അത്ഭുതം..
ഒരു കുടുസ്സുമുറിയില്‍ ആണും പെണ്ണും കൂടിക്കലര്‍ന്ന് ആളുകളുടെ തിരക്ക് കാരണം ഡോക്ടറെ കാണുന്നില്ല.
ദൈവമേ.. ഈ തിരക്ക് തീര്‍ന്ന് എപ്പൊ രക്ഷപ്പെടും എന്ന് നിനച്ചിരിക്കവേ
ഒരു ചോദ്യം : ‘എന്തേ സലിയേ… ‘
ഡോകടര്‍ തല പൊക്കി നോക്കി.
‘ഇത് പുതിയ മാസ്റ്റാ… കാല് പഞ്ചറായി… ‘
‘ഇങ്ങട്ട് കൊണ്ടര് … എന്ന് ഡോക്ടര്‍.
തിരക്കിനിടയിലൂടെ ഡോക്ടര്‍ക്ക് മുമ്പിലെത്തുമ്പോള്‍ വീണ്ടും അത്ഭുതം..!
ഒരു വയസ്സനെ ബെഡില്‍ കിടത്തി സ്റ്റെതസ്‌കോപ്പ് നെഞ്ചത്ത് വെച്ചിട്ടുണ്ടെങ്കിലും നോട്ടം എന്റെ കാലിലേക്കാണ് …. !
പിന്നെ ഒന്നും പറയാതെ മേശപ്പുറത്തു നിന്നും ടെറ്റനസ്സിനുള്ള ഒരു ഇഞ്ചക്ഷനെടുത്ത് എന്നെ തിരിച്ചു നിര്‍ത്തി പാന്റ് താഴ്ത്തി ചന്തിയില്‍ താഴ്ത്തുമ്പോഴും സലിമിനോട് നാട്ടുവര്‍ത്തമാനങ്ങള്‍ പറയുന്നുണ്ട്.
‘ കയ്ഞ്ഞു… ഇത്രേയുള്ളൂ….ബാ.. മാസ്റ്റേ….. ‘
സലിം വിളിച്ചപ്പോള്‍ കാശു കൊടുക്കാന്‍ കീശയില്‍ കയ്യിടുന്നതു കണ്ട് തടഞ്ഞു കൊണ്ട് ഡോക്ടര്‍: … ‘
‘ആവൂ… ഒര് പൈസക്കാരന്‍ വന്നക്ക്ണൂ …..
പിന്നെ ചുമലില്‍ തട്ടിക്കൊണ്ട് സ്‌നേഹത്തോടെ:-
ഇങ്ങളെ കായി കിട്ടീലെങ്കിലും ഞമ്മള് ഇവടെണ്ടാകും മാഷേ….. പൊയ്‌ക്കോളീ… ‘
ഇതെന്തു ഡോക്ടര്‍ എന്ന ചിന്തിച്ച് തിരിഞ്ഞ് നടക്കുമ്പോള്‍ പിന്നില്‍ ഡോക്ടറുടെ ശകാരം കേട്ട് തല പൊക്കി നോക്കി.
ഒരു അമ്മച്ചിയോടാണ്.
‘ഇളിക്കണ്ട…എയ്തിത്തന്ന മര്ന്ന് മുയ്വന്‍ വാങ്ങി കുടിക്കാതെ വന്നക്ക്ണു തള്ള പിന്നേം…. കായിണ്ടാകൂലല്ലേ …ഒരൊറ്റ ഒന്ന് തന്നാല്ണ്ടല്ലോ…’
മരുന്നെഴുതിക്കൊടുത്ത് അതേ ശീട്ടില്‍ സ്വന്തം കീശയില്‍ നിന്നും കുറച്ച് നോട്ടു വാരി ചുരുട്ടിക്കൊടുത്ത ശേഷം :
‘ ഞ്ഞി മരുന്ന് മുയ്വന്‍ കുടിക്കാതെ ശ്വാസം മുട്ടല്ന്നും പറഞ്ഞ് വന്നാ കൊല്ലും ഞാന് …പൊയ്‌ക്കോ…..’
അതു വരെ റൂമിലെ തിരക്കില്‍ തലയുയര്‍ന്നു കാണാത്ത മലപ്പുറത്തു കാരുടെ ആയുസ്സു വീണ്ടും വീണ്ടും നീട്ടിക്കൊടുക്കുന്ന അവരുടെ പ്രിയപ്പെട്ട ‘അയ്ദര്‍മാനെ’ന്ന ഡോക്ടര്‍ അബ്ദുറഹ്മാന്റെ ശിരസ്സ് ഈ പ്രപഞ്ചത്തെക്കാളും ഉയരത്തില്‍ നില്‍ക്കുന്നതായി തോന്നി..
ആ മനുഷ്യ സ്റ്റേഹിയെ മനസ്സില്‍ നമസ്‌കരിച്ചു കൊണ്ട് സലിമിനോടൊപ്പം തിരിച്ചിറങ്ങി.
ബാഗുകള്‍ കംഫര്‍ട്ട് സ്റ്റേഷനില്‍ ഭദ്രമായുണ്ടായിരുന്നു.
അത് ചുമലിലിട്ട് തിരിഞ്ഞ് സലിമിനെ നോക്കുമ്പോഴേക്കും അയാള്‍ മലപ്പുറത്തിന്റെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു…
പറഞ്ഞ് പറഞ്ഞ് കത്ത് ഒരു കഥാരൂപത്തിലായോ അമ്മേ….?
അമ്മയ്ക്ക് ബോറടിച്ചോ…?
ഇനിയുമുണ്ടമ്മേ മലപ്പുറത്തെ ഭീകരന്‍മാരുടെയും വര്‍ഗ്ഗീയ വാദികളുടെയും വിശേഷങ്ങളൊരുപാട്….
ഞാന്‍ താമസിക്കുന്ന വീടിന്റെ ഓണര്‍ ആമിനുമ്മയെ ക്കുറിച്ചു പറഞ്ഞിരുന്നില്ലേ അമ്മേ…?
ഇന്നലെ വയറു നിറച്ചും ചീത്ത കിട്ടി എനിക്ക്.
തലയില്‍ എണ്ണയിടാതെ കുളിച്ച് ജലദോഷം വരുത്തീന്നും പറഞ്ഞ് പിടിച്ചു വച്ച് നെറുകെയില്‍ രാസ്‌നാദിപ്പൊടി തിരുമ്മിത്തന്നപ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ത്തു ….!

സങ്കടപ്പെട്ട് നില്‍ക്കവേ ഒരു കന്നാസ് നിറയെ നാടന്‍ കൊപ്ര ആട്ടിയ വെളിച്ചെണ്ണ കൊണ്ടു തന്നു.
രണ്ടു ദിവസം മുമ്പ് മതസൗഹാര്‍ദ്ദ കലോത്സവത്തിന് പിരിവു ചോദിച്ച് വന്നവരെ കണ്ട് കൂട്ടുകാരിയോട് ചോദിക്കുന്നത് കേട്ടു
‘അല്ല കാള്യേ…. എന്തത്താ ഈ മതസൗഹാര്‍ദം ….?
ശരിയാ … മതത്തിന് അതിര്‍വരമ്പിടുന്നവര്‍ക്കല്ലേ മതസൗഹാര്‍ദ്ദത്തെക്കുറിച്ചറിയേണ്ടതുള്ളൂ..
പിന്നെ അമ്മേ… എനിക്കീ വീട് ശരിപ്പെടുത്തിത്തന്ന ജോസേട്ടനില്ലേ…?
മൂപ്പരുടെ കൊച്ചുമോള്‍ടെ ഓപ്പറേഷനായിരുന്നു മിനിഞ്ഞാന്ന്..!
ഞങ്ങടെ പൊന്നോമനക്കുട്ടിയാണവള്‍.
അവളെ കീറിമുറിക്കുമ്പോള്‍ വേദനിപ്പിക്കല്ലേയെന്ന് ഈ നാട് മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
‘എടാ ജോസേ… ഞമ്മക്കൊര് നിസ്‌ക്കാരപ്പായ കൊണ്ടാന്നും പറഞ്ഞ് നെഞ്ചു തിരുമ്മിക്കൊണ്ട് കേറി വന്ന് ആശുപത്രിമുറിയില്‍ ഒരു നിസ്‌കാരപ്പായയിലിരുന്ന് ഓപ്പറേഷന്‍ തീരുവോളം കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന, ജോസേട്ടന്റെ കൂട്ടുകാരന്‍ അബ്ദുക്കയെ കണ്ടപ്പോള്‍ ആ കാലില്‍ വീണ് നമസ്‌കരിക്കാന്‍ തോന്നിപ്പോയി അമ്മേ…
ഇതിലൊന്നും എവിടെയും കണ്ടില്ലല്ലോ അമ്മേ സുരേഷും അമ്മാമയും പറഞ്ഞ വര്‍ഗ്ഗീയ വാദികള്‍.
സത്യത്തില്‍ ഇവിടെ മതങ്ങളില്ലമ്മേ …
അമ്പലങ്ങളിലും പള്ളികളിലും ചര്‍ച്ചിലും പോയി സങ്കടങ്ങളിറക്കി വെച്ച് കരഞ്ഞ് കുമ്പിടുന്ന പാവം മനുഷ്യരേയുള്ളൂ…
അമ്മയ്ക്ക് കേള്‍ക്കണോ…
നമ്മുടെ റേഷന്‍ കാര്‍ഡിനെക്കാള്‍ വിലമതിക്കുന്ന ഒരു കാര്‍ഡുണ്ടിവര്‍ക്ക്.. ജാതിയുടെ കോളമില്ലാത്ത ആ കാര്‍ഡുമായി വരിനില്‍ക്കുന്ന നാനാജാതിക്കാരേയും കണ്ടു ഒരു ദിവസം മൂന്നാക്കല്‍ പള്ളിയുടെ മുമ്പിലൂടെ പോയപ്പോള്‍ .
അവിടന്ന് നേര്‍ച്ചയായി അരി കിട്ടുമ്പോള്‍ അരി വില കൂടുന്നതിനെക്കുറിച്ച് ആര്‍ക്കുമൊരു വേവലാതിയേയില്ല.
വര്‍ഗ്ഗീയത പറയുന്ന ഒരുത്തനെയും ഞാനീ മലപ്പുറത്ത് ഇതുവരെ കണ്ടില്ലമ്മേ ..
പിന്നെ ആരാണീ പറഞ്ഞുണ്ടാക്കിയതെന്നറിയില്ല…..
എന്നു വച്ച് ഇവരത്ര നല്ല ആളുകളൊന്നുമല്ലട്ടോ….
ഇടയ്ക്ക് നല്ല ഉഗ്രന്‍ അടിയും വഴക്കും ഉണ്ടാക്കും.
എന്തിനെന്നോ…? നിസ്‌കാരക്കുപ്പായത്തിന്റേയും കാവിത്തുണിയുടെയും പേരിലൊന്നുമല്ല.
എവിടെയോ കിടക്കുന്ന ബ്രസീലിന്റേയും അര്‍ജന്റീനയുടെയും പേരില്‍ .
നല്ല മുട്ടന്‍ വഴക്കും അടിയും കഴിഞ്ഞ് ക്ഷീണിച്ചാല്‍ തൊട്ടപ്പുറത്തെ ചെമ്പില്‍ കിടന്ന് തിളയ്ക്കുന്ന ഇറച്ചിയും കപ്പയും തിന്നും തീറ്റിച്ചും കഴിഞ്ഞ് പരസ്പരം തോളില്‍ കയ്യിട്ട് ഒരു പോക്കുണ്ട്.
കണ്ടുനിന്നവരെയൊക്കെ ആസ്സാക്കിക്കൊണ്ടുള്ള ആ പോക്ക് ഒന്നു കാണേണ്ടതു തന്നെയാ..
എന്റമ്മേ…
ഞാനൊരു സത്യം പറയട്ടെ ?
പുറംനാട്ടുകാര്‍ ഈ പാവം മലപ്പുറത്തിന്റെ മുതുകില്‍ കെട്ടിവെച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്ന കുറേ നുണബോംബുകളുണ്ടല്ലോ..
അതെല്ലാം ഉത്സവത്തിന് കത്തിക്കുന്ന വെറും പൂത്തിരികളാണെന്ന് ഇവിടെ വന്ന് കണ്ട് അനുഭവിച്ചവര്‍ക്കേ അറിയൂ..
ഏതായാലും അമ്മയെ ഞാനിങ്ങോട്ട് കൊണ്ടുവരികയാണ്…
അമ്മയിനി ഇവിടെ താമസിച്ചാല്‍ മതി..
കാരണമെന്താണെന്നറിയുമോ….?
മലപ്പുറം ടൗണിലെ
ക്രിസ്തുവിന്റെ രൂപക്കൂടില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷം റോഡില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കാതില്‍ സ്റ്റെഡും കഴുത്തില്‍ രുദ്രാക്ഷവും ധരിച്ച് കാത്തിരിക്കുന്ന കൂട്ടുകാരന്റെ പിറകില്‍ ചാടിക്കേറി ചേര്‍ന്നിരുന്ന് കൊടൈക്കനാലിന്റെ ചുരം കയറാന്‍ പുറപ്പെടുന്ന ഫ്രീക്കന്റെ ഭാഷയില്‍ …. ‘മലപ്പുറം … വേറെ ലെവലാണ് ബ്രോ…’
എന്നു പറയും പോലെ ഈ മലപ്പുറം വേറെ ലെവലാണമ്മേ ….’
മലപ്പുറത്തെ കച്ചറപ്പാര്‍ട്ടികളെ കുറിച്ച് ഇനിയും ഒരുപാട് പറയാനുണ്ടമ്മേ… അതൊക്കെ അമ്മ ഇവിടെ വന്ന ശേഷം നേരിട്ട് പറഞ്ഞു തരാം .
നിര്‍ത്തുന്നു…..
സ്‌നേഹത്തോടെ …,
അമ്മയുടെ ശ്രീക്കുട്ടന്‍.

Sharing is caring!