സുല്‍ഫത്തിനെ സഹായിച്ചതില്‍ വര്‍ഗീയത കണ്ടവര്‍ക്ക് മറുപടിയുമായി ശ്രീരാമകൃഷ്ണന്‍

സലീം വരിക്കോടന്‍
സുല്‍ഫത്തിനെ സഹായിച്ചതില്‍ വര്‍ഗീയത കണ്ടവര്‍ക്ക് മറുപടിയുമായി ശ്രീരാമകൃഷ്ണന്‍

പൊന്നാനി: മുസ്ലിം മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് ആനുകൂല്യം നേടിയെടുത്തതിലും വര്‍ഗീയത കണ്ടെത്തിയവര്‍ക്ക് ശക്തമായ മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മുസ്ലിം മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മാത്രമാണ് പ്രത്യേക ആനുകൂല്യം വാങ്ങിയെടുത്തത് എന്ന തരത്തിലായിരുന്നു ആക്ഷേപം ഉയര്‍ന്നത്. എന്നാല്‍ എല്ലാ സമുദായത്തിലും പെട്ട മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പൊന്നാനി അഴീക്കലിലെ സുല്‍ഫത്തിനാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ട് സര്‍ക്കാര്‍ ചെലവില്‍ എം ബി ബി എസിന് അഡ്മിഷന്‍ നല്‍കിയത്. രണ്ടു വര്‍ഷം മുമ്പ് സുല്‍ഫത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയപ്പോഴാണ് അന്ന് എം എല്‍ എ ആയിരുന്ന പി ശ്രീരാമകൃഷ്ണന്‍ ആദ്യമായി സുല്‍ഫത്തിന്റെ വീട്ടിലെത്തുന്നത്. എന്താകാനാണ് ആഗ്രഹമെന്ന് സുല്‍ഫത്തിനോട് ചോദിച്ചപ്പോള്‍ കാര്‍ഡിയോളജിസ്റ്റ് ആകണമെന്ന് മറുപടി നല്‍കി. പ്ലസ് ടുവിനും, മെഡിക്കല്‍ എന്‍ട്രന്‍സിനും ഉയര്‍ന്ന റാങ്ക് നേടിയാല്‍ മെഡിക്കല്‍ പഠനത്തിന് പണം തടസമാകാതെ നോക്കുമെന്ന് അന്ന് അദ്ദേഹം സുല്‍ഫത്തിന് വാക്ക് നല്‍കി.

ഇക്കൊല്ലത്തെ മെഡിക്കല്‍ പരീക്ഷയില്‍ മോശമില്ലാത്ത റാങ്ക് വാങ്ങിയ സുല്‍ഫത്ത് ഇതുപ്രകാരം അദ്ദേഹത്തെ ബന്ധപ്പെട്ടു. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സംവരണ പ്രകാരം അഡ്മിഷന് ശ്രമിച്ചപ്പോള്‍ അതില്‍ മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യമില്ലെന്ന് ബോധ്യപ്പെട്ടു. ഇതിനെ മറികടക്കാന്‍ പുതിയ ഉത്തരവിറക്കേണ്ട അവസ്ഥ വന്നു. സംഭവം അദ്ദേഹം മുഖ്യമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചു. ഇരുവരും ചേര്‍ന്നായി പിന്നീടുള്ള ശ്രമം. ബന്ധപ്പെട്ട മന്ത്രിമാരും, ഉദ്യോഗസ്ഥരും കൂടി ഉല്‍സാഹിച്ചപ്പോള്‍ ഏതാനും മണിക്കൂറുകള്‍ക്കകം ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട എല്ലാ മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും ഫീസിളവ് നല്‍കാന്‍ ധാരണയായി.

എന്നാല്‍ ഇതിനെ ചിലര്‍ മുസ്ലിം പ്രീണനമായി ചിത്രീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ ധാരാളം കമന്റുകളും ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞു. ഈ വിഷയത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ ഇന്ന് രാവിലെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് നല്‍കി.

കേരളത്തിലെ മല്‍സ്യത്തൊഴിലാളികളുടെ മക്കളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ഫീസ് ഏറ്റെടുത്ത് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയതാണ്. ഇതില്‍ ധീവര-മുക്കുവ എന്ന് മാത്രം പരാമര്‍ശിച്ചതു കൊണ്ടാണ് മുസ്ലിം-കൃസ്ത്യന്‍ സമുദായങ്ങള്‍ക്ക് ആനുകൂല്യം നഷ്ടപ്പെട്ടതെന്ന് പറയുന്നു. എന്‍ട്രന്‍സ് കമ്മിഷണര്‍ ഫീസ് മുഴുവന്‍ അടയ്ക്കണമെന്ന് സുല്‍ഫത്തിനോട് ശാഠ്യം പിടിച്ചതും ഇക്കാരണത്താലാണ്. തുടര്‍ന്നാണ് നിയമത്തിലെ ഈ അപാകത പരിഹരിക്കാന്‍ ഇടപെട്ടതും, സുല്‍ഫത്തിന് നീതി ലഭ്യമാക്കിയതെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വസ്തുത ഇതായിരിക്കെ ഉള്ളില്‍ വര്‍ഗീയതയുടെ ദുര്‍ഗന്ധം പേരുന്ന ചിലര്‍ നടത്തുന്ന കമന്റുകള്‍ അസത്യവും, പ്രതിഷേധാര്‍ഹവുമാണെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Sharing is caring!