207 രൂപയ്ക്ക് മൈസൂരിലെത്താം

207 രൂപയ്ക്ക് മൈസൂരിലെത്താം

മലപ്പുറം: മലപ്പുറത്തിന് കെഎസ്ആര്‍ടിസിയുടെ പെരുന്നാള്‍ – ഓണ സമ്മാനം. 207 രൂപയ്ക്ക് പ്രകൃതിഭംഗി ആസ്വദിച്ച് മൈസൂരിലെത്താം.

രാവിലെ 5.40 ന് മലപ്പുറത്തു നിന്നും എടുക്കുന്ന ബസ് ഉച്ചയ്ക്ക് 12.15ന് മൈസൂരിലെത്തും. ഉച്ചയ്ക്ക് 2.15 നാണ് തിരിച്ച് മലപ്പുറത്തേക്ക്, വൈകീട്ട് 8.55 ന് തിരിച്ചെത്തും. മഞ്ചേരി, അരീക്കോട്, താമരശ്ശേരി, സുല്‍ത്താന്‍ ബത്തേരി വഴിയാണ് ബസ് സര്‍വീസ് നടത്തുന്നത്. മലപ്പുറം ഡിപ്പോയില്‍ നിന്നും രണ്ടാമത്തെ അന്തര്‍ സംസ്ഥാന സര്‍വീസാണ് മൈസൂരിലേക്കുള്ളത്. ഊട്ടിയിലേക്കാണ് മറ്റൊന്ന്.

മൈസൂരിലെ പ്രധാന കാഴ്ചകള്‍

കൊട്ടാരങ്ങളുടെ നഗരമെന്നാണ് മൈസൂര്‍ അറിയപ്പെടുന്നത്. സഞ്ചാരികളെ വിസ്മയപ്പെടുത്തുന്ന നിരവധി കൊട്ടാരങ്ങളാണ് നഗരത്തിലുള്ളത്. മൈസൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന അംബവിലാസ് പാലസ് ആണ് അതില്‍ പ്രധാനം.

ചാമുണ്ഡി ഹില്‍സ്, മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം,
ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ മറ്റ് പ്രധാന കാഴ്ചകള്‍

 

ചാമുണ്ഡി

നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറിയാണ് ചാമുണ്ഡി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരങ്ങളിലുള്ള നഗരത്തിന്റെ വിദൂര ദൃശ്യം നല്ലൊരു കാഴ്ചയാണ്. പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രമാണ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പാര്‍വതീ ദേവിയുടെ അവതാരമായ ചാമുണ്ഡിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

ശ്രീരംഗപട്ടണം
മൈസൂര്‍ സുല്‍ത്താന്‍മാരുടെ ആസ്ഥാനമായിരുന്നു ശ്രീരംഗപട്ടണം. ഹൈദരലിയുടെയും ടിപ്പുസുല്‍ത്താന്റെയും ഭരണകാലത്തുണ്ടായിരുന്ന സ്മാരകങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

മൃഗശാല

ഇന്ത്യയില്‍ തന്നെ ഏറെ പഴക്കം ചെന്ന കാഴ്ച ബംഗ്ലാവില്‍ ഒന്നാണ് മൈസൂരിലേത്. 1892 ല്‍ മഹാരാജ ചാമരാജ വോഡയാറുടെ കാലത്ത നിര്‍മിക്കപ്പെട്ടതാണിത്. മൈസൂര്‍ കൊട്ടാരത്തിനു സമീപത്തുള്ള 245 ഏക്കര്‍ സ്ഥലത്താണ് കാഴ്ചബംഗ്ലാവ് പരന്നുകിടക്കുന്നത്. വിവിധയിനം പക്ഷികള്‍ ഉള്‍പ്പെടെ 1420 ഇനങ്ങളില്‍പ്പെട്ട ജീവികള്‍ ഇവിടെയുണ്ട്.

മൈസൂര്‍ കൊട്ടാരം

മൈസൂര്‍ കൊട്ടാരം

പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂര്‍ കൊട്ടാരം മൈസൂരിലെ പ്രധാന ആകര്‍ഷണമാണ്. മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. അംബവിലാസ് കൊട്ടാരം എന്നും ഇതിന് വിളിപ്പേരുണ്ട്.

ബൃന്ദാവന്‍

കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടത്തിന്റെ മാതൃകയില്‍ പണിതീര്‍ത്ത ബൃന്ദാവന്‍ ഗാര്‍ഡന്‍ അറുപത് ഏക്കറിലായി സ്ഥിതി ചെയ്യുന്നു. ബൃന്ദാവന്‍ ഗാര്‍ഡനിലെ സംഗീത ജലധാരയും ഏറെ പ്രശസ്തമാണ്.

ബൃന്ദാവിനിലെ ജലധാര

റെയില്‍ മ്യൂസിയം
സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് റെയില്‍ മ്യൂസിയം. റെയില്‍വേയുടെ പുരോഗതിയുടെ ഓരോ ചുവടുകളും സന്ദര്‍ശകര്‍ക്ക് ചാമുണ്ഡി ഗാലറിയില്‍ കണ്ടുമനസിലാക്കാം. മൈസൂര്‍ മഹാരാജാവ് പ്രത്യേകമായി ഉപയോഗിച്ചിരുന്ന റോയല്‍ കോച്ചുകളും കാണാം. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ സ്റ്റീം എഞ്ചിനാണിത്

 

 

 

Sharing is caring!