ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വലയം കാക്കാന്‍ മലപ്പുറത്തുകാരന്‍

ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വലയം കാക്കാന്‍ മലപ്പുറത്തുകാരന്‍

മലപ്പുറം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വലയം കാക്കാന്‍ മലപ്പുറത്തു നിന്നൊരു യുവതാരം. എടക്കര അര്‍ണാടംപാടം സ്വദേശി എംഎസ് സുജിതാണ് ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഗോളിയായി ടീമിനൊപ്പം ചേര്‍ന്നത്. വിദേശതാരം പോള്‍ റചുബ്ക, ഇന്ത്യന്‍ താരങ്ങളായ സുഭാശിഷ് റോയി, സന്ദീപ് നന്ദി എന്നിവര്‍ക്ക് ശേഷമാണ് സുജിതും ടീമിന്റെ വലകാക്കാന്‍ എത്തിയത്.

മലപ്പുറം എംഎസ്പിയിലൂടെ വളര്‍ന്ന സുജിത് ടീമിനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. 2014 ല്‍ സുബ്രതോ കപ്പില്‍ എംഎസ്പി രണ്ടാം സ്ഥാനം നേടിയപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചാവിഷയമായത് കീപ്പറുടെ  പ്രകടനമായിരുന്നു. കളി തീരാന്‍ 18 സെകന്റ് മാത്രമുള്ളപ്പോഴായിരുന്നു ബ്രസീല്‍ ടീമിനെതിരെ എംഎസ്പി അന്ന് ഗോള്‍ വഴങ്ങിയത്. 15 സേവുകളാണ് സുജിത് അന്ന് നടത്തിയത്. ബ്രസീല്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ അ്‌ന് തന്റെ ബൂട്ടും ഗ്ലൗസും താരത്തിന്‌ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.

ഗോകുലം എഫ്‌സിയോടൊപ്പം തുടക്കം മുതല്‍ താരമുണ്ട്. ബസേലിയസ് കോളേജ് വിദ്യാര്‍ഥിയായ സുജിത് കോളേജ് ടീമിന്റെ ഗോള്‍കീപ്പര്‍ കൂടിയാണ്. സുജിത് കൂടെ എത്തുന്നതോടെ 5 മലയാളി താരങ്ങളായി ക്ലബില്‍. സി കെ വിനീത്, റിനോ ആന്റോ, പ്രശാന്ത് മോഹന്‍, അജിത് ശിവന്‍ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിലെ മറ്റു മലയാളികള്‍.

സുജിത് ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നതോടെ ഐഎസ്എല്ലില്‍ മലപ്പുറത്തിന്റെ പ്രാധിനിധ്യവും അഞ്ചായി ഉയര്‍ന്നു. അനസ് എടത്തൊടിക, എം.പി സക്കീര്‍, അബ്ദുല്‍ ഹക്കു, ആഷിഖ് കുരുണിയന്‍ എന്നിവരാണ് സൂപ്പര്‍ ലഗീല്‍ കളിക്കുന്ന മറ്റു താരങ്ങള്‍.

 

Sharing is caring!