നാടുകാണിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മാവോയിസ്റ്റ് വനിതാ അംഗം കൊല്ലപ്പെട്ടു

നിലമ്പൂര്‍: നാടുകാണി വനത്തില്‍ മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകള്‍ ഇറക്കിയ ലഘുലേഖയിലാണ് ഭവാനി ദളത്തിലെ അംഗം ലത (മീര) കൊല്ലപ്പെട്ടതായി പറയുന്നത്. ആഗസ്റ്റ് മാസം ആറാം തിയതിയാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്. സി പി ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ.

വനമേഖലയില്‍ തന്നെ മാവോയിസ്റ്റ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കളേയോ സഹപ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌കരിക്കേണ്ടി വന്നതിലെ ഖേദവും ലഘുലേഖയിലൂടെ വ്യക്തമാക്കുന്നുണ്ട്.

പാണ്ടിക്കാട് സ്വദേശിയും മാവോയിസ്റ്റ് പ്രവര്‍ത്തകനുമായ മൊയ്തീനാണ് ലതയെ വിവാഹം ചെയ്തിരിക്കുന്നത്. പാലക്കാട് കോട്ടേക്കാട് സ്വദേശിയായ ലത നേരത്തെ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ ഭാര്യയായിരുന്നു. 1996 മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനവുമായി ലതയ്ക്ക് ബന്ധമുണ്ടെന്നാണ് വിവരം.

അതിനിടെ ഈ ലഘുലേഖയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ലഘുലേഖ ഇറങ്ങും വരെ ഇങ്ങനെയൊരു സംഭവം നടന്നത് പോലീസും, വനപാലകരും അറിഞ്ഞിരുന്നില്ല.

Sharing is caring!