മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പെരുന്നാള്‍ സന്ദേശം

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പെരുന്നാള്‍ സന്ദേശം

മലപ്പുറം: ത്യാഗത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും സ്മരണകള്‍പുതുക്കി ലോക മുസ്‌ലിംകള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍  കേരളീയര്‍ ഓണാഘോഷത്തിനായുള്ള മുന്നൊരുക്കത്തിലാണ്. ബന്ധങ്ങളെയും പാരസ്പര്യത്തെയും ചേര്‍ത്തുവെക്കുന്നതാകണം ആഘോഷങ്ങള്‍. നന്മയും സന്തോഷങ്ങളും സഹജീവികളിലേക്കുകൂടി പകര്‍ന്നു നല്‍കുമ്പോഴാണ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.മലപ്പുറം: ത്യാഗത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും സ്മരണകള്‍പുതുക്കി ലോക മുസ്‌ലിംകള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍  കേരളീയര്‍ ഓണാഘോഷത്തിനായുള്ള മുന്നൊരുക്കത്തിലാണ്. ബന്ധങ്ങളെയും പാരസ്പര്യത്തെയും ചേര്‍ത്തുവെക്കുന്നതാകണം ആഘോഷങ്ങള്‍. നന്മയും സന്തോഷങ്ങളും സഹജീവികളിലേക്കുകൂടി പകര്‍ന്നു നല്‍കുമ്പോഴാണ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
അല്ലാഹുവിന് വഴിപ്പെട്ടുകൊണ്ട് സര്‍വ്വം സമര്‍പ്പിച്ച ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതം അനുസ്മരിച്ച് കൊണ്ടാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ദേശ ഭാഷാന്തരങ്ങള്‍ക്കും വര്‍ണ്ണ വൈജാത്യങ്ങള്‍ക്കുമപ്പുറം വിശ്വാസി ലക്ഷങ്ങള്‍ ഒരുമിച്ച് കൂടുന്ന മഹത്തായ ഹജ്ജ്, ഈ ത്യാഗത്തിന്റെ സ്മരണകള്‍ പുതുക്കുന്ന മഹത്തായ ആരാധയാണ്. സമര്‍പ്പണത്തിനും സഹനത്തിനും സ്രഷ്ടാവ് നല്‍കിയ ആദരവാണിത്.
ബലിപെരുന്നാള്‍ എന്ന പദത്തിലെ ‘ബലി’ എന്ന പദം പ്രത്യക്ഷത്തില്‍ മൃഗത്തെ ബലിയര്‍പ്പിക്കലിലേക്കുള്ള സൂചനയാണെങ്കിലും ആന്തരികമായി അതിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്. മനുഷ്യന്‍ അവന്റെ ഇച്ഛകളെയും വേണ്ടാത്ത ചിന്തകളെയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലികഴിക്കുക എന്നതാണത്.  ആയുധമെടുത്ത് ഭൂമിയിലിറങ്ങലല്ല മറിച്ച് സ്വന്തം ഇച്ഛകളെ പിടിച്ച് നിര്‍ത്തലാണ് ഏറ്റവും വലിയ ജിഹാദ് എന്ന് ബോധ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണിത്.  പ്രവാചകര്‍(സ) ഇച്ഛകള്‍ക്ക് നേരെയുള്ള ജിഹാദിനെ ഏറ്റവും വലിയ ജിഹാദ് എന്ന് വിശേഷിപ്പിച്ചത് ഇതുകൊണ്ടാണ്.
നമ്മുടെ രാജ്യവും സമൂഹങ്ങളും ഏറെ നിര്‍ണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വൈവിധ്യങ്ങളെ വെറുപ്പിനുള്ള ഉപകരണമായിക്കരുതുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ നമ്മെ കീഴ്‌പ്പെടുത്തരുത്. മനുഷ്യത്വത്തിന്റെ മഹത്വമുള്‍ക്കൊണ്ട് സാധ്യമാകുന്ന മേഖലയിലൊക്കെ ഒരുമിക്കാനും സൗഹൃദത്തിന്റെ സന്ദേശം പ്രസരിപ്പിക്കാനും ഈ ആഘോഷവേളകള്‍ക്കു കഴിയണം. ഒന്നിച്ചെത്തിയ പെരുന്നാളും ഓണവും ഇത്തരം ചിന്തകള്‍ക്കും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിമിത്തമാകണം.
ജീവിതത്തിലെ പാകപ്പിഴവുകള്‍ തിരുത്തി തെളിമയോടെ ജീവിക്കാനും നന്മയും സന്തോഷങ്ങളും സഹജീവികള്‍ക്ക് കൂടി പകര്‍ന്നുനല്‍കുന്നതിനുമാണ് ഓരോ ആഘോഷവേളകളെയും നാം ഉപയോഗിക്കേണ്ടത്. അരുതായ്മകള്‍ക്കായി മാറ്റിവെക്കേണ്ടതല്ല നമ്മുടെ ആഘോഷവേളകള്‍. മാനവിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ ഉള്‍കൊണ്ട് നന്മയുടെയും സന്തോഷത്തിന്റെയും പുതിയ ലോകത്തേക്കുള്ള ചുവടുവെപ്പുകളായി മാറണം ഓരോ വിശുദ്ധ ദിനങ്ങളും.
നാം സമൃദ്ധമായ വിഭവങ്ങള്‍ കഴിച്ചും ഉടയാടകള്‍ ധരിച്ചും ആഘോഷങ്ങള്‍ കൊഴുപ്പിക്കുമ്പോള്‍  വയറുനിറച്ചു കഴിക്കാനില്ലാതെ കഷ്ടപ്പെടുന്ന നിരവധി നിരാലംബരും ജീവിതം നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയ രോഗശയ്യയില്‍ കഴിയുന്നവരും സമൂഹത്തിലുണ്ട്.  നമ്മുടെ സന്തോഷങ്ങള്‍ അവരിലേക്കുകൂടി പകര്‍ന്നു നല്‍കണം. കുടുംബ ബന്ധം ചേര്‍ത്തും സ്‌നേഹ മംഗളങ്ങള്‍ നേര്‍ന്നും പെരുന്നാളിന്റെ തനിമ നമ്മുക്ക് കാത്ത് സൂക്ഷിക്കാം.  ഏവര്‍ക്കും ബലി പെരുന്നാള്‍ നന്മകള്‍ നേരുന്നു.

Sharing is caring!