മതംമാറിയ മഞ്ചേരിക്കാരി സ്വദേശി യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരപീഡനം

മതംമാറിയ മഞ്ചേരിക്കാരി സ്വദേശി യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരപീഡനം

 

മലപ്പുറം: ഭര്‍ത്താവിന്റെ ക്രൂരപീഡനം ഫേസ്ബുക്കിലൂടെ അറിയിച്ച യുവതിയെ തലയില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്വകാര്യ റിസോര്‍ട്ടിലെ താമസസ്ഥലത്ത്‌നിന്ന് പീഡനവിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിയാണ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
വൈക്കം ചെമ്മനാകരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ജനറല്‍ മാനേജറായ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് യുവതി ഫേസ് ബുക്ക് പോസ്റ്റിടുന്നത്. ഭര്‍ത്താവ് മര്‍ദിച്ചതായും വധഭീഷണിയുണ്ടെന്നും ആയിരുന്നു സന്ദേശം.

ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നെറ്റിയില്‍ ഉണ്ടായ പരുക്കും കാണിച്ചുകൊണ്ടായിരുന്നു വിഡിയോ. ദൃശ്യങ്ങള്‍ മറ്റ് നവ മാധ്യമങ്ങളിലൂടെയും പ്രചരിച്ചതിനെ തുടര്‍ന്ന് വൈക്കം എസ്.ഐ എം. സാഹിലിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ തലക്ക് ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മഞ്ചേരി സ്വദേശിയായ യുവതിയും കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവും എറണാകുളം വൈറ്റിലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാലത്താണ് പരിചയമാകുന്നതും പ്രണയിച്ചതും. തുടര്‍ന്ന് 2014 ജനുവരി 17ന് ഇരുവരും കോഴിക്കോട്‌വച്ച് വിവാഹിതരായി.

ക്രിസ്തുമത വിശ്വാസിയായ യുവതി കോഴിക്കോട്ടെ ഹിന്ദുമതപരിവര്‍ത്തന കേന്ദ്രമായ ആര്യസമാജത്തില്‍വച്ച് മതം മാറിയിരുന്നു. ആര്യസമാജത്തിന്റെ നടത്തിപ്പുകാരുടെ നേതൃത്വത്തിലാണ് വിവാഹം നടത്തിയതും. വിവാഹത്തെ തുടര്‍ന്ന് ചെമ്മനാകരിയിലെ റിസോര്‍ട്ടില്‍ ജോലി ലഭിച്ച യുവാവ് സ്ഥാപനത്തോട് ചേര്‍ന്ന് യുവതിയുമൊത്ത് താമസം തുടങ്ങി.

യുവാവിന്റെ വീട്ടുകാര്‍ വിവാഹ വാര്‍ത്ത അറിഞ്ഞതോടെ ചെമ്മനാകരിയിലെത്തി പീഡനം തുടങ്ങുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ആദ്യം സ്ത്രീധനം ആവശ്യപ്പെട്ട ഭര്‍തൃവീട്ടുകാര്‍ താന്‍ ക്രിസ്ത്യാനിയായതിന്റെ പേരിലും പീഡീപ്പിച്ചതായി യുവതി ആരോപിക്കുന്നു. പിന്നീട് ഭര്‍ത്താവും തന്റെ മതവിശ്വാസത്തെ ചൊല്ലി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതിനിടെ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്ത് മഞ്ചേരിയിലെ തന്റെ വീട്ടിലേക്ക് നോട്ടിസ് അയച്ചു.

ബന്ധമൊഴിഞ്ഞു പോയില്ലെങ്കില്‍ തങ്ങളുടെ കിടപ്പറദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് യൂട്യൂബിലൂടെ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
യുവാവിനും വീട്ടുകാര്‍ക്കുമെതിരേ ഗാര്‍ഹിക പീഡനം, സ്ത്രീപീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി വൈക്കം പൊലിസ് അറിയിച്ചു.

 

Sharing is caring!