സംസ്ഥാനത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് മലപ്പുറം ഒരുങ്ങി

സംസ്ഥാനത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് മലപ്പുറം ഒരുങ്ങി

 

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ റിയാലിറ്റി ഷോയ്ക്ക് മലപ്പുറം ഒരുങ്ങി. ഓണം – പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മലപ്പുറം മാധ്യമ കൂട്ടായ്മയും സംയുക്തമായാണ് റിയാലിറ്റി ഷോ നടത്തുന്നത്. സെപ്റ്റംബര്‍ ആറിന് കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

മലപ്പുറത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ജനകീയ റിയാലിറ്റിഷോ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ഗായകര്‍ മത്സരത്തില്‍ മാറ്റുരക്കും. കേരളത്തിലെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സിനിമ പിന്നണി ഗായകനുമായ എരഞ്ഞോളി മൂസയെ ചടങ്ങില്‍ ആദരിക്കും. മാപ്പിളപാട്ടിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് ആദരം. നൂറുകണക്കിന് മാപ്പിളപ്പാട്ടുകളും ‘പതിനാലാം രാവ്’ എന്ന സിനിമയില്‍ ശ്രദ്ധേയമായ ഗാനവും ആലപിച്ച എരഞ്ഞോളി മൂസ കണ്ണൂര്‍ സ്വദേശിയാണ്.

മത്സരത്തിന്റെ ഓഡിഷന്‍ റൗണ്ട് സെപ്റ്റമ്പര്‍ മൂന്നിന് ഒമ്പത് മണി മുതല്‍ മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നടക്കും. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികവുറ്റ ഗായകരാണ് ആറിന് നടക്കുന്ന ഫൈനല്‍ വേദിയില്‍ പങ്കെടുക്കുക. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 25001 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 10001 മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5001 എന്നിങ്ങനെയാണ് സമ്മാന തുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9497014681, 8078012733, 8075382940 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമതി ചെയര്‍മാന്‍ പി. ഷംസീര്‍, കണ്‍വീനര്‍ വി. മുഹമ്മദലി, സന്തോഷ് ക്രിസ്റ്റി, പി.എ അബ്ദുല്‍ ഹയ്യ്, വിഷ്ണു കോഡൂര്‍ പങ്കെടുത്തു.

 

Sharing is caring!