കുഞ്ഞാലിക്കുട്ടി ലീഗിലേക്ക് തിരികെ വിളിച്ചിരുന്നുവെന്ന് കെടി ജലീല്‍

കുഞ്ഞാലിക്കുട്ടി ലീഗിലേക്ക് തിരികെ വിളിച്ചിരുന്നുവെന്ന് കെടി ജലീല്‍

മലപ്പുറം: മുസ്‌ലിം ലീഗ് വിട്ട് ഇടതുപക്ഷ എംഎല്‍എ ആയ തന്നെ കുഞ്ഞാലിക്കുട്ടി തിരികെ പാര്‍ട്ടിയിലേക്ക് വിളിച്ചിരുന്നുവെന്ന് മന്ത്രി കെടി ജലീല്‍. സെപ്റ്റംര്‍ ലക്കം ‘ മാധ്യമം കുടുംബ ‘ ത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്.

തന്നെ രണ്ട് പ്രാവശ്യം തിരികെ വിളിച്ചതായാണ് മന്ത്രി പറയുന്നത്. കുറ്റിപ്പുറത്ത് നിന്നും വിജയിച്ച് എംഎല്‍എ ആയതിന് ശേഷം ഒന്നര വര്‍ഷം കഴിഞ്ഞ് ആദ്യമായി നേരില്‍ കണ്ടപ്പോഴായിരുന്നു ആദ്യ ക്ഷണമെന്ന് ‘കുടുംബ ‘ ത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറയുന്നു.

നിയമസഭക്ക് അകത്തിരിക്കുമ്പോള്‍ പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന അഗ്രഹപ്രകടനം കുഞ്ഞാലിക്കുട്ടി നടത്തിയതായി ജലീല്‍ പറയുന്നു. സംഭവത്തെ കുറിച്ച് ‘കുടുംബത്തില്‍’ പറയുന്നത് ഇങ്ങനെ. ‘ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്ക് അകത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് എന്തോ ഒരു കാര്യം സംസാരിക്കാന്‍ ചെന്നപ്പോള്‍ ഞാന്‍ പാര്‍ട്ടിയിലേക്ക് തിരികെ വരാനുള്ള ആഗ്രഹപ്രകടനം അവിടെ വച്ച് അദ്ദേഹം നടത്തി. ഞാന്‍ പറഞ്ഞു. സിപിഎം എന്നെ അത്രമാത്രം വിശ്വസിച്ചിരിക്കുന്നു. ആ വിശ്വാസത്തിന് വിരുദ്ധമായി ഞാന്‍ ചെയ്താല്‍ പിന്നീട് മുസ് ലിങ്ങളെ മതേതര പാര്‍ട്ടികള്‍ പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമാകും. ആ തരത്തിലേക്ക് അവരുടെ മനോഗതങ്ങള്‍ മാറും. അത് കൊണ്ട് വിശ്വാസ വഞ്ചന നടത്താന്‍ എനിക്ക് കഴിയില്ല. അത് മുസ് ലിം സമുദായത്തിന്റെ വിശ്വാസത നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. ജലീല്‍ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം എന്നോട് തിരിച്ച് പറയുകയും ചെയ്തിരുന്നു.

അഭിമുഖത്തില്‍ നിന്നും

തന്നെ മന്ത്രിയാക്കാന്‍ തീരുമാനിച്ചയുടന്‍ കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടി അനുഗ്രഹാശിസ്സോടു കൂടിയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കയറിയതെന്നും കെടി ജലീല്‍ പറയുന്നു.

തനിക്കെതിരെ ലീഗ് അച്ചടക്കനടപടി സ്വീകരിച്ചതിന് പിന്നില്‍ യൂത്ത്‌ലീഗിലെ ചില സഹഭാരവാഹികള്‍ ചരട് വലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗില്‍ പ്രവര്‍ത്തിച്ച സമയത്ത് മുസ്‌ലിം സമുദായം മാത്രമായിരുന്നു തന്റെ ശ്രോതാക്കളെന്നും ഇടതുപക്ഷവുമായി സഹകരിക്കേണ്ടി വന്നപ്പോള്‍ ബഹുമത വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞെന്ന ഭാഗ്യമുണ്ടായെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

Sharing is caring!