ലീഗ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇകെ വിഭാഗം നേതാവ്

ലീഗ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇകെ വിഭാഗം നേതാവ്

മലപ്പുറം: മുസ് ലിം യൂത്ത് ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇകെ വിഭാഗം രംഗത്ത്. പെണ്‍ചേലാകര്‍മവുമായി ബന്ധപ്പെട്ട് ഡോ.എംകെ മുനീര്‍ എംഎല്‍എയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചാണ് ഇ.കെ വിഭാഗം നേതാവും എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ ‘സത്യധാര’ യുടെ എഡിറ്ററുമായ പിഎ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് ‘സുപ്രഭാതം’ ദിനപത്രത്തില്‍ എഴുതിയ ‘ഒളിയജന്‍ഡകള്‍ തിരിച്ചറിയാന്‍ കഴിയാത്തവരോട് ‘ ലേഖനത്തിലാണ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുള്ളത്.

‘ സ്ത്രീ ചേലാകര്‍മത്തിനെതിരേ ഇസ്ലാം എന്തുപറയുന്നുവെന്ന് അന്വേഷിക്കാതെ ‘ക്രൂരം, പ്രാകൃതം,അനിസ്ലാമികം’ എന്നിങ്ങനെ പ്രസ്താവനകളിറക്കിയാല്‍, ഇരിക്കുംകൊമ്പ് മുറിക്കുന്ന വിഡ്ഢിയുടെ റോളിലാണ് എത്തിപ്പെടുക’ ലേഖനത്തില്‍ പറയുന്നു. സ്ത്രീ ചേലാകര്‍മം വിഷയമാക്കിയ പത്രത്തിനെതിരെയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. പെണ്‍ചേലാകര്‍മം നടക്കുന്നുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് ക്ലിനിക്ക് അടച്ച് പൂട്ടിയ യൂത്ത് ലീഗിനെ വിമര്‍ശിക്കുന്നവര്‍ ‘പെണ്‍സുന്നത്തിനെതിരെയും ‘ സമരാഹ്വാനം മുഴക്കുകയാണ്. സംഭവത്തില്‍ നേതാക്കള്‍ ഒളിയജന്‍ഡക്ക് കൂട്ട് നില്‍ക്കുകയാണെന്നം ലേഖനത്തില്‍ പറയുന്നുണ്ട്.

പുരുഷ ചേലാകര്‍മം പറഞ്ഞ മതം തന്നെയാണ് സ്ത്രീ ചേലാകര്‍മത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ‘ഇന്നു സ്ത്രീ ചേലാകര്‍മത്തിനെതിരേ ക്രൂരം പ്രാകൃതം എന്നു വിധിയെഴുതുന്ന പത്രത്തിന് നാളെ മറ്റൊരു കച്ചവട ക്ലിനിക്ക് ചൂണ്ടിക്കാട്ടി പുരുഷ ചേലാകര്‍മവും ക്രൂരപ്രാകൃതമെന്നു വിധിയെഴുതാന്‍ സാധിക്കും. അത് അശാസ്ത്രീയമാണെന്നു തെളിയിക്കുന്ന ‘ശാസ്ത്രീയ പഠനങ്ങള്‍’ നിരത്താന്‍ കഴിഞ്ഞേക്കാം. ഒരു ശാസ്ത്രവും നോക്കാതെ തലപ്പു മുറിച്ച് ‘മാര്‍ഗം’ കൂടിയ യുവതുര്‍ക്കികള്‍ക്ക് അപ്പോള്‍ എന്തു നിലപാടാണാവോ സ്വീകരിക്കാനുണ്ടാവുക.’ ലേഖനത്തില്‍ ചോദിക്കുന്നു.

സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

സ്ത്രീകളുടെ കാര്യം കൈകാര്യ ചെയ്യാന്‍ സ്ത്രീകള്‍ തന്നെ വേണമെന്നും, പെണ്‍ ചേലാകര്‍മത്തില്‍ വിദഗ്ദാരയ സ്ത്രീകളില്ലാത്തതിനാലാണ് കേരളത്തില്‍ നിന്ന് ആചാരം എടുത്ത് പോയത്. ആരെങ്കിലും പരിച്ഛേദനം ചെയ്താല്‍ അത് ഇസ്ലാമിക വിരുദ്ധമാണെന്നു പറയുന്നതു ഗൗരവമുള്ളതാണ്. താടി ഇസ്ലാം വിരുദ്ധമാണെന്നു പറയുന്നതിനു സമാനമാണിത്. ഒരുപിടി യുക്തിവാദികളും മോഡേണിസ്റ്റുകളും ഏറ്റെടുത്ത ഇസ്ലാംവിരുദ്ധ പ്രചാരണങ്ങളില്‍ ഒന്നുമാത്രമാണു സ്ത്രീചേലാകര്‍മം. അതുപോലെ തന്നെയാണവര്‍ക്കു പുരുഷചേലാകര്‍മവും. ഒരു സ്ത്രീ ആഭരണമണിയാന്‍ എന്ന പേരില്‍ വേദന സഹിച്ചു കാതു തുളക്കുന്നതും മൂക്കുതുളയ്ക്കുന്നതും പരിഷ്‌കൃതമായി കാണുന്നവരാണവര്‍. വയറു തുളച്ച് ആധുനിക പടിഞ്ഞാറന്‍ പെണ്ണ് പൊക്കിളില്‍ ആഭരണം ചാര്‍ത്തുന്നതു പോലും പ്രശ്നമല്ലാത്തവരാണു മാപ്പിളപ്പെണ്ണിന്റെ അടിപ്പാവാടക്കിടയില്‍ ടോര്‍ച്ചടിക്കുന്നത്. ഇവര്‍ക്കനുസരിച്ചു മതത്തെ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞാല്‍, ചെരിപ്പു മാത്രമല്ല കാലും മുറിക്കേണ്ടിവരുമെന്നു തീര്‍ച്ച. ലേഖനത്തില്‍ പറയുന്നു.

ഇസ്ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിനു വേണ്ടി നിയമനിര്‍മാണസഭയിലടക്കമുള്ള പോരിടങ്ങളില്‍ നിലകൊണ്ട ഖാഇദേ മില്ലത്ത്, ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ പിന്‍മുറക്കാരില്‍നിന്ന് ഇത്തരം പ്രവണതകളുണ്ടാകുമ്പോള്‍ സഹതപിക്കാതെ വയ്യ. എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Sharing is caring!