മഴക്കാലമെത്തിയിട്ടും കുടിവെള്ളമില്ല; ജലഅതോറിറ്റിക്കെതിരെ നഗരസഭ

മഴക്കാലമെത്തിയിട്ടും കുടിവെള്ളമില്ല; ജലഅതോറിറ്റിക്കെതിരെ നഗരസഭ

മലപ്പുറം: മഴക്കാലമായിട്ടും മലപ്പുറം നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയാത്ത ജലഅതോറിറ്റിക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. കുടിവെള്ളവിതരണത്തിനാവശ്യമായ ജലം ലഭ്യമായിട്ടും വിവിധ വാര്‍ഡുകളില്‍ ആവശ്യത്തിന് വെള്ളം നല്‍കാത്തതിനാല്‍ ജനങ്ങള്‍ പ്രയാസത്തിലാണ് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജല്അതോറിറ്റി ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചത്.

ഒരു വര്‍ഷത്തിലേറയായിട്ടും പൊട്ടിയ പൈപ്പ് നന്നാക്കാതെ വെള്ളം പാഴാക്കി കളയുകയാണെന്നും ഇക്കാര്യം ജലഅതോറ്റ്‌റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. നഗരസഭയിലെ വാറങ്കോട്, പട്ടര്‍ക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ പൈപ്പ് തകര്‍ന്നത് ജല അതോറിറ്റിയെ അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ആരോപണമുയര്‍ന്നു. പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ചാല്‍ എടുക്കാത്ത സ്ഥിതിയാണെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നും പൊതുമരാമത്ത് അധികൃതരില്‍ നിന്നും അനുമതി ലഭിക്കാത്തതിനാലാണ് പൈപ്പ് നന്നാക്കാന്‍ കഴിയാത്തതെന്നും ജീവനക്കാര്‍ പറഞ്ഞു.

ഉയര്‍ന്നും താഴ്ന്നും പ്രദേശങ്ങള്‍ ഉള്‍പെടുന്ന മുനിസിപ്പല്‍ പരിധിയില്‍ ഒരേ സമയം എല്ലാവര്‍ക്കും ജലമെത്തിക്കുന്നതിന് പരിമിതിയുണ്ടെന്ന് യോഗത്തില്‍ ജല അതോറിറ്റി വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുമ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് ജലം ലഭിക്കാതിരിക്കുന്നുണ്ടെന്നും ഇത് കാരണമാണ് ജലവിതരണത്തിന് തടസം നേരിടേണ്ടി വരുന്നതെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കാന്‍ ജല അതോറിറ്റി പ്രത്യേക പഠനം നടത്തി ഉന്നതാധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും യോഗത്തെ അധികൃതര്‍ അറിയിച്ചു.

നഗരപരിധിയില്‍ പൈപ്പ് ലൈന്‍ നീട്ടലിന് നഗരസഭ ജനുവരിയില്‍ നല്‍കിയ 19 ലക്ഷം തികയാത്ത സാഹചര്യമുണ്ട്. അതിലേക്കായി ഏഴ് ലക്ഷം രൂപ കൂടി നല്‍കിയാല്‍ മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയുവെന്നും യോഗത്തില്‍ ജല അതോറിറ്റി വ്യക്തമാക്കി. ഈ വിഷയത്തില്‍ നഗരസഭ മാര്‍ച്ച് മാസത്തില്‍ നഗരസഭ നല്‍കിയ 20 ലക്ഷം രൂപാ അധികൃതരുടെ കൈവശമുണ്ടെന്ന് യോഗത്തില്‍ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. ഈ തുക ജല അതോറിറ്റി സ്വീകരിച്ചിരുന്നെങ്കിലും എന്ത് ആവശ്യത്തിന് വിനിയോഗിക്കണമെന്ന് നിര്‍ദേശം കിട്ടാത്ത സാഹചര്യത്തില്‍ ഫണ്ട് ഉപയോഗിച്ചില്ലെന്ന് ജല വിഭാഗം ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് സെപ്തംബര്‍ പത്തിനകം ഏഴ് ലക്ഷം പദ്ധതിക്ക് വിനിയോഗിക്കാന്‍ നഗരസഭാ അനുമതി നല്‍കും. ഇത് കൂടാതെ ജൂണില്‍ 15 ലക്ഷവും നഗരസഭ ജല അതോറിറ്റിക്ക് കൈമാറിയീട്ടുണ്ട്. മൂര്‍ക്കനാട് ജല വിതരണ പദ്ധതിയില്‍ നിന്ന് മലപ്പുറം മുനിസിപ്പാലിറ്റിയിലേക്ക് ജലമെത്തിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.

ഹാജിയാര്‍പള്ളി മേഖലയില്‍ ജല വിതരണത്തിന് തടസമില്ലാത്ത സാഹചര്യത്തില്‍ മേല്‍മുറി ഭാഗത്തെ ജനങ്ങള്‍ക്ക് കണക്ഷന്‍ നാമ്പ്രാണി പമ്പ് ഹൗസില്‍ നിന്ന് മാറ്റി ഹാജിയാര്‍പള്ളി പമ്പ് ഹൗസിലേക്ക് മാറ്റുന്നതിന് കഴിയുമോ എന്ന കൗണ്‍സില്‍ യോഗത്തിന്റെ ആവശ്യത്തിന് അതിനായി എന്‍ജിനീയറിംഗ് വിഭാഗം സര്‍വേ നടത്തിയ ശേഷം പദ്ധതിയിലേക്ക് കടക്കാന്‍ സാധിക്കുമെന്ന് ജല അതോറിറ്റി യോഗത്തെ ധരിപ്പിച്ചു. ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു.

Sharing is caring!