കേരളത്തിലേക്കുള്ള കന്നുകാലികളെ തടഞ്ഞ് ലക്ഷങ്ങള്‍ ആവശ്യപ്പെടുന്നു
മലപ്പുറം: കേരളത്തിലേക്കുള്ള കന്നുകാലികളെ തമിഴ്നാട്ടിലും കര്‍ണാടകയിലും
വ്യാപകമായി തടഞ്ഞുവെക്കുന്നു. ശേഷം ഗോ സംരക്ഷകരെന്ന് പരിചയപ്പെടുത്തുന്ന സംഘം ലക്ഷങ്ങള്‍ ആവശ്യപ്പെടുന്നതായും പരാതി.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചിറ്റൂരില്‍ അഞ്ചും തിരുപ്പതിയില്‍ രണ്ടും പൊള്ളാച്ചിയില്‍ ഒരുലോഡും വാഹനങ്ങള്‍ തടഞ്ഞ് വെച്ച് ഒരു ലോഡിന് രണ്ടുലക്ഷംരൂപവരെ പണം ആവശ്യപ്പെട്ടതായി ക്യാറ്റില്‍ മര്‍ച്ചന്റ് വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി അപ്പക്കാട്ടില്‍ യൂസുഫ് പറഞ്ഞു. കഴിഞ്ഞദിവസം തങ്ങള്‍ ആന്ധ്രയില്നിന്നുകൊണ്ടുവരികയായിരുന്നു ഒരുലോഡ് വണ്ടി പൊള്ളാച്ചി കോടതി പരിസരത്തുവെച്ചു ഗോസംരക്ഷകരെന്ന് പരിചയപ്പെടുത്തിയ 40ഓളം വരുന്ന സംഘം തടയുകയായിരുന്നുവെന്നും യൂസുഫ് പറഞ്ഞു.
പിന്നീട് കാലികളെ ഗോശാലകളിലേക്കു മാറ്റുമെന്നും ഇല്ലെങ്കില്‍ രണ്ടുലക്ഷംരൂപ നല്‍കാനും ആവശ്യപ്പെട്ടു.
പണം നല്കാന് തെയ്യാറാകാതെ വന്നതോടെ തങ്ങള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ജന്തുദ്രോഹനിയമം ചുമത്തി തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഗോസംരക്ഷകസംഘവും ആവശ്യപ്പെട്ടു.
ഇതെ തുടര്‍ന്നു പോലീസ് കേസെടുക്കുകയും കോടതി മുഖേന അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ലോഡ് ഇന്നലെ വൈകിട്ടോടെയാണു തങ്ങള്‍ക്കുതന്നെ തിരിച്ചുലഭിച്ചതെന്നും യൂസുഫ് പഞ്ഞു. ഇത്തരത്തില്‍ വ്യാപകമായ തോതില്‍ കേരളത്തിലേക്കുള്ള കാലികളെ തടയുന്ന അവസ്ഥയാണുള്ളത്. തമിഴ്നാട്ടിലും കര്‍ണാടകയിലെ വിവിധ മേഖലകളിലും ഇത്തരത്തില്‍ കാലികളെ തടഞ്ഞുവെക്കുന്നുണ്ട്.
സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്ന നിയമം പാലിച്ചു തങ്ങള്‍ കാലികളെ കൊണ്ടുവരാന്‍ തെയ്യാറാണെന്നും എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്കു പോലീസ് സംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ ഈമേഖലയില്നിന്നും വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നതായും ക്യാറ്റില്‍ മര്‍ച്ചന്റ് വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. വാഹനം തടഞ്ഞുവെക്കുന്ന സംഘം ഭീമമായ സംഖ്യയാണു ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള ചില വാഹനങ്ങള്‍ നിയമം പൂര്‍ണമായും പാലിക്കാതെ വരുന്നതും ഇത്തരം സംഘങ്ങള്‍ക്കു പണം തട്ടിയെടുക്കാന്‍ വഴിയൊരുക്കുകയാണ്. ഏകദേശം വലിയ ലോറിയില്‍ 32ഓളം ചെറിയ കന്നുകാലികളെ വരെ കൊണ്ടുപോകാന്‍ കഴിയുമെങ്കിലും ഇതും മറികടന്നു ചില വ്യാപാരികള്‍ കന്നുകളെ കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരുലോഡ് കന്നുകള്‍ക്കായി വ്യാപാരികള്‍ക്കു എട്ട് ലക്ഷത്തോളംരൂപ ചെലവ് വരും.
RECENT NEWS
ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ [...]