ആഘോഷങ്ങള്‍ക്കിടയില്‍ മലപ്പുറത്തിന് വേദന

ആഘോഷങ്ങള്‍ക്കിടയില്‍ മലപ്പുറത്തിന് വേദന

കാളികാവ്: നാടെങ്ങും പൊന്നോണപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കാളികാവ് പൂങ്ങോട് ചേരംകോട് മൂന്ന്‌സെന്റ് കോളനിയിലെ ജീര്‍ണിച്ച ഷെഡില്‍ നിന്നുയരുന്നത് തേങ്ങലുകള്‍ മാത്രം. അപ്രതീക്ഷിത ദുരന്തം കോളനിക്കാരെ മാത്രമല്ല ഒരു നാടിനെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. സുനില്‍കുമാറും കുടുംബവും ആത്മഹത്യ ചെയ്തത് ഇനിയും ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ് കോളനി നിവാസികള്‍.

സുനില്‍കുമാറിന്റെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് ചേരങ്കോട് കോളനി മൂകമായത്. ഇവരുടെ മരണത്തോടെ സുനില്‍കുമാറിന്റെ മാതാപിതാക്കളായ ഗംഗാധരന്‍-തങ്കമണി ദമ്പതികള്‍ക്ക് ഇക്കുറി കണ്ണീരോണമാണ്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ മകനും ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും കൂട്ട ആത്മഹത്യക്കിരയായ വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഗംഗാധരന്റെ കുടുംബം. പായസത്തില്‍ ചേര്‍ത്ത വിഷം അകത്ത് ചെന്ന് അമല്‍ (ഏഴ്), ആകാശ് (മൂന്ന്) എന്ന പിഞ്ചു കുട്ടികള്‍ വെള്ളിയാഴ്ചയും മാതാവ് സുജാത ഞായറാഴ്ചയും പിതാവ് അനില്‍കുമാര്‍ ഇന്നലെയുമാണ് മരിച്ചത്.

ആകെയുള്ള നാലു സെന്റില്‍ ഒരു ഷെഡ് കെട്ടിയാണ് ഗംഗാധരനും കുടുംബവും കഴിയുന്നത്. പുതുതായി വീട് കയറ്റുന്നതിനു വേണ്ടി നിര്‍മിച്ച കൊച്ചു തറ പൊളിച്ചാണ് കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചത്. സുനില്‍കുമാറിനുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. പുറമെ ചിട്ടിക്കുറി വിളിച്ചെടുത്ത തുകയും അടക്കാന്‍ കഴിയാത്തതിനാല്‍ മനം നൊന്താണ് സുനില്‍കുമാര്‍ കുടുംബസമേതം ആത്മഹത്യയില്‍ അഭയം തേടിയത്.

ഗംഗാധരന്‍ ഒരു കൊച്ചു വീടിനായി മുട്ടാത്ത വാതിലുകളില്ല. പക്ഷെ അധികൃതര്‍ കണ്ണു തുറന്നില്ലെന്ന് മാത്രം. കൂലിപ്പണിക്കാരനായ സുനില്‍ കുമാര്‍ വാടക വീട്ടിലായിരുന്നു താമസം. കടം വീട്ടുന്നതിനായി സുനില്‍ കുമാര്‍ സാധ്യമായ എല്ലാ വഴികളും നോക്കിയിരുന്നു. പക്ഷെ ഒന്നും അയാളുടെ രക്ഷക്കെത്തിയില്ലെന്ന് മാത്രം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് നാലു പേരും മരണപ്പെട്ടത്. മറവ് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ തറയിലാണ് സുജാതയുടേയും സുനില്‍കുമാറിന്റെയും ചിതയൊരുക്കിയിരിക്കുന്നത്. ചുങ്കത്തറ പാതിരിപ്പാടം സേവാഭാരതി സംഘമാണ് ചിതയൊരുക്കിയിരിക്കുന്നത്. സൗജന്യമായിട്ടാണ് ഈ സംഘം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്.

Sharing is caring!