മലപ്പുറം കേരള ഗ്രാമീണ്‍ ബാങ്കില്‍ വന്‍ കവര്‍ച്ചാ ശ്രമം; മുഖംമൂടിക്കാരന്റെ ചിത്രം സി.സി.ടി.വിയില്‍

മലപ്പുറം കേരള ഗ്രാമീണ്‍ ബാങ്കില്‍ വന്‍ കവര്‍ച്ചാ ശ്രമം; മുഖംമൂടിക്കാരന്റെ ചിത്രം സി.സി.ടി.വിയില്‍

മലപ്പുറം: കോട്ടപ്പടിയിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ മലപ്പുറം ബ്രാഞ്ചില്‍ വന്‍കവര്‍ച്ചാ ശ്രമം. വെന്റിലേറ്റര്‍ തകര്‍ത്ത് ബാങ്കിനുളളില്‍ കടന്ന മോഷ്ടാവ് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോംഗ് റൂം തുറക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്റെ ചിത്രം പതിഞ്ഞ സി.സി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. എന്നാല്‍ മോഷ്ടാവ് മുഖംമൂടി ധരിച്ചതിനാല്‍ മുഖം വ്യക്തമായില്ല. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ബാങ്ക് തുറന്നയുടന്‍ മാനേജര്‍ കുഞ്ഞുമൊയ്തീന്‍ കുട്ടിയാണ് സ്‌ട്രോംഗ് റൂം തുരക്കാന്‍ ശ്രമിച്ചതായി കണ്ടത്. തകര്‍ത്ത വെന്റിലേറ്ററില്‍ കൂടി ബാങ്കിന് അകത്തേക്ക് ഊര്‍ന്നിറങ്ങാന്‍ ഉപയോഗിച്ച കയറും കണ്ടെത്തി. സ്‌ട്രോംഗ് റൂം വാതിലിന്റെ അടിഭാഗത്ത് ചതുരാകൃതിയില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരക്കാന്‍ ശ്രമിച്ചതിന്റെ അടയാളവുമുണ്ട്. ഒരടി കനമുളള ഉരുക്ക് ആവരണം പൊളിക്കാനാകാത്തിനാല്‍ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കവര്‍ച്ചാ ശ്രമം നടന്ന കേരള ഗ്രാമീണ്‍ ബാങ്ക് മലപ്പുറം ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. സമീപത്തെ ഒഴിഞ്ഞ പറമ്പിന്റെ മതിലില്‍ കയറിയ ശേഷം ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പാരപ്പെറ്റില്‍ കയറിയ മോഷ്ടാവ് വെന്റിലലേറ്റര്‍ തകര്‍ത്താണ് അകത്ത് കടന്നത്. നീളത്തിലുളള വെന്റിലേറ്ററിന്റെ ഒരു ഭാഗമാണ് പൊളിച്ചത്. ഇരുമ്പിന്റെ ഗ്രില്ലും ഗ്ലാസും കട്ടര്‍ ഉപയോഗിച്ച് മുറിച്ചിട്ടുണ്ട്. ഇതിന്റെ കഷണങ്ങള്‍ പുറത്തുണ്ട്. ഗ്രില്ലില്‍ ഉടക്കിയാണ് കയര്‍ കെട്ടിയിരിക്കുന്നത്. മലപ്പുറം എസ്.ഐ ബൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് തെളിവടുത്ത് അന്വേഷണമാരംഭിച്ചു.

Sharing is caring!