മലപ്പുറം ജില്ലയെ അവഗണിച്ച് റയില്വേയുടെ ഓണം സ്പെഷല് സര്വീസുകള്
മലപ്പുറം: ഓണത്തിരക്ക് പ്രമാണിച്ച് കേരളത്തിനനുവദിച്ച സ്പെഷല് ട്രെയിനിലും മലപ്പുറം ജില്ലയ്ക്ക് അവഗണന. പതിനഞ്ച് സര്വീസുകളാണ് റയില്വേ ഓണത്തിരക്ക് കണക്കിലെടുത്ത് ഇത്തവണ കേരളത്തിന് അനുവദിച്ചത്. അതില് അഞ്ചെണ്ണം മാത്രമാണ് മലബാറിലേക്കുള്ളത്. ആ ട്രെയിനുകളില് രണ്ടെണ്ണത്തിന് മാത്രമാണ് മലപ്പുറം ജില്ലയിലെ തിരൂര് റയില്വേ സ്റ്റേഷനില് സ്റ്റോപ്പുള്ളത്.
എറണാകുളം-മംഗളൂരു ജംഗ്ഷന് സ്പെഷല് (06055), മംഗളൂരു ജംഗ്ഷന്-എറണാകുളം (065056). ചെന്നൈ സെന്ട്രല്-മംഗളൂരു ജംഗ്ഷന് (06007), മംഗളൂരു ജംഗ്ഷന്-ചെന്നൈ സെന്ട്രല് (06008), മംഗളൂരു ജംഗ്ഷന്-തമ്പരം (06028) എന്നീ ട്രെയിനുകളാണ് മലബാറിലെ യാത്രക്കാര്ക്കായി റയില്വേ അനുവദിച്ചത്. ഇതില് ആദ്യ ട്രെയിനിന് എറണാകുളം ടൗണ്, ആലുവ, തൃശൂര്, ഷൊര്ണൂര്, കോഴിക്കോട്, കണ്ണൂര്, കാസര്കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉള്ളത്. അതായത് ട്രെയിന് കടന്നു പോകുന്ന ജില്ലകളില് എറണാകുളത്ത് രണ്ടിടത്തും, ബാക്കിയുള്ള ജില്ലകളില് മലപ്പുറം ഒഴികെ എല്ലായിടത്തും ഓരോ സ്റ്റോപ്പും. ദീര്ഘദൂര ട്രെയിനുകള്ക്ക് മലപ്പുറം ജില്ലയിലെ സ്റ്റോപ്പായ തിരൂര് പോലും ഒഴിവാക്കിയാണ് റയില്വെ സ്റ്റോപ്പുകള് നിശ്ചയിച്ചിരിക്കുന്നത്.
ചെന്നൈ-മംഗളൂരു ട്രെയിനിനും, മംഗളൂരു-തമ്പരം ട്രെയിനിനും പാലക്കാടും, ഷൊര്ണൂരും, കോഴിക്കോടുമൊക്കെ സ്റ്റോപ്പ് ഉണ്ടെങ്കിലും തിരൂരിലില്ല. തിരൂരില് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്ന രണ്ട് ട്രെയിനുകള് ഓഗസ്റ്റ് 31 പുറപ്പെടുന്ന തിരുനെല്വേലി-മംഗളൂരു ജംഗ്ഷന് (06011) ട്രെയിനും ഇതിന്റെ മടക്ക ട്രെയിനായ മംഗളൂരു ജംഗ്ഷന്-തിരുനെല്വേലി (06011)ക്കുമാണ്.
മംഗളൂരിലേക്കുള്ള ട്രെയിന് എറണാകുളത്തു നിന്ന് സെപ്റ്റംബര് രണ്ടിന് രാത്രി 10.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവില് എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മടക്ക ട്രെയിന് സ്പെറ്റംബര് മൂന്നിന് രാത്രി 7.40നു പുറപ്പെട്ട് പിറ്റേ ദിവസം പുലര്ച്ചെ 3.30ന് എറണാകുളത്തെത്തും. കേരളത്തിന്റെ വിവിധ ജില്ലകളില് ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാര്ക്ക് ഓണത്തിന് യാത്രാ സൗകര്യം ഒരുക്കുന്നതിന് പകരം അവഗണിക്കുകയാണ് റയില്വേ ചെയ്യുന്നതെന്ന് യാത്രക്കാര് പറയുന്നു. മിക്ക ദിവസങ്ങളിലും കാലുകുത്താന് സ്ഥലമില്ലാത്ത വിധത്തിലാണ് മലബാറിലൂടെയുള്ള ട്രെയിനുകള് കടന്നു പോകുന്നത്. ഓണക്കാലത്തെ തിരക്ക് ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.
ഒരു എ സി ടു ടയര്, എ സി ത്രീ ടയര്, 11 സ്ലീപ്പര് ക്ലാസുകള് എന്നിവയാണ് സ്പെഷല് ട്രെയിനില് അനുവദിച്ചിരിക്കുന്നത്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]