വിസയില്ലാതെ ഖത്തറില്‍ പോകുന്നവരെ കരിപ്പൂരില്‍ നിന്നും മടക്കി അയക്കുന്നു

വിസയില്ലാതെ ഖത്തറില്‍ പോകുന്നവരെ കരിപ്പൂരില്‍ നിന്നും മടക്കി അയക്കുന്നു

മലപ്പുറം: വിസയില്ലാതെ ഖത്തറിലേക്ക് പോകുന്ന യാത്രക്കാരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരച്ചയക്കുന്നതായി പരാതി. ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ വേണ്ടെന്ന തീരുമാനം വന്നതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് ഖത്തറിലേക്ക് കരിപ്പൂര്‍ , നെടുമ്പാശ്ശേരി വിമാനത്താവളം യാത്ര ചെയ്യുന്നത്. ഇതില്‍ ചിലരെ മാത്രം യാത്ര ചെയ്യാന്‍ അനുവദിക്കുന്ന നയമാണ് എമിഗ്രേഷന്‍ വകുപ്പ് സ്വീകരിക്കുന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

കഴിഞ്ഞ ദിവസം ഖത്തറിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വീട്ടമ്മയെ എമിഗ്രേഷന്‍ വിഭാഗം മടക്കി അയച്ചതായി പരാതി ഉയര്‍ന്നു. തങ്ങള്‍ക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു മടക്കി അയച്ചത്. തുടര്‍ന്ന് ഇവര്‍ വിസയെടുത്ത് യാത്ര തിരിക്കുകയായിരുന്നു.

ഇന്ത്യക്കാര്‍ വിസ ഒഴിവാക്കിയതായി വാര്‍ത്ത വന്ന അടുത്ത ദിവസം തന്നെ ഖത്തറിലേക്ക് കേരളത്തില്‍ നിന്നും യാത്ര തിരിച്ചിരുന്നു. ഇവരില്‍ പലരെയും ചോദ്യം ചെയ്തിരുന്നെങ്കിലും യാത്ര പോകാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി ചിലര്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നത്.

ആറ് മാസം കാലവധിയുള്ള പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റും ഉണ്ടെങ്കില്‍ ഖത്തറിലേക്ക് പോകാം. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന്‌ ഇതു സംബന്ധിച്ച വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം അടുത്ത ദിവസം തന്നെ നല്‍കുമെന്ന് ഖത്തര്‍ ടൂറിസം മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

Sharing is caring!