‘യാഅല്ലാ കേരള’ ; അറബികളെ കേരളത്തിലെത്തിക്കാന്‍ ടൂറിസം വകുപ്പ്

‘യാഅല്ലാ കേരള’ ; അറബികളെ കേരളത്തിലെത്തിക്കാന്‍ ടൂറിസം വകുപ്പ്

മലപ്പുറം : അറബ് രാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കാംപയ്ന്‍. യാ അല്ല കേരള എന്ന പേരിലാണ് പുതിയ കാംപയ്‌ന് തുടക്കമിട്ടിട്ടുള്ളത്. വേഗത്തില്‍ പുറപ്പെടുക എന്ന അര്‍ഥത്തില്‍ അറബികള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കാണ് യാ അല്ല.

കേരളത്തിന് ടൂറിസം രംഗത്ത് കൂടുതല്‍ വരുമാനം നേടി തരുന്നതില്‍ അറബ് സഞ്ചാരികളുടെ പങ്ക് വളരെ വലുതാണ്. ഇത് മുന്നില്‍ കണ്ട് ടൂറിസം വകുപ്പ് വര്‍ഷങ്ങളായി പദ്ധതികള്‍ ആസൂത്രണം ചെയ്യാറുണ്ട്. 2016 ല്‍ ദുബൈയില്‍ കേര ബ്രാന്റഡ് ടാക്കീസ് എന്ന പേരില്‍ പ്രത്യേകം കാംപയ്ന്‍ തന്നെ നടത്തിയിരുന്നു ഇത് വിജയമായ പശ്ചാത്തലത്തിലാണ് പുതിയ കാംപയ്‌നും ആരംഭിക്കുന്നത്. ഏഴ് കോടി ചെലവിലാണ് പുതിയ കാംപയ്‌ന് തുടക്കമിടുന്നത്.

സൗദി അറേബ്യ,യുഎഇ, ഒമാന്‍, ബഹറയ്ന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ നിന്നും നാല് മണിക്കൂര്‍ യാത്ര മാത്രമാണ് കേരളത്തിലേക്കുള്ളതെന്ന് സാധ്യത വര്‍ധിപ്പിക്കുന്നു. ഗള്‍ഫ് വിമാനത്താവളങ്ങളില്‍ അറബികളെ ആകര്‍ഷിക്കുന്നതിനായി കലാരൂപങ്ങള്‍, പ്രകൃതി ഭംഗി, വെള്ളച്ചാടങ്ങള്‍ എന്നിവയുടെയെല്ലാം മനോഹരമായ ചിത്രങ്ങള്‍ വിനോദ സഞ്ചാര വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. അതിനുപുറമേ ഗള്‍ഫ് വിമാനങ്ങളില്‍ നല്‍കുന്ന ട്രാവല്‍ മാസികകളില്‍ കേരളത്തിലെ ടൂറിസം സ്ഥലങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പച്ചപ്പിനെക്കുറിച്ചും ധാരാളമായി പ്രതിപാദിക്കുന്നുണ്ട്. ഗള്‍ഫിലെ ടെലിവിഷനുകള്‍, റേഡിയോകള്‍, ഓണ്‍ലൈന്‍ മാഗസിനുകള്‍ എന്നിവയിലെല്ലാം വ്യാപകമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

മണ്‍സൂണ്‍, ആയുര്‍വേദം, കേരളവും അറബികളും തമ്മിലുള്ള ചരിത്ര സാംസ്‌കാരിക ബന്ധങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയമായ അസ്ഥിരത നിലനില്‍ക്കുമ്പോഴും കേരളത്തിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ വരവില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രധാനപ്പെട്ട ആറ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നാലിരട്ടിയോളം വിനോദ സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലേയ്ക്ക് വന്നിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് 42.54 ശതമാനമായിരുന്ന അറബ് ടൂറിസ്റ്റുകളുടെ എണ്ണം 2016ല്‍ 169.05 ശതമാനമായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ വര്‍ഷം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി വാര്‍ത്താമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വലിയ തോതില്‍ പരസ്യപ്രചാരണം നടത്തുമെന്നും ബാലകിരണ്‍ തുടര്‍ന്നു. ഫുട്‌ബോള്‍ മേളകളിലും പരസ്യം ചെയ്യുന്നുണ്ട്. അറബ് വ്യാപാര മേളകളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

Sharing is caring!