ബിബിന്‍ വധം: പ്രതികളെ തിരിച്ചറിഞ്ഞു

ബിബിന്‍ വധം: പ്രതികളെ തിരിച്ചറിഞ്ഞു

തിരൂരിലെ ബിബിന്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ക്ക് കൃത്യം നടത്തിയവരുമായി ബന്ധം. ആര്‍.എസ്.എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍ പടി സ്വദേശി കുണ്ടില്‍ ബാബുവിന്റെ മകന്‍ ബിപിന്‍ (24) കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ 60 ഓളം പേരെ ചോദ്യം ചെയ്തു. എന്നാല്‍ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചോദ്യം ചെയ്ത ആളുകളില്‍ നിന്ന് നേരത്തേ കസ്റ്റഡിയിലെടുത്ത മൂന്ന് പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ട്. ഇതില്‍ ഒരാള്‍ക്കാണ് കൃത്യം നടത്തിയവരുമായി ബന്ധമുണ്ടെന്ന്് സംശയിക്കുന്നത്.

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൃത്യമായ ആസൂത്രണം കൊലപാതകത്തിന് പിന്നിന്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. ബിപിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ പ്രതികളുടെ നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വെട്ട് നടക്കേണ്ടത് എവിടെ വെച്ചാണെന്നുള്ളതും രക്ഷപ്പെടേണ്ട സ്ഥലവും പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യം. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇവരിലേക്കെത്തുന്ന കൃത്യമായ സൂചന ലഭിച്ചിട്ടില്ല. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊല നടത്തിയതെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.

ഇവര്‍ മുഖം മറച്ച നിലയിലായിരുന്നു. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ബിപിനെ ആദ്യം വെട്ടിവീഴ്ത്താന്‍ ശ്രമിച്ചു. വെട്ട്‌കൊണ്ട ബിപിന്‍ പ്രാണരക്ഷാര്‍ഥം ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും സംഘം വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വധിച്ച കേസിലെ രണ്ടാം പ്രതിയാണ് ബിപിന്‍. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ബി.പി അങ്ങാടി പുളിഞ്ചോട് വെച്ചായിരുന്നു ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ബിപിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Sharing is caring!