അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിനുള്ള അനുമതി പത്രം റദ്ദാക്കി

അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം  പാര്‍ക്കിനുള്ള അനുമതി പത്രം റദ്ദാക്കി

കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിനുള്ള അനുമതി പത്രം റദ്ദാക്കിയതായി മലിനീകരണ നിയന്ത്രണബോര്‍ഡ് ഹൈക്കോടതിയില്‍. അനുമതി പത്രം റദ്ദു ചെയ്തുകൊണ്ട് ഈ മാസം 10ന് പി.വി അന്‍വര്‍ എം.എല്‍.എക്കു നല്‍കിയ ഉത്തരവാണ് ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് റദ്ദാക്കിയത് നിയമപ്രകാരമല്ലെന്നും ഈ ഉത്തരവ് സേ്റ്റ ചെയ്യണമെന്നുമുള്ള എം.എല്‍.എയുടെ വാദം കോടതി തള്ളി. കോഴിക്കോട് ജില്ലാ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറോട് പാര്‍ക്ക് സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്നാഴ്ചക്കകം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ഇടക്കാല ഉത്തരവിട്ടു. നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കൊല്ലം ചന്ദനതോപ്പ് സ്വദേശി മുരുഗേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. എം.എല്‍.എയെയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അടക്കമുള്ള 12 സ്ഥാപനങ്ങളെ പ്രതിചേര്‍ത്തായിരുന്നു ഹര്‍ജി. ഹൈക്കോടതി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ എന്‍വയോണ്‍മെന്റല്‍ ഓഫീസര്‍ പാര്‍ക്കില്‍ പരിശോധന നടത്തിയത്. നേരത്തെ എം.എല്‍.എ നല്‍കിയ സത്യവാങ്മൂലത്തിന്റെയും സൈറ്റ് പ്ലാനിന്റെയും അടിസ്ഥാനത്തില്‍ ഗ്രീന്‍ കാറ്റഗറിയില്‍പെടുത്തിയാണ് പരിശോധനപോലും നടത്താതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിരുന്നത്. ഹൈക്കോടതി നോട്ടീസ് ലഭിച്ചതോടെ ജൂണ്‍ 30ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ക്കില്‍ പരിശോധന നടത്തി. അനുമതി പത്രത്തില്‍ പറഞ്ഞ ആറു നിബന്ധനകള്‍ പാലിക്കാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തി. അനുമതി പത്രത്തില്‍ അനുവദിച്ച 180 കെ.വി ഡിജി ജനറേറ്റര്‍ സെറ്റിനു പുറമെ മതിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ അധികമായി മൂന്ന് ഡീസല്‍ ജനറേറ്ററുകള്‍ കൂടി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. അനുമതി പത്രത്തില്‍ സ്ഥാപിക്കാന്‍ പറഞ്ഞ മലിനീകരണ നിയന്ത്രണ പ്ലാന്റിന്റെ പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് ജൂലൈ നാലിന് പ്രവര്‍ത്തനാനുമതി റദ്ദുചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കാനായി ബോര്‍ഡ് എം.എല്‍.എക്ക് നോട്ടീസും നല്‍കി. 22ന് എം.എല്‍.എ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു കണ്ടാണ് അനുമതി റദ്ദു ചെയ്തത്.
ഇതോടെ എല്ലാ അനുമതികളും ലഭിച്ചശേഷമാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ വാദം ശരിവെച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും തെറ്റാണെന്നു തെളിഞ്ഞിരിക്കുന്നു. 10ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദാക്കിയ പാര്‍ക്കിനാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അടക്കം എല്ലാ അനുമതിയുമുണ്ടെന്നും ആരോപണം രാഷ്ര്ടീയ പ്രേരിതമാണെന്നും വി.ടി ബല്‍റാം എം.എല്‍.എയുടെ അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

Sharing is caring!