ഝാര്‍ഖണ്ടിലെ ഗ്രാമങ്ങളില്‍ മുസ്‌ലിം ലീഗിന്റെ പെരുന്നാള്‍ ആഘോഷം

ഝാര്‍ഖണ്ടിലെ ഗ്രാമങ്ങളില്‍ മുസ്‌ലിം ലീഗിന്റെ പെരുന്നാള്‍ ആഘോഷം

മലപ്പുറം: ഇത്തവണത്തെ പെരുന്നാള്‍ ഝാര്‍ഖണ്ടിലെ ഗ്രാമവാസികളോടൊപ്പം ആഘോഷിക്കാന്‍ മുസ്‌ലിം ലീഗ്. പാര്‍ട്ടി നടപ്പാക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗ്രാമവാസികളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാളിന് പുതുവസ്ത്രവും മുസ്‌ലിം ലീഗ് നല്‍കും. പദ്ധതിയില്‍ പൊതുജനങ്ങളുടെ പിന്തുണയും പാര്‍ട്ടി തേടിയിട്ടുണ്ട്.

ഝാര്‍ഖണ്ടില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ സഹായം ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പാര്‍ട്ടി നടപ്പാക്കിയ കുഴല്‍ കിണര്‍ നിര്‍മാണം, പശു വിതരണം തുടങ്ങിയ പദ്ധതികളുടെ വിശദാംശങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഝാര്‍ഘണ്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങള്‍ അള്ളാഹുവിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്. വ്യത്യസ്ഥ പദ്ധതികള്‍ക്കായി പല വ്യക്തികളും പസ്ഥാനങ്ങളും മുന്നോട്ട് വന്നിരിക്കയാണ്. കെ.എം.സി.സി ദുബൈ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നല്‍കിയ 3 ലക്ഷം രൂപക്കുള്ള കുഴല്‍ കിണറുകളുടെ പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയാണ്.

പഞ്ച്മോറിയ ഗ്രാമത്തിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഖത്തറിലെ വ്യവസായി ഹമദ് മൂസ തിരുന്നാവായയുടെ സഹായത്തോടെ ആഗസ്ത് 27ന് തുടക്കമാവുകയാണ് (ഇന്‍ഷാഅള്ളാ). ഇതേ ദിവസം തന്നെ പൊയിലൂര്‍ അബ്ബാസ് ഹാജി നല്‍കിയ പശുവിനെ ഗിരിഡിയില്‍ കൊല്ലപ്പെട്ട ഷംസുദ്ധീന്‍ എന്നവരുടെ ഭാര്യക്ക് കൈമാറും.

ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി, ആതവനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി, മറ്റു സഹൃദയര്‍ എന്നിവരുടെ സഹായത്തോടെ ബലിപെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയത്ത് വിതരണവും പെരുന്നാള്‍ വസ്ത്ര വിതരണമടക്കമുള്ള വ്യത്യസ്ഥങ്ങളായ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് വരികയാണ്.
പലഗ്രാമങ്ങളിലും വസ്ത്രത്തിന് ബുദ്ധിമുട്ടുന്നതായും ഇതേ ആവശ്യവുമായി നമ്മുടെ പ്രവര്‍ത്തകരെ ഗ്രാമങ്ങളിലെ ജനങ്ങള്‍ സമീപിക്കുകയുമുണ്ടായി. ഇതിന്റെയടിസ്ഥാനത്തില്‍ പട്ടണത്തിലെ ഒരു തുണിക്കച്ചവടക്കാരനുമായി സഹകരിച്ച് ഒരാള്‍ക്ക് 400-500 രൂപ വരെ ചിലവില്‍ (പുരുഷന്‍മാര്‍ക്ക് ലുങ്കി, കുര്‍ത്ത, ഗാംചി – സ്ത്രീകള്‍ക്ക് സാരി, ജംഫാല്‍, ചുരിദാര്‍, ആണ്‍കുട്ടികള്‍ക്ക് ജീന്‍സ് പാന്റ്, ഷര്‍ട്ട്, പെണ്‍കുട്ടികള്‍ക്ക് സ്യൂട്ട്) ഡ്രസ്സ് നല്‍കാമെന്നും തീരുമാനമായിട്ടുണ്ട്. നമ്മുടെ പരിപാടികളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ എന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടുമെല്ലോ. (09013180206, 09446341111) കൂടാതെ ഇത്തവണത്തെ ബലിപെരുന്നാള്‍ ആഘോഷത്തിന് ഝാര്‍ഘണ്ടിലെ മുസ്ലിം ലീഗ് ഗ്രാമങ്ങളിലേക്ക് ക്ഷണിക്കുകയാണ് സഹൃദയാരായ എല്ലാവരേയും..

 

 

 

Sharing is caring!