ഗെയ്ല്‍ വിരുദ്ധ സമരം; വിജയരാഘവനെ തള്ളി പ്രവര്‍ത്തകര്‍

ഗെയ്ല്‍ വിരുദ്ധ സമരം; വിജയരാഘവനെ തള്ളി പ്രവര്‍ത്തകര്‍

മലപ്പുറം: ഗെയ്ല്‍ വിരുദ്ധ സമരത്തിന് പിന്നില്‍ മുസ് ലിം തീവ്രവാദികളാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെ പ്രസ്ഥാവനക്കെതിരെ പ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

വാതകപൈപ്പ്‌ലൈന്‍ കടന്ന് പോകുന്ന പ്രദേശങ്ങളിലെല്ലാം സിപിഎം പ്രവര്‍ത്തകരും സമര രംഗത്തുണ്ട്. പൈപ്പ്‌ലൈന്‍ കടന്ന് പോകുന്ന സ്ഥലങ്ങളിലെ നഗരസഭാ-പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി നേതാക്കളും ഇപ്പോഴും സമര രംഗത്തുണ്ട്. കഴിഞ്ഞ ദിവസം സമരസമിതി മലപ്പുറത്ത് നടത്തിയ സമര പരിപാടിയിലും പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തിരുന്നു.

ഗെയ്ല്‍ വിരുദ്ധ സമരസമിതി മലപ്പുറത്ത് നടത്തിയ സമരത്തില്‍ നിന്നും

യുഡിഎഫ് ഭരണ സമയത്ത് ജില്ലയില്‍ സമരത്തിന് നേതൃത്വം നല്‍കിയിരുന്നത് സിപിഎം ആയിരുന്നു. പല പഞ്ചായത്തുകളിലും ഭരണ മാറ്റത്തിന് വരെ ഗെയ്ല്‍ വിരുദ്ധ സമരം പാര്‍ട്ടിയെ തുണച്ചിട്ടുണ്ട്. 2016ല്‍ കോഡൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഗെയില്‍ പൈപ്പ് ലൈനിനെതിരേ കിലോമീറ്ററുകള്‍ നീണ്ട മനുഷ്യച്ചങ്ങല തന്നെ സംഘടിപ്പിച്ചിരുന്നു. അന്നത്തെ ലോക്കല്‍ സെക്രട്ടറി പാലോളി ഹംസ പഞ്ചായത്ത് അംഗങ്ങളായിരുന്ന സി കെ സീന, കുട്ടിപ്പ, പ്രാദേശിക നേതാവ് തേക്കില്‍ അഷ്‌റഫ് എന്നിവരെല്ലാമാണ് നേതൃത്വം നല്‍കിയിരുന്നത്.

ഗെയില്‍ വിക്ടിംസ് ഫോറം രണ്ടുവര്‍ഷം മുമ്പ് മലപ്പുറം കലക്ടറേറ്റിനുമുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ എന്‍ മോഹന്‍ദാസ് അടക്കമുള്ള പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു. ഇരിമ്പിളിയം, എടയൂര്‍, മാറാക്കര, കോഡൂര്‍, പൂക്കോട്ടൂര്‍, പുല്‍പറ്റ, കാവനൂര്‍, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിലേയും വളാഞ്ചേരി, മലപ്പുറം, മഞ്ചേരി നഗരസഭകളിലേയും ഗെയില്‍ വിരുദ്ധ പ്രതിഷേധ പരിപാടികളില്‍ സിപിഎം സഹകരിക്കുകയും പ്രക്ഷോഭരംഗത്ത് സജീവമായി നില്‍ക്കുകയും ചെയ്യുന്നുണ്ട്.

ജില്ലയില്‍ ഏറ്റവും ശക്തമായി ഗെയ്ല്‍ വിരുദ്ധ സമരം നടക്കുന്നത് സിപിഎം ഭരിക്കുന്ന കാവനൂര്‍ പഞ്ചായത്തിലാണ്. പഞ്ചായത്തിലെ ഭരണസമിതി ഒന്നടങ്കം പ്രതിഷേധത്തില്‍ പങ്കാളികളാണ്. കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവതിയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഹാജി, അംഗങ്ങളായ കെ ശിവദാസന്‍,സാക്കിര്‍, നീലകണ്ഠന്‍, സുനിത, അബ്ദുറഹിമാന്‍, നീലകണ്ഠന്‍, ശ്യാമിലി, ബീനാചന്ദ്രന്‍,സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ സി ചന്ദ്രന്‍,കോഡൂര്‍ പഞ്ചായത്തംഗങ്ങളായ ഷീന, കടമ്പോട് മുഹമ്മദാലി, കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലെ സിപിഎം പഞ്ചായത്തംഗം ജി സുബൈര്‍,കീഴുപറമ്പ് പഞ്ചായത്തിലെ എല്‍സി സെക്രട്ടറി പാട്ടീരി പ്രകാശന്‍ എന്നിവരെല്ലാം മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

Sharing is caring!