പാണക്കാട്ടെ കല്ല്യാണം; വിശദീകരണവുമായി മുനവ്വറലി തങ്ങള്‍
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തില്‍ വിശദീകരണവുമായി മുനവ്വറലി ശിഹാബ് തങ്ങള്‍. ഞങ്ങളുടെ കുടുംബം സ്ത്രീധനം ആവശ്യപ്പെടാറില്ലെന്നും അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫോട്ടോ എടുക്കരുതെന്ന് അറിയിച്ചിരുന്നു. കുടുംബത്തിലെ ആരോ എടുത്ത ഫോട്ടോ പുറത്ത് പോയതാണ്. അത് പ്രചരിക്കുന്നതില്‍ വിയോജിപ്പും ഖേദവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം പള്ളിയില്‍ വെച്ചാക്കണമെന്ന മുനവ്വറലി തങ്ങളുടെ പഴയ ഫേസ്ബുക്ക് അടക്കം എടുത്തായിരുന്നു കല്ല്യാണത്തിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നത്. ആഡംബര വിവാഹമാണ് നടന്നതെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എളാപ്പ സാദിഖലി തങ്ങളുടെ മകന്‍ അസീലിന്റെ നികാഹ് വളരെ ഭംഗിയായി നടന്നു. അല്ഹംദുലില്ലാഹ്.. നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ടും സഹകരണം കൊണ്ടും എല്ലാം ശുഭകരമായി അവസാനിച്ചു. ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും. ആശങ്കകള്‍ ഒരുപാട് ഉണ്ടായിരുന്നു, വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കണം, അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണം, ഗതാഗത സൗകര്യങ്ങളുടെ അപര്യപ്തത, എല്ലാം ഒരു ആധിയായി മനസ്സിലുണ്ടായിരുന്നു, എന്നാല്‍ പ്രതീക്ഷിച്ചതിലും വളരെ എളുപ്പത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാം സന്തോഷത്തോടെ അവസാനിച്ചു. എസ്‌കെഎസ്എസ്എഫിന്റ സന്നദ്ധ വിഭാഗമായ വിഖായയുടെയും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെയും ശ്രമഫലമായി ആയിരങ്ങളോളം വരുന്ന അതിഥികളെത്തിയിട്ടും ഒരു ഗതാഗത കുരുക്കുമില്ലാതെ സൂക്ഷിക്കാനായി.
എളാപ്പ അബ്ബാസലി തങ്ങളുടെ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു പുരുഷന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്, വിവാഹം നടക്കുന്ന വീട്ടില്‍ സത്രീകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം, സത്രീകളുടെ ഭാഗത്തേക്ക് പുരുഷന്മാര്‍ക്കോ പുരുഷന്മാരുടെ ഭാഗത്തേക്ക് സത്രീകള്‌ക്കോ പ്രവേശനം ഇല്ലാത്ത വിധം ക്രമപ്പെടുത്തിയായിരുന്നു ചടങ്ങ്. ക്യമറ ഉപയോഗിക്കരുതെന്ന് പന്തലില്‍ പോലും പ്രത്യേകം എഴുതി വെച്ചിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, വിവാഹത്തിനെത്തിയ ചിലര്‍ അവരുടെ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോകള്‍ പകര്‍ത്തി, അവരവരുടെ ഫാമിലി ഗ്രൂപ്പുകളില്‍ ഷയര്‍ ചെയതതായിരിക്കാം, സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നതായി അറിഞ്ഞു, ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അതിനോട് യോജിപ്പില്ല, അത് പ്രചരിപ്പിക്കുന്നതില്‍ മാനസികമായി വിയോജിപ്പും വലിയ ഖേദവുമുണ്ട്, പരമ്പരാഗതമായി ഞങ്ങളുടെ കുടുംബം സത്രീധനം ആവശ്യപ്പെടാറില്ല, ഈ കല്ല്യാണത്തിനും ആ രീതി തന്നെയാണ് തുടര്‍ന്നത്, ഞങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു ആവശ്യമോ നിരബന്ധമോ വധു ഗൃഹക്കാരോട് ഉണ്ടായിട്ടില്ല. മകള്‍ക്ക് പിതാവ് അവരുടെ ഇഷ്ടപ്രകാരം നല്‍കിയ ആഭരണങ്ങള്‍ അണിയിച്ച് മകളെ ഭര്‍തൃഗൃഹത്തിലേക്ക് അയക്കുന്നതില്‍ ഇസ്ലാമികമായി തെറ്റില്ലെന്നാണ് പഠിച്ചതും പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നതും. നിര്‍ബന്ധ പൂര്‍വമായ സത്രീധന വ്യവസ്ഥയോടും ദുര്‍വ്യയത്തെയും നമ്മള്‍ ആരും യോജിക്കുന്നില്ല.
സമൂഹത്തിലെ സമുന്നതര്‍ മുതല്‍ താഴെ തട്ടിലുള്ളവര്‍ വരെ എത്തിയ ചടങ്ങില്‍ എല്ലാവരെയും ഒരു പോലെ സ്വീകരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്, ആര്‍ക്കെങ്കിലും വല്ല ബുദ്ധിമുട്ടും അനുഭവപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. നന്മ പ്രചരിപ്പിക്കാനും അതിന്റെ വാഹകരാകാനും നാഥന്‍ തുണക്കട്ടെ.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.