തിരൂര്‍ കൊലപാതകം, പ്രതികരണങ്ങള്‍

തിരൂര്‍ കൊലപാതകം, പ്രതികരണങ്ങള്‍

ജാഗ്രതപുലര്‍ത്തണം: സി.പി.എം

മലപ്പുറം: ജില്ലയില്‍ അക്രമമഴിച്ചുവിട്ട് ചോരപ്പുഴയൊഴുക്കാനുള്ള തീവ്രവാദ മതമൗലികശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രതപുലര്‍ത്തണമെന്നു
സി.പി.എം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. തിരൂരിലും പരിസരത്തും
അസ്വസ്ഥതകളുണ്ടാക്കാന്‍ ഇരുവര്‍ഗീയശക്തികളും കിണഞ്ഞുശ്രമിക്കയാണ്.
ഇതിന്റെ ഭാഗമാണ് ഇന്നലെ രാവിലെ ആര്‍.എസ്.എസുകാരനായ ആലത്തിയൂര്‍
പൊയ്‌ലിശേരി വടക്കേപാടത്ത് കുണ്ടില്‍ ബിബിന്‍ (23) കൊല്ലപ്പെട്ട സംഭവം.
കൊടിഞ്ഞി ഫൈസല്‍വധക്കേസില്‍ രണ്ടാം പ്രതിയാണ് ബിബിന്‍. ഫൈസല്‍വധത്തിന് ശേഷം നാട്ടില്‍ വര്‍ഗീയ ചേരിതിരിവിന് മുസ്ലിംഹൈന്ദവ വര്‍ഗീയ വിഭാഗങ്ങള്‍ നിരന്തര ഗൂഢാലോചനയിലായിരുന്നു.ബിബിന്‍വധത്തിലെ പ്രതികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടിവേണം. കൊലക്കുത്തരവാദികളായ എല്ലാവരെയും ഉടന്‍ പിടികൂടി നിയമസമാധാനംസംരക്ഷിക്കാന്‍ കര്‍ശന നിലപാടുമായി മുമ്പോട്ടുപോകണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

പൊലീസ് ജാഗ്രത പുലര്‍ത്തണം: മുസ്ലിംലീഗ്

മലപ്പുറം: ബിബിന്‍ വധത്തിലെ കുറ്റക്കാരെ എത്രയുംവേഗം പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണമെന്നും പൊലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണണമെന്നും മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നാടിന്റെ സര്‍വ്വ സമാധാനുവും തകര്‍ക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് നടന്നു വരുന്നത്. മതപരമായും രാഷ്ര്ടീയ പരമായും ഇതിനെ ന്യായീകരിക്കാനാവില്ല. വര്‍ഷങ്ങളായി മലപ്പുറം കാത്തുപോന്ന സമാധാനന്തരീക്ഷത്തിനു പോറലേല്‍ക്കാതിരിക്കാന്‍ ശ്രമിക്കണം. സാമാധനശ്രമങ്ങളുടെ മുന്‍ നിരയില്‍ മുസ്‌ലിം ലീഗുമുണ്ടാവും. അക്രമികളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടുകളില്‍ സി.പി.എം അടക്കമുള്ള രാഷ്ര്ടീയ പാര്‍ട്ടികള്‍ മാറി നല്‍ക്കണം. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നതിന് പകരം നാടിന്റെ സമാനധാനം കാത്തു സുക്ഷിക്കുന്നതിനാണ് പ്രധാന്യം നല്‍കേണ്ടത്. കൊലപാതകത്തെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷവും കുഴപ്പവും സൃഷ്ടിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണം. ഇത്തരം ശ്രമങ്ങളെ എല്ലാവിഭാഗം ജനങ്ങളും യോജിച്ച് നേരിടണം. സമാധാനം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി എല്ലാവരും സഹകരിക്കണമെന്നും അഡ്വ. കെ.എന്‍.എ ഖാദര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.

 

വര്‍ഗീയ വാദികളെ
ഒറ്റപ്പെടുത്തണം: സി.പി.ഐ

മലപ്പുറം: വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളില്‍ ഭീതി പടര്‍ത്താനുള്ള നീക്കത്തിനെതിരെ മതേതര-പുരോഗമന പ്രസ്ഥാനങ്ങള്‍ രംഗത്തിറങ്ങണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ആസൂത്രിത ശ്രമങ്ങളാണ് സൈ്വര ജീവിതം തകര്‍ക്കാന്‍ ജില്ലയില്‍ മത തീവ്രവാദികള്‍ നടക്കുന്നത്. ഇത് കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ പാടില്ല. ഇക്കൂട്ടരുടെ ഇടപെടല്‍ സാധ്യമാക്കാത്ത രീതിയിലുള്ള പ്രതിരോധം ജനമനസ്സുകളില്‍ ഉയര്‍ന്നു വരണം. എല്ലാ രാഷ്ര്ടീയ- സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കാനുള്ളത്. നിയമം കൈയ്യില്ലെടുക്കാനും സ്വയം നീതി നടപ്പാക്കാനും ആരെങ്കിലും ശ്രമിക്കുന്നത് നാടിന്റെ ഉറക്കം കെടുത്തുക മാത്രമേഉള്ളൂ. ഫൈസല്‍വധക്കേസിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച പൊലീസ് കര്‍ശന സമീപനം സ്വീകരിച്ചിട്ടുള്ളത്. അതുപോലെ ബിബിന്‍വധത്തിലെ പ്രതികളെ യും എത്രയുംവേഗം അറസ്റ്റ് ചെയ്യാന്‍ പൊലീസ്‌നടപടി എടുക്കണം- സി പി ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ ആവശ്യപ്പെട്ടു

 

മുറിവേല്‍പിക്കരുത്:
കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ജില്ലയുടെ മതേതര മനസും ഐക്യവും തകര്‍ക്കാന്‍ ഒരു ശക്തികളെയും അനുവദിക്കരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിയേറ്റ്. തിരൂരില്‍ ഇന്നലെയുണ്ടായ കൊലപാതകം അപലപിക്കപ്പെടേണ്ടതാണ്. പരസ്പരം അക്രമിച്ചും കൊലപ്പെടുത്തിയും നാടിന്റെ സ്വസ്ഥത തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണം. മതേരത്വത്തിന്റെ മണ്ണായ മലപ്പുറത്തിന് അക്രമവും കൊലപാതകവും അന്യമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം അക്രമങ്ങളും കൊലപാതകവും അഴിച്ചു വിട്ട് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കരുത്. നിയമത്തിലും നീതിപീഠത്തിലും വിശ്വാസിക്കുകയാണ് വേണ്ടതെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

 

കൊലപാതകികളെ ഉടന്‍
പിടികൂടണം: വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം: ഫൈസല്‍ വധക്കേസ് പ്രതി വിപിന്റെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ പിന്നിലെ ഗൂഡാലോചകരെയും പുറത്തുകൊണ്ടു വരണം. കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്ന സംഘ്പരിവാറിന് ഗുണകരമാണ് വിബിന്‍ വധം. ഇതോടനുബന്ധിച്ച് ജില്ലയില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം. ഫൈസല്‍ വധത്തിന് ശേഷം മലപ്പുറത്തെ ജനങ്ങള്‍ സംയമനം പാലിച്ചത് കൊലപാതകം ആസൂത്രണം ചെയ്തവര്‍ക്ക് വലിയ തിരച്ചടിയായിരുന്നു. അതിനിടയിലാണ് ഇത്തരത്തിലൊരു ദാരുണ കൊലപാതകം കൂടി നടക്കുന്നത്. പോലീസും ഭരണ സംവിധാവനും കൃത്യതയോടെ ഇടപെട്ട് കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളത്തെ കൊലയറക്കാനുള്ള നീക്കങ്ങളെ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ ചെറുക്കണമെന്നും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ല പ്രസിഡന്റ്‌റ് എം.ഐ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, റംല മമ്പാട്, ആരിഫ് ചുണ്ടയില്‍, നാസര്‍ കീഴുപറമ്പ്, സാബിര്‍ മലപ്പുറം പ്രസംഗിച്ചു.

 

Sharing is caring!