എ വിജയരാഘവന്റെ പ്രസ്താവനക്കെതിരെ സമരസംഘടനകള്‍

എ വിജയരാഘവന്റെ പ്രസ്താവനക്കെതിരെ സമരസംഘടനകള്‍

മലപ്പുറം: ഗെയ്ല്‍ വിരുദ്ധ സമരത്തിന് പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ സംഘടനകള്‍. മാധ്യമ പ്രസ്താവന നേടാനാണ് വിജയരാഘവന്റെ ശ്രമമെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസും അഭിപ്രായപ്പെട്ടു.

എ. വിജയരാഘവന്റെ പ്രസ്താവന ഖേദകരമാണെന്ന് ജനകീയ സമര സമിതി പറഞ്ഞു. സമരത്തിന് പിന്നില്‍ മതവും ജാതിയും രാഷ്ട്രീയവുമില്ല. സിപിഎം അടക്കമുള്ള മുഖ്യധാരാ സംഘടനകള്‍ സമരത്തിന് പിന്നിലുണ്ട്. ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ട് പോകരുതെന്നാണ് തങ്ങള്‍ പറയുന്നത്. വികസനത്തിനെതിരായ സമരമല്ല നടത്തുന്നത്. പാലക്കാടും കണ്ണൂരും കോഴിക്കോടും സമരം നടക്കുന്നുണ്ട് അവിടെയൊന്നുമില്ലാത്ത തീവ്രവാദ ആരോപണം എന്ത് കൊണ്ടാണ് മലപ്പുറത്ത് ആരോപിക്കുന്നതെന്നും സമരസമിതി ചോദിച്ചു.

സംഘ്പരിവാറിന്റെ വാദങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് വിജയരാഘവന്റെ പ്രസ്താവനയെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ദേശീയപാതാ സമരത്തിലും പുതുവൈപ്പിനിലും മലപ്പുറം ഉപതിരഞ്ഞെടുപ്പ് സമയത്തുമൊക്കെ പയറ്റി പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ് സി.പി.എം ഇപ്പോഴും പയറ്റി കൊണ്ടിരിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഗൈല്‍ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തിരുന്ന സി.പി.എം അണികളും ഈ തീവ്രവാദ വിഭാഗത്തില്‍ പെടുമോ എന്ന് വിജയരാഘവന്‍ വ്യക്തമാക്കണമെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു.

ഗയില്‍ പദ്ധതിയില്‍ ഇരകളാക്കപ്പെടുന്നവര്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തുന്ന പ്രക്ഷോഭത്തെ മുസ്ലിം തീവ്രവാദമെന്നാക്ഷേപിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നത് കോര്‍പറേറ്റ് ഭീമന്‍മാരെ സഹായിക്കാനാണെന്ന് എസ്.ഡി.പി.ഐ പറഞ്ഞു. ഭൂമിക്കും ജീവനും വേണ്ടിയുള്ള ഇരകളുടെ ഗയില്‍ വിരുദ്ധ സമരത്തിനിടെ കൂറ്റനാട് നടന്ന പോലിസ് അതിക്രമത്തിനിരയായ സ്വന്തം പാര്‍ട്ടി അണികള്‍ക്കും വിജയരാഘവന്‍ തീവ്രവാദ പട്ടം നല്‍കിയിരിക്കുകയാണ്. സി.പി.എം അടക്കമുള്ള പാര്‍ട്ടികളുടെ ജനപ്രതിനിധികളും മത,സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികളും നേതൃത്വം നല്‍കുന്ന ഗയില്‍വിരുദ്ധ സമരത്തിനെതിരെ വര്‍ഗീയാക്ഷേപം നടത്തി കുത്തകകളെ സഹായിക്കാനുള്ള വിജയരാഘവന്റെ നടപടിയെക്കുറിച്ച് സി.പി.എം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു.

പ്രസ്താവന വസ്തുത വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. ജാതി ,മത ,കക്ഷി രാഷ്ട്രീയത്തിനപ്പുറം ഇരകളാക്കപ്പെടുന്ന പച്ച മനുഷ്യരാണ് സമര രംഗത്തുള്ളത്. അതിന് അവരുടേതായ ന്യായവും അവര്‍ക്കുണ്ട്. വിജയരാഘവന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കാരും സമര രംഗത്തുണ്ട്.ഇരകളുടെ ആശങ്കകള്‍ ദൂരീകരിച്ച് പദ്ധതി നടപ്പാക്കാനുള്ള ഇഛാശക്തി കാണിക്കണം. അല്ലാതെ സമര രംഗത്തുള്ളവരെ മൊത്തം തീവ്രവാദികളായി ചിത്രീകരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് ഐഎന്‍എല്‍ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.

Sharing is caring!