പി വി അന്‍വറിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം പ്രകടനം

പി വി അന്‍വറിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം പ്രകടനം

നിലമ്പൂര്‍: എം.എല്‍.എ സ്ഥാനം നിയമ ലംഘനത്തിനുള്ള ലൈസന്‍സല്ലെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്. നിയമനിര്‍മാണമാണ് എം.എല്‍.എയുടെ ചുമതല അല്ലാതെ നിയമലംഘനവും ഭൂമി പിടിച്ചെടുക്കലുമല്ല. പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം നടത്തുംവരെ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കക്കാടംപൊയിലില്‍ നിയമംലംഘിച്ച് വാട്ടര്‍തീം പാര്‍ക്കും ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിയില്‍ തടയടണയും റോപ് വേയും നിര്‍മ്മിച്ച പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ആധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ കരീം, സംസ്‌ക്കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഇ. മുഹമ്മദ്കുഞ്ഞി, അഡ്വ.ബാബുമോഹനക്കുറുപ്പ്, എം.എ റസാഖ്, എ.ഗോപിനാഥ്, പാനായി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

ജ്യോതിപ്പടിയില്‍ നിന്നും ആരഭിച്ച മാര്‍ച്ചില്‍ വനിതകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. എ.പി.ജെ അബ്ദുല്‍കലാം ലിങ്ക് റോഡിനു മുന്നില്‍ ബാരിക്കേഡും കയരുകൊണ്ട് വടവും കെട്ടി പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, വണ്ടൂര്‍, നിലമ്പൂര്‍ സി.ഐ, വിവിധ സ്റ്റേഷനിലെ എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും സമീപത്തെ കെട്ടിടത്തിന്റെ മതില്‍ തകര്‍ന്നു. നേതാക്കള്‍ പാടുപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.

പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് രണ്ടുപേരെ അറസ്റ്റു ചെയ്തു. കണ്ടാലറിയാവുന്ന അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

Sharing is caring!