അനസിന്റെ പിന്‍ഗാമിയാവാന്‍ ഷാനിദ് വാളന്‍

അനസിന്റെ പിന്‍ഗാമിയാവാന്‍ ഷാനിദ് വാളന്‍

മലപ്പുറം: ഐഎസ്എല്‍ താരങ്ങളായ അനസിന്റെയും ഹക്കുവിന്റെയും പിന്‍ഗാമിയായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിരോധ നിരയിലേക്ക് മറ്റൊരു താരം കൂടി. മലപ്പുറം വലിയങ്ങാടി സ്വദേശി ഷാനിദ് വാളനാണ് മലപ്പുറത്തിന്റെ പെരുമയുമായി മുന്‍ ഐ ലീഗ് ക്ലബ്ബായ ഒഎന്‍ജിസിയില്‍ സൈന്‍ ചെയ്തത്. മുംബൈ എലൈറ്റ് ഡിവിഷനില്‍ ഷാനിദിന്റെ കളി കാണാം

കഴിഞ്ഞ വര്‍ഷം ചെന്നൈ ലീഗ് ക്ലബ്ബായ വിവ ചെന്നൈ നിരയിലായിരുന്നു ഷാനിദ് കളിച്ചിരുന്നത്. ചെന്നൈ ലീഗിലെ തന്നെ ടീമായ ഹിന്ദുസ്ഥാന്‍ ഈഗ്ള്‍സ് ആയിരുന്നു ഷാനിദിന്റെ ആദ്യ ടീം. മൂന്ന് തവണ സന്തോഷ് ട്രോഫി ക്യാംപില്‍ ഉള്‍പ്പെട്ടിരുന്ന താരം കൂടിയാണ് ഷാനിദ്. കോട്ടയത്തിനും മലപ്പുറത്തിനും വേണ്ടി സീനിയര്‍ ഫുട്‌ബോള്‍ ടീമിലും കളിച്ചിട്ടുണ്ട്. എംജി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമുകളിലും താരത്തിന്റെ സാനിധ്യമുണ്ടായിരുന്നു.

എംഎസ്പി മലപ്പുറം, മഞ്ചേരി എന്‍എസ്എസ്, കോട്ടയം ബസേലിയസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഷാജറുദ്ദീനാണ് ഷാനിദിന്റെ ആദ്യ പരിശീലകന്‍. ബിനോ ജോര്‍ജ്, ബിനോയ് സി ജയിംസ്, ഹംസ കോയ എന്നിവര്‍ക്ക് കീഴിലും ഷാനിദ് പരിശീലനം നേടിയിട്ടുണ്ട്.

Sharing is caring!