കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍; സാധ്യത തെളിയുന്നെന്ന്‌ എയര്‍പോര്‍ട്ട് ഡയറക്ടര്‍

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍; സാധ്യത തെളിയുന്നെന്ന്‌ എയര്‍പോര്‍ട്ട് ഡയറക്ടര്‍

കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നതിനാവശ്യമായ സൗകര്യമുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. വ്യോമയാന വകുപ്പിലെ ഉദ്യോഗസ്ഥരും, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദീകരണമുള്ളത്. ബോയിങ് 777-200 വിമാനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം വിമാനത്താവളത്തിലുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിഗണനയിലാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ അറിയിച്ചു. ഏപ്രില്‍ 24നാണ് വ്യോമയാന ഉദ്യോഗസ്ഥരും, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരും വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പരിശോധിച്ചത്. എയറോഡ്രോം ഓപ്പറേറ്റര്‍, വൈമാനിക ഉദ്യോഗസ്ഥര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സി എന്നിവരുടെ അഭിപ്രായവും ഈ വിഷയത്തില്‍ അറിയണമെന്ന് വ്യോമയാന വകുപ്പ് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.

ഇവരുടെ കൂടെ അഭിപ്രായവും, ഈ വകുപ്പുകളുടെ റിപ്പോര്‍ട്ടും കൂടി അടിസ്ഥാനമാക്കി എയറോഡ്രോം ഓപ്പറേറ്റര്‍ക്ക് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാം. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംരഭിക്കുന്നതോടെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും, സൗദി അറേബ്യ യാത്രക്കാര്‍ക്കും ഇനി ഇവിടെ നിന്ന് നേരിട്ട് വിമാന സര്‍വീസുകള്‍ ലഭ്യമാകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കാര്‍ഗോ സര്‍വീസിലും ഇത് കാര്യമായ പുരോഗതി ലഭ്യമാക്കും.

Sharing is caring!