പൊന്നാനി എം.ഇ.എസ് കോളജ് ഈ ആഴ്ച തുറക്കും

പൊന്നാനി എം.ഇ.എസ്  കോളജ് ഈ ആഴ്ച തുറക്കും

പൊന്നാനി: വിദ്യാര്‍ഥി അക്രമത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി അടച്ചിട്ട പൊന്നാനി എം.ഇ.എസ് കോളജ് ഈ ആഴ്ച തുറന്നേക്കും. കോളജിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്ലാസ്തല യോഗം നടന്നിരുന്നു. ഇന്നു അവസാനവട്ട സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കാനാണ് നീക്കം.

19 അംഗങ്ങള്‍ ഉള്‍പ്പെട്ട സ്റ്റാഫ് കൗണ്‍സില്‍ ആണ് നാളെ ചേരുക. കോളജില്‍ രാഷ്ര്ടീയം പൂര്‍ണമായും നിരോധിക്കണമെന്ന് നേരത്തെ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ രാഷ്ര്ടീയം നിരോധിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് എം.ഇ.എസ് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അക്രമ രാഷ്ര്ടിയം അവസാനിപ്പിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിലപാടാണ് മാനേജ്‌മെന്റ് കമ്മിറ്റിക്കുള്ളത്. അതിനിടെ സസ്‌പെന്‍ഷനിലുള്ള 11 വിദ്യാര്‍ഥികള്‍ക്ക് ടി.സി. നല്‍കാനും നീക്കമുണ്ടെന്നാണ് അറിയുന്നത്.

1400 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ 200 ആണ്‍ കുട്ടികള്‍ മാത്രമാണുള്ളത്. ഇതില്‍ വിരലിലെണ്ണാവുന്ന പ്രശ്‌നക്കാരായ വിദ്യാര്‍ഥികളുടെ ചെയ്തികൊണ്ട് രാഷ്ര്ടീയം നിരോധിക്കുന്നതിനോടും കോളജ് അനിശ്ചിതമായി അടച്ചിടുന്നതിനോടും ക്ലാസ് പി.ടി.എ യോഗത്തില്‍ രക്ഷിതാക്കള്‍ പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരും കോളജില്‍ പഠിക്കാത്ത വിദ്യാര്‍ഥികളും കാമ്പസിനകത്ത് വിലസുന്നത് നിയന്ത്രിക്കാനുള്ള തീരുമാനമെടുക്കും. കോളജ് രണ്ടാഴ്ചയിലധികം അടച്ചിട്ടത് മൂലം വിദ്യാര്‍ഥികളും വിവിധ രാഷ്ര്ടീയ പാര്‍ട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനാല്‍ ഈയാഴ്ച തന്നെ കോളജ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Sharing is caring!