സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് ഇ ടി മുഹമ്മദ് ബഷീര്‍

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ദളിത്-ന്യൂനപക്ഷ വിഷയങ്ങളിലെ കൂടുതല്‍ ഇടപെടലുകള്‍ക്ക് സഹായം അഭ്യര്‍ഥിച്ച് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് അടുത്തിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് ഇ ടി മുഹമ്മദ് ബഷീര്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ആറാം തിയതി ഇ ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ജാര്‍ഖണ്ഡില്‍ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ യാത്രയ്ക്കിടയില്‍ ബോധ്യപ്പെട്ടതും, ആവശ്യമുണ്ടെന്ന് തോന്നുന്നതുമായ കാര്യങ്ങളാണ് അദ്ദേഹം മലപ്പുറം ലൈഫിനയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഇ ടി മുഹമ്മദ് ബഷീറിന്റെ വാക്കുകളിലേക്ക്..

ഗോ-സംരക്ഷകരുടെ അക്രമത്തില്‍ അതിക്രൂരമായ കൊലചെയ്യപ്പെട്ടവരുടെ കുടുംബത്തിന് സഹായമെത്തിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.

ബീഫ് വിവാദത്തെ കുറിച്ച് വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിലിടെ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായ കൊലചെയ്യപ്പെട്ട മിന്‍ഹാജ് അന്‍സാരി എന്ന 22 വയസ്സുകാരന്റെ ഉപ്പക്ക് ഉപജീവനമാര്‍ഗ്ഗത്തിന് ഒരു ടാക്സി വാങ്ങി കൊടുക്കണം.

(3.5 ലക്ഷം രൂപ വിലയുള്ള മാജിക് ഗുഡ്സ്)

ഗിരിഡിയില്‍ കൊല്ലപ്പെട്ട ഷംസുദ്ധീന്‍ എന്നവരുടെ ഭാര്യക്ക് 40,000 രൂപ വിലയുള്ള ഒരു പശുവിനെ നല്‍കിയാല്‍ അവരുടെ കുടുംബത്തിന് അതൊരു വലിയ ആശ്വാസമാവും. കൂടാതെ അവരുടെ വീടും പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപ മതിയാവും വീട് പൂര്‍ത്തീകരണത്തിന്. ജനാബ് പൊയിലൂര്‍ അബ്ബാസ് ഹാജി സാഹിബ് പശുവിനെ വാങ്ങിത്തരാന്‍ സന്നദ്ധമായിട്ടുണ്ട്.

തന്റെ വീട്ടു മുറ്റത്ത് നിന്ന് ചത്ത പശുവിനെ കണ്ടുവെന്നാരോപിച്ച് ഗോ-സംരക്ഷകര്‍ കത്തിച്ച് ചാമ്പലാക്കിയ ഉസ്മാന്‍ അന്‍സാരി എന്ന വൃദ്ധന്റെ വീട് പുനര്‍ നിര്‍മ്മിക്കുന്നതിന് 3 മുതല്‍ 4 ലക്ഷം രൂപ വരെ കണ്ടെത്തേണ്ടതുണ്ട്. അക്രമത്തില്‍ പരിക്കേറ്റ ഇവര്‍ സാധാരണ സ്ഥിതിയിലേക്ക് ഇനിയും എത്തിയിട്ടില്ല.

കാറില്‍ ബീഫ് കടത്തി എന്നാരോപിച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട അലീമുദ്ധീന്‍ എന്ന വ്യാപാരിയുടേയും നുഅ്മാന്‍ എന്ന യുവാവിന്റേയും കേസ് നടത്തിപ്പിനുള്ള സഹായങ്ങളും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്.

രണ്ടാമതായി

ദളിത്-ആദിവാസി മേഖലകളായ ബഡ്ഗുണ്ട ആദിവാസി കോളനി, നായക്ഡി ദളിത് കോളനി എന്നിവിടങ്ങളില്‍ അത്യാവശ്യമായി കുഴല്‍ കിണറുകളും ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കണം. ഒരു കുടുംബത്തിന് 12,000 രൂപ ചിലവ് വരുന്ന ടോയ്ലറ്റ് നിര്‍മ്മിച്ച് നല്‍കണം. ഏകദേശം 50 ഓളം കുടുംബങ്ങളുണ്ട് പല ഗ്രാമങ്ങളിലായി.

പ്രാഥമിക സ്‌കൂളുകള്‍

ഗിരിഡിയിലെ ഗ്രാമ മുഖ്യന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് കെട്ടിടമില്ലാത്ത അവസ്ഥ കാണാനിടയായി. രണ്ട് ഏക്കറയിലധികം സ്ഥത്ത് ഒരു സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ച് നല്‍കിയാല്‍ മുസ്ലിം ലീഗിന് അത് വലിയ മുതല്‍ കൂട്ടാവും. 30-40 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന 3 നില കെട്ടിടത്തിന്റെ രൂപ രേഖയും തയ്യാറായിരിക്കയാണ്. 20 ലക്ഷം രൂപയുണ്ടെങ്കില്‍ ആദ്യനിലയുടെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പഞ്ച്മോറിയ ഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മ്മിക്കാനായി സ്ഥലം കണ്ടെത്തി തറ മാത്രം പണിത് തുടര്‍ നിര്‍മ്മാണത്തിനായി സാമ്പത്തികമില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തി നിലച്ചത് പൂര്‍ത്തിയാവാന്‍ ഏകദേശം 15-20 ലക്ഷം രൂപ വേണ്ടി വരും. ഈ സ്‌കൂളിന്റെ രൂപരേഖയും തയ്യാറായിട്ടുണ്ട്.

മുസ്ലിം-ദളിത്-ആദിവാസി ഗ്രാമങ്ങളുടെ സംഗമ സ്ഥലമായ ഖാണ്ഡെ നിയോജക മണ്ഡലത്തിലെ മോസലച്ചൂടി എന്ന ഗ്രാമത്തില്‍ ദാറുല്‍ഹുദാ, വയനാട് യത്തീംഖാന മോഡലില്‍ റസിഡന്‍ഷ്യല്‍ സ്ഥാപനം തുടങ്ങാന്‍ രണ്ട് ഏക്കറയിലധികം സ്ഥലം മുസ്ലിം ലീഗിന് സൗജന്യമായി നല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറാണ്.

കര്‍മ്മായി ഗ്രാമത്തിലെ ഒരു പ്രധാന മദ്രസ്സയില്‍ ദീനീ വിജ്ഞാനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നല്‍കുന്നത് കാണാനിടയായി. അവിടെ വിദ്യാര്‍ത്ഥിനികള്‍ തറയിലിരുന്നാണ് പഠിക്കുന്നത്. അവര്‍ക്കാവശ്യമായ ബെഞ്ച്, ഡസ്‌ക്, ടാബിള്‍ അടക്കമുള്ള ഫര്‍ണ്ണിച്ചറുകള്‍ ഖത്തറിലെ ഹമദ് മൂസ തിരുന്നവായ എന്നവര്‍ നല്‍കാന്‍ സന്നദ്ധനായിട്ടുണ്ട്.

ട്യൂഷന്‍ സെന്ററുകള്‍
നവോദയ വിദ്യാലയം പോലുള്ള വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ക്കുന്നുണ്ട് നമ്മുടെ ഗ്രാമങ്ങളുടെ അടുത്ത നഗരങ്ങളില്‍. അവിടങ്ങളില്‍ പഠിക്കാന്‍ ഗ്രാമങ്ങളിലെ കുട്ടികളെ സജ്ജരാക്കുകയാണ് ട്യൂഷന്‍ സെന്ററുകളുടെ ധര്‍മ്മം.

മുസ്ലിം ലീഗ് കമ്മിറ്റികള്‍ രൂപികരിക്കപ്പെട്ട കൊരിഡി, സൂച്ന, ബഡ്ഗുണ്ട, ഗജ്ഗുണ്ട എന്നീ ഗ്രാമങ്ങളില്‍ മുസ്ലിം ലീഗിന്റെ മേല്‍നോട്ടത്തില്‍ പ്രദേശത്ത് ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മിതമായ ഫീസ് വാങ്ങി ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കാവുന്നതാണ്.

ട്യൂഷന്‍ സെന്ററുകളിലെ അദ്ധ്യാപകരെ അതത് പ്രദേശത്ത് നിന്ന് തന്നെ തിരഞ്ഞെടുത്ത് അവര്‍ക്ക് ആവശ്യമായ ട്രൈനിംഗും മറ്റും നല്‍കേണ്ടതാണ്. ഒരു ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കാന്‍ മാസത്തില്‍ ഏകദേശം 15000 രൂപ ചിലവ് പ്രതീക്ഷിക്കുന്നു.

ഗ്രാമങ്ങളിലെ മസ്ജിദുകളിലെ സുപ്രധാന വിഷയം അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല എന്നതാണ്. ഏകദേശം 50,000 രൂപ ചിലവഴിച്ചാല്‍ പല ഗ്രാമങ്ങളിലായി 5 ഓളം മസ്ജിദുകളില്‍ വാട്ടര്‍ ടാങ്ക്, വുളു ഖാന, ടോയ്ലറ്റ് സൗകര്യങ്ങളൗരുക്കാന്‍ സാധിക്കും. ഗിരിഡി ജില്ലയിലെ ബഡ്ഗുണ്ട ഗ്രാമത്തില്‍ 30 സെന്റ് സ്ഥലം മസ്ജിദിനായി വഖ്ഫ് ചെയ്ത സ്ഥലം കാണാനിടയായി. 15 ലക്ഷം രൂപയുണ്ടായാല്‍ മനോഹരമായ ഒരു മസ്ജിദ് നമുക്ക് അവിടെ പണിയാന്‍ സാധിക്കും. മസ്ജിദിനായി രൂപ രേഖ വരെ തയ്യാറാക്കിയിരിക്കുന്നു.

മദ്രസ്സാ നവീകരണം

ഗ്രാമങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന ഒന്നാണ് മക്തബുകള്‍ (മദ്രസ്സ). ഇവിടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ചുരുങ്ങിയ ചിലവ് മതിയാവുന്നതാണ്. മദ്രസ്സകള്‍ നവീകരിക്കുന്നതോടൊപ്പം ഗ്രാമങ്ങളില്‍ അഗന്‍വാഡികളും, പ്രൈമറി സ്‌കൂള്‍ ക്ലാസുകളും അവിടെ തുടങ്ങാന്‍ സാധിക്കും.

അകറ്റി നിറുത്തപ്പെട്ട ദളിദ്-മുസ്ലിം-ആദിവാസി സമുദായെത്ത അഭിമാനകരമായ അസ്തിത്വത്തിലേക്ക് ഉയര്‍ത്തി കൊണ്ട് വരുന്നതിനും മേല്‍ പറഞ്ഞ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും സന്നദ്ധമാവുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഝാര്‍ഘണ്ടിലെ ഗ്രാമങ്ങള്‍ സന്ദര്‍ഷിക്കുന്നതിനും മറ്റും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഗ്രാമങ്ങള്‍ സന്ദര്‍ഷിക്കുന്നതിനും മറ്റു വിശദ വിവരങ്ങള്‍ക്കും എന്റെ ഡല്‍ഹി ഓഫീസുമായി സമീപിക്കുമെല്ലോ….

ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് തന്റെ ഡല്‍ഹി ഓഫിസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് ഇ ടി മുഹമ്മദ് ബഷീര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Sharing is caring!