ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 60വയസ്സുകാരന് പത്തുവര്‍ഷം കഠിന തടവും20,000 രൂപ പിഴയും

മഞ്ചേരി: ആറുവയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനം നടത്തിയ 60വയസ്സുകാരന് പത്തുവര്‍ഷം കഠിന തടവും 20000 രൂപ പിഴയും. വേങ്ങര ഇരിങ്ങല്ലൂര്‍ ഇല്ലിപ്പുലാക്കല്‍ റഹ്മത്ത് നഗറില്‍ അഞ്ചുകണ്ടന്‍ അഹമ്മദ് (60)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്.

2014 ഫെബ്രുവരി ഏഴിനാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടുപറമ്പില്‍ തെങ്ങിന് കുഴിയെടുക്കാനെത്തിയതായിരുന്നു കൂലിപ്പണിക്കാരനായ പ്രതി. ബാലികയുടെ പിതാവ് ഗള്‍ഫിലാണ്. മാതാവ് തുണിയലക്കാനായി പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയ മാതാവ് പീഡനം നേരില്‍ കാണുകയായിരുന്നു. വേങ്ങര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ബലാല്‍സംഗത്തിന് 10 വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക തടവ്. പോക്‌സോ ആക്ട് പ്രകാരം 10 വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമായി ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Sharing is caring!