ഇന്ത്യന്‍ ഫുട്ബോളിലെ ‘മാഞ്ചസ്റ്റര്‍’
ഫുട്ബാളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ മാറോട് ഒട്ടിക്കിടക്കുന്ന പ്രദേശമാണ് കാവുങ്ങല്‍. കളിയുടെ മികവുകൊണ്ട് കാണികളുടെ കണ്ണിലുണ്ണികളായി മാറിയ ഒട്ടേറെ താരങ്ങളെ പെറ്റുപോറ്റിയ ഈ നാട് ഈ അടുത്ത കാലത്തായി ഫുട്ബാളില്‍ പുതിയ മേല്വിലാസമുണ്ടാക്കിയിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ന കിടിലന്‍ ഫുട്ബാള്‍ ടീമിന്റെ പേരില്‍ കാവുങ്ങല്‍ പ്രദേശം മുമ്പേ മലപ്പുറത്തും പരിസര ദേശങ്ങളിലും അറിയപ്പെട്ടിരുന്നു.എന്നാല്‍, കാവുങ്ങലിന്റെ ചില മിടുക്കര്‍ ഐ ലീഗിലേക്കും ഐ .എസ് എല്ലിലേക്കും വളര്‍ന്ന് പന്തലിച്ചപ്പോള്‍ ഈ നാടിന്റെ ഫുട്ബാള്‍ പെരുമ മലപ്പുറത്തിനും കേരളത്തിനും പുറത്തുമെത്തി.
ഇന്ത്യന്‍ ഫുട്ബാളിന്റെ ആശയും ആവേശവുമായ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുകളിക്കാന് കാവുങ്ങലിന്റെ പ്രിയതാരം ജിഷ്ണു ബാലകൃഷ്ണന് ഈയിടെയാണ് കരാര്‍ ഒപ്പിട്ടത്.ഇപ്പോഴിതാ കാവുങ്ങലിന്റെ മറ്റൊരു മിടുക്കന് മഷൂര്‍ ഷെരീഫ് ഐ ലീഗില്‍ കളിക്കാന്‍ ചെന്നൈ സിറ്റി എഫ്.സിക്കു വേണ്ടി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നു. ദേശീയ തലത്തില്‍ കാവുങ്ങലിന്റെ യശസ്സ് വാനോളമുയര്‍ത്താന്‍ പോകുന്ന ജിഷ്ണുവിനെയും മഷൂറിനെയുമോര്ത്ത് ഈ നാട് അഭിമാനം കൊള്ളുകയാണിപ്പോള്.
കാവുങ്ങലിന്റെ ഏറ്റവും വലിയ അനുഗ്രഹം പന്തുതട്ടാന്വിശാലമായൊരിടമുണ്ടെന്നതാണ്.പ്രശസ്തമായ കൂട്ടുമണ്ണ ഗ്രൗണ്ട് കാവുങ്ങലിന്റെ വിളിപ്പാടകലെയാണ്. കാവുങ്ങലിന്റെ മുഴുവന്‍ ഫുട്ബാള്‍ പ്രതിഭകളും കൂട്ടുമണ്ണയില് നിന്നാണ് പന്തുതട്ടി തുടങ്ങിയത്. കാവുങ്ങലിന്റെ കാല്പന്തുകളി ചരിത്രത്തില്‍ എടുത്തു പറയേണ്ടതാണ് കാവുങ്ങല്‍ ചാമ്പ്യന്‍ഷിപ്പ് ലീഗ്. കാവുങ്ങല്‍, കാളമ്പാടി പ്രദേശത്തുള്ളവര്‍ പ്രായഭേദമന്യേ നഗ്നപാദരായി കളിക്കുന്ന ടൂര്‍ണമെന്റിന് കാല് നൂറ്റാണ്ടോളം പഴക്കമുണ്ട്.പ്രശസ്തമായ കൂട്ടുമണ്ണ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റ് കാവുങ്ങല്‍, കാളമ്പാടി പ്രദേശത്തുകാരുടെ ആവേശമാണ്. ആ ടൂര്‍ണമെന്റില്‍ കളിച്ചു വളര്‍ന്നവരാണ് പില്കാലത്ത് പ്രശസ്തിയിലേക്കുയര്‍ന്നത്. കാവുങ്ങലിന്റെ പന്തുകളി ചരിത്രത്തിലേക്ക് എത്തിനോട്ടം നടത്തിയാല്‍ സര്‍വ്വം ഫുട്ബാളിന് സമര്‍പ്പിച്ച കഠിനാദ്ധ്വാനികളായ ഒരു പറ്റം ചെറുപ്പക്കാരെ കാണാനാകും. അണ്ടര്‍ 19 ല്‍ കേരളത്തിന്റെ കുപ്പായമിട്ട അല്‍ഫാസ് റിച്ചു, അണ്ടര്‍ 14 നും 19നും സംസ്ഥാനത്തിനു കളിച്ച ശ്രീജിത്ത് ( സന്തോഷ് ട്രോഫി കേരള കോച്ചിംഗ് ക്യാമ്പ് അംഗം 2009), ശ്രീജിത്തിന്റെ സഹോദരന് ശ്രീജേഷ് (എം എസ്.പി സ്കൂള്താരം. കാല് മുട്ടിന് പരിക്കേറ്റതിനാല്‍ പിന്നീട് കളി ഉപേക്ഷിച്ചു), വിപിന്‍ മുരളി, സെവന്‍സില്‍ തിളങ്ങിയ ചോല സഹോദരന്മാരായ ഷാനവാസ് (സൗദി), സാലി മോന്, ഷെഫീഖ് അങ്ങിനെ അനവധി ഫുട്ബാള്‍ പ്രതിഭകളെകൊണ്ട് സമ്പന്നമാണ് കാവുങ്ങലിന്റെ ഇന്നലെകള്‍.
ചെന്നൈ സിറ്റി എഫ്.സിയുടെ ജഴ്സിയണിയാന്‍ പോകുന്ന മഷൂര്ഷെരീഫ് മികച്ച ഫുട്ബാള്‍ പാരമ്പര്യമുള്ള കുടുംബാംഗമാണ്.മഷൂറിന്റെ വല്ല്യുപ്പ (ഉപ്പയുടെ പിതാവ്) തങ്ങളകത്ത് മുഹമ്മദ്, പഴയ പന്തുകളിക്കാരനും മികച്ച ടീം സംഘാടകനുമായിരുന്നു. വല്യൂപ്പയുടെ സഹോദരന് ടി.പോക്കര് (കാളന്തട്ട ) ഒറീസക്കു വേണ്ടി സന്തോഷ് ട്രോഫി കളിച്ച താരമാണ്. മികച്ച ഓട്ടക്കാരന് കൂടിയായതിനാല്‍ ആക്രമണ നിരയിലെ ‘പറക്കും കുതിര ‘എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.പോക്കറിന്റെ ചടുലതയും ഷൂട്ടിംഗ് പാടവവും അകമഴിഞ്ഞ് കിട്ടിയ കളിക്കാരനാണ് മഷൂര്‍ ഷെരീഫ്, ഇരുപത്തിമൂന്നിലെത്തി നില്ക്കുന്ന ഈ മധ്യനിര താരം ഗോള്‍കീപ്പര്‍മാരുടെ കൊടിയ തലവേദനയാണ്. അപ്രതീക്ഷിതമായാണ് മഷൂറിന്റെ ഷോട്ടുകള്‍ ഗോള്‍ വലയെ ഉമ്മ വെക്കാനെത്തുക. മഷൂറിന്റെ ലോംഗ് റൈഞ്ച് ഷോട്ടുകളുടെ പ്രഹര ശേഷി അപാരമാണ്. അതു കൊണ്ടു തന്നെ മഷൂറിന്റെ ഷോട്ടുകളുടെ മുന്നില്‍ പകച്ചു നില്‍ക്കാനേ ഗോള്കീപ്പര്മാര്ക്കാകുകയുള്ളൂ. ചെന്നൈ ലീഗില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനമാണ് മഷൂറിന് ചെന്നൈ സിറ്റി എഫ്.സിയിലേക്ക് വഴി തുറന്നത്.ലീഗിലെ 12 മല്‍സരങ്ങളില്‍ ആറു ഗോള്‍ നേടിയ മഷൂര്‍ നാലു കളികളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അര്‍ഹനായിരുന്നു.
പതിനൊന്നാം വയസ്സില്‍ മലപ്പുറത്തിന്റെ യുവ കോച്ച് സാജറുദ്ദീ (കെ.എസ്.ഇ.ബി മുന്‍ താരം)ന്റെ പരിശീലനത്തിലൂടെയാണ് മഷൂറിന്റെ ഫുട്ബാള്‍ പ്രവേശം. ഹൈസ്കൂള്‍ പഠനം എറണാംകുളം സ്പോര്‍ട്സ് അക്കാദമിയിലായിരുന്നു. മലപ്പുറം എം.എസ്.പിയിലായിരുന്നു പ്ലസ്ടു പഠനം. ആ സമയം എം.എസ്.പി സ്കൂളിനു വേണ്ടി സുബ്രതോ കപ്പില്‍ കളിച്ചു. തുടര്‍ന്ന് എം.ജി, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍ക്ക് കളിച്ചു. കണ്ണൂര്‍ എസ്.എന്‍ കോളേജ് കോച്ച് മുന്‍ ഇന്ത്യന്‍ നായകന് കെ.വി ധനേഷാണ് മഷൂറിനെ പ്രഫഷണല്‍ രംഗത്തെത്തിച്ചത്.ആറു വര്‍ഷത്തിനിടെ ചെന്നൈ ആരോസ്, ഹിന്ദുസ്ഥാന്‍ ഈഗിള്‍സ് ,മുംബൈ എയര്‍ ഇന്ത്യ, കൊല്‍ക്കത്ത പ്രയാഗ് യുനൈറ്റഡ്, എന്നീ ടീമുകളുടെ ജഴ്സിയണിഞ്ഞു.ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ക്ലബ്ബുകള്‍ക്കുവേണ്ടി പന്ത് തട്ടുക എന്നത് ഇരുപത്തിമൂന്നു വയസ്സുകാരനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.ധനേഷിനും സാജറുദ്ദീനും പുറമെ ഗോഡ് ഫ്രി പെരേര, കാബു എന്ന ബിനു ജോര്‍ജ്, ത്യാഗരാജന് എന്നീ പ്രഗത്ഭ കോച്ചുകളുടെ ശിക്ഷണവും മഷൂറിന് ലഭിച്ചു.മഷൂറിന്റെ പിതാവ് ഷെരീഫ് കാവുങ്ങല്‍. മാതാവ് ജാസ്മിന്.സഹോദരങ്ങള്‍:ഫാത്തിമ ഷെരീഫ്, ഷാഹിയ ഷെരീഫ്, ഹംന ഷെരീഫ്.
RECENT NEWS
വത്തിക്കാനിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി തങ്ങൾ
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില്‍ ഒന്നായി ഈ മഹത്തായ സംഗമം. സ്നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന [...]