ഇന്ത്യയുടെ പാരമ്പര്യം തിരിച്ചറിയാത്ത പ്രധാനമന്ത്രിയാണ് മോദി- പികെ കുഞ്ഞാലിക്കുട്ടി എം.പി

ഇന്ത്യയുടെ പാരമ്പര്യം തിരിച്ചറിയാത്ത പ്രധാനമന്ത്രിയാണ് മോദി- പികെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: എല്ലാ ഏകാധിപതികള്‍ക്കും കാലം നല്‍കിയ അനിവാര്യമായ വിധിതന്നെയാണ് നരേന്ദ്രമോദിയെയും കാത്തിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. നജീബിന്റെയും ജുനൈദിന്റെയും രോഹിത് വെമുലയുടെയും മാതാക്കളുടെ കണ്ണീര്‍ ഒരുനാള്‍ പുഴയായി മാറും, ഏകാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങള്‍ അതില്‍ ഒലിച്ചുപോകും. മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആള്‍ക്കൂട്ടത്തിന്റെ അക്രമങ്ങള്‍കൊണ്ടോ ഭൂരിപക്ഷമെന്ന അഹന്തകൊണ്ടോ ഭരണകൂടത്തിന്റെ ഭീകരതകൊണ്ടോ ഒരു ജനതയുടെ ഭാഗധേയം കീഴ്‌മേല്‍ മറിച്ചുകളയാമെന്ന് കരുതുന്നവര്‍ ചരിത്രം പഠിക്കാത്ത മൂഢന്മാരാണ്. അവര്‍ക്ക് കാലംതന്നെയാണ് മറുപടി നല്‍കുക. ചെറിയ അഭിപ്രായവ്യത്യാസങ്ങളെയും കാഴ്ചപ്പാടുകളിലെ വ്യത്യസ്തകളെയും പെരുപ്പിച്ചു കാണിക്കാതെ പൊതുവിപത്തിനെ ചെറുക്കാനായി ഒരുമിച്ച് നില്‍ക്കാന്‍ എല്ലാവരും വിശാലത കാണിക്കണമെന്നും അദ്ദേഹം പറയുന്നു.

ഭരണപരാജയം മറച്ചുവയ്ക്കാന്‍ മോദി ഭരണകൂടം രാജ്യത്ത് വെറുപ്പ് വിതക്കുകയാണ്. മൂന്ന് വര്‍ഷം കൊണ്ട് ദേശസ്‌നേഹത്തിന്റെ പുതിയ ധാരണകള്‍ എഴുതിച്ചേര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പശുവിനെ കാവി ഉടുപ്പിച്ചും ഗോ സംരക്ഷകരുടെ അഴിഞ്ഞാട്ടത്തിന് കൊടിപിടിച്ചും ആള്‍കൂട്ടത്തിന്റെ അക്രമങ്ങള്‍ക്ക് സല്യൂട്ടടിച്ചും ബിജെപി ഇന്ത്യയെ കീറിമുറിച്ചു. ജാതിയും മതവും രാഷ്ട്രീയവും ഭാഷയും മറന്ന് പതിറ്റാണ്ടുകള്‍ ഒന്നിച്ചു നിന്ന ജനകൂട്ടത്തെ ജാതിയും മതവും നിറവും കൊണ്ട് വേലിതീര്‍ത്ത് ഭിന്നിപ്പിക്കുകയാണ് അവര്‍.

രാജ്യം അംബാനിമാരുടെയും അദാനിമാരുടെയും സ്വകര്യ സ്വത്താണെന്ന സ്ഥിതിയാണുള്ളത്. ദരിദ്ര ജനകോടികള്‍ മോദി സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. ഓരോ വര്‍ഷവും മൂന്ന് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ ഉള്ള തൊഴില്‍ കൂടി കളയുന്ന അവസ്ഥായാക്കിയിരിക്കുന്നു. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ പാരമ്പര്യം തിരിച്ചറിയാനാവത്ത പ്രധാനമന്ത്രിയെന്ന രീതിയിലാണ് മറ്റു രാഷ്ട്രങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയെ കാണുന്നത്. ഭരണകൂടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമങ്ങള്‍ രാജ്യത്ത് വ്യാപകമാവുന്നു. കോര്‍പറേറ്റ് മൂലധനം ഉപയോഗിച്ച് ജനാധിപത്യത്തെ വിലക്കെടുക്കുന്ന സമീപനമാണ് ബിജെപിയുടേത്. ഏറ്റവുമൊടുവില്‍ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത് ഇതാണെന്നും ലേഖനത്തില്‍ പറയുന്നു.

Sharing is caring!