ഹിന്ദു-മുസ്ലിം ഐക്യത്തിന് മാതൃക മലപ്പുറം ജില്ല: പി സുരേന്ദ്രന്‍

ഹിന്ദു-മുസ്ലിം ഐക്യത്തിന് മാതൃക മലപ്പുറം ജില്ല:  പി സുരേന്ദ്രന്‍

മഞ്ചേരി: രാജ്യത്ത് വര്‍ഗീയ ധ്രുവീകരണവും മതസ്പര്‍ധയും വളര്‍ന്നു വരുന്ന സാഹചര്യത്തിലും ഹിന്ദു – മുസ്ലിം ഐക്യം ഏറ്റവും കൂടുതല്‍ പ്രകടമാകുന്ന ജില്ലയാണ് മലപ്പുറമെന്ന് എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 24ാംമത് എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി കാലം കാത്തുവെച്ച ഏറനാടന്‍ പെരുമ എന്ന വിഷയത്തില്‍ നടന്ന സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തും വായനയും സാഹിത്യവും കലയും ഈ സൗഹാര്‍ദം എന്നും നിലനിര്‍ത്തി പോരുന്നതിനു ഏറെ പ്രോത്സാഹനമായിട്ടുണ്ട്. ഉറൂബ് അടക്കമുള്ള വലിയ എഴുത്തുകാരുടെ കൃതികളിലെ മതേതരവും മാനവികതയുടെയും അടിസ്ഥാനം മലപ്പുറം പകര്‍ന്നു നല്‍കിയ അനുഭവങ്ങളാണ്. 1921 മലബാര്‍ കലാപ കാലത്ത് പോലും ഹിന്ദുവിനു പരിക്കേല്‍ക്കാതെ സംരക്ഷിച്ചത് മാപ്പിളമാരായിരുന്നു. ഇങ്ങനെയുള്ള മലപ്പുറത്തെ ത്രീവവാദ കേന്ദ്രമാക്കി മുദ്രകുത്താനുള്ള തല്‍പരകക്ഷികളുടെ അജണ്ടകള്‍ സമൂഹം തിരിച്ചറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രഫ.കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് ജില്ലാ സെക്രട്ടറി എ.പി ബഷീര്‍, സബാഹ് പുല്‍പ്പറ്റ, അഡ്വ.ഫിറോസ് ബാബു, ഹസൈന്‍ കരാട്, അഡ്വ.പി.പി സഗീര്‍, അഡ്വ. ടി.പി രാമചന്ദ്രന്‍, ഇ.കെ ചെറി, ബഷീര്‍ കല്ലായി, യൂസുഫ് വല്ലാഞ്ചിറ. അഡ്വ.പി.എം സഫറുള്ള, അഡ്വ. പി.പി രാധാകൃഷ്ണന്‍, അലവി മാരിയാട്, നിവില്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!