പൊന്നാനി ക്രിക്കറ്റ് വാതുവയ്പ്; പണം നല്‍കിയില്ലെങ്കില്‍ സഹോദരിയെ തട്ടിക്കൊണ്ടു പോകുമെന്ന്

പൊന്നാനി: പൊന്നാനി താലൂക്ക് കേന്ദ്രീകരിച്ചു നടക്കുന്ന ക്രിക്കറ്റ് മത്സരത്തിലെ വാതുവയ്പ് സംഘത്തിലെ സുപ്രധാന കണ്ണികള്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി. പൊന്നാനി പുറങ്ങ് സ്വദേശി മൂത്തേടത്ത് തസ്ലീം (21) പുറങ്ങ് വെങ്ങായില്‍ ദില്‍ജിത്ത് (22) എന്നിവരെയാണ് പെരുമ്പടപ്പ് എസ്ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ നടത്തിയ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ അറസ്റ്റ് ചെയ്തത്.
സംഘത്തിലെ മറ്റു നാലു പേര്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം വാതുവയ്പില്‍ കുടുങ്ങിയ പെരുമ്പടപ്പ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.
ജൂണ്‍ മാസത്തില്‍ നടത്തിയ വാതുവയ്പിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ പവന് സ്വര്‍ണം തട്ടിയെടുക്കുകയും വീട്ടില്‍ നിന്നു ബൈക്ക് അപഹരിച്ചു കൊണ്ടു പോകുകയും ചെയ്ത സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നു കടം വീട്ടാന്‍ വൃക്ക വില്ക്കാന് ഒരുങ്ങി നിന്ന യുവാവ്, പോലീസ് പരിശോധനയ്ക്കിടെ യാദൃശ്ചികമായാണ് പെരുമ്പടപ്പ് എസ്ഐയുടെ മുമ്പാകെ പെടുന്നത്.
മാനസികമായി തളര്‍ന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രദേശത്തെ യുവാക്കളുടെ ജീവന് വരെ അപഹരിക്കുന്ന രീതിയിയില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിനു വിവരം ലഭിക്കുന്നത്. യുവാവിന്റെ പരാതിയില്‍ പെരുമ്പടപ്പ് എസ്ഐ വിനോദ് വലിയാട്ടൂര്‍ നടത്തിയ നാടകീയമായ അന്വേഷണത്തിലാണ് പൊന്നാനി കുണ്ടുകടവ് കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ വാതുവയ്പ് സംഘത്തിലെ പ്രധാനികളെ പോലീസ് വലയിലാക്കിയത്.
വാതുവയ്പില്‍ ലക്ഷങ്ങള്‍ കടക്കാരനായ യുവാവ് വീട്ടിലെ സ്വര്‍ണവും പണവും അപഹരിച്ച് സംഘത്തിനു നല്‍കിയെങ്കിലും പിന്നീട് കടം വീട്ടാന്‍ വലിയ രീതിയില്‍ വാതുവയ്പിനു ഇറങ്ങിയതുമാണ് കെണിയായത്. തുക നല്‍കിയില്ലെങ്കില്‍ സഹോദരിയെ തട്ടിക്കൊണ്ടു പോകുമെന്നും വീട് കയറി അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ് കടം വീട്ടാന്‍ വൃക്ക വില്ക്കാന് യുവാവിനെ പ്രേരിപ്പിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ക്രിക്കറ്റ് കളിയില്‍ വാതുവയ്പില്‍ പങ്കെടുത്ത യുവാവ് പണം നല്കാത്തതിനെത്തുടര്ന്നു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുക്കുകയായിരുന്നു.
ഐപിഎല്‍, ചാമ്പ്യന്‍സ് ട്രോഫി അടക്കമുള്ള സീസണ് മല്‍സരങ്ങള്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ വാതുവയ്പാണ് പൊന്നാനി കുണ്ടുകടവ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് പോലീസിനു ലഭിച്ച വിവരം. പ്രദേശത്തെ പല യുവാക്കളും സംഘത്തിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്നും കെണിയില്‍പ്പെട്ട പലരും കടം വീട്ടാന്‍ വീട്ടില്‍ നിന്നു പണവും സ്വര്‍ണങ്ങളും അപഹരിച്ച് പിടിച്ചു നില്‍ക്കുകയാണെന്നുമാണ് വിവരം.
വിദേശത്തു ജോലി ചെയ്യുന്ന നിരവധി യുവാക്കള്‍ സംഘത്തിന്റെ വലയില്‍ കുടുങ്ങി കടക്കെണിമൂലം നാട്ടില്‍ വരാന്‍ കഴിയാതെ നില്ക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. കടക്കെണി മൂലം ശരീരാവയവങ്ങള്‍ വരെ വില്ക്കാന് തയാറായവരും ആത്മഹത്യയുടെ വക്കിലെത്തിയവരും പ്രദേശത്ത് ഇനിയും ഉണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വാതുവയ്പ് സംഘത്തെക്കുറിച്ച് പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘത്തിന്റെ വലയില്പ്പെട്ടു ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ടവര്‍ ഉണ്ടോയെന്നും അവയവ കച്ചവടക്കാരുമായി സംഘത്തിനു ബന്ധമുണ്ടോയെന്നും പോലീസ് നിരീക്ഷിച്ചുവരികയാണ്.
300 രൂപയില്‍ ആരംഭിച്ചു രണ്ടു ലക്ഷം രൂപയ്ക്കാണ് പ്രധാനമായും വാതുവയ്പ്. പിടിയിലായവര്‍ വിദേശത്തുള്ളവരുമായി വാട്സ് ആപ്പിലൂടെ വാതുവയ്പ് നടത്തും. ഓരോ മത്സരം ജയിക്കുമ്പോള്‍ പണം ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ടിലേക്കു അയപ്പിക്കാണ് ചെയ്യുന്നത്.
പിടിയിലായവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റം, കവര്‍ച്ച, സംഘം ചേരല്‍, തട്ടിക്കൊണ്ടുപോകല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
RECENT NEWS

ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ട മധ്യവയസ്കയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
അരീക്കോട്: ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നമ്പർ ശേഖരിച്ച് പരിചയെപ്പെട്ട മധ്യവയസ്കയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പുത്തൻപള്ളി തൈവളപ്പിൽ മുഹമ്ദ് ഷഫീഖ് (45)നെയാണ് [...]